നകുലേട്ടാ, പറഞ്ഞത് എന്റെ മര്യാദ; ഞാനും ജോലി ചെയ്യുന്നു, താങ്കളും ജോലി ചെയ്യുന്നു....; കുറിപ്പ്

സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലെങ്കില്‍ പിന്നെന്ത് സ്വാതന്ത്ര്യം?
സുരേഷ് സി പിള്ള, മണിച്ചിത്രത്താഴിലെ ശോഭനയുടെ കഥാപാത്രം
സുരേഷ് സി പിള്ള, മണിച്ചിത്രത്താഴിലെ ശോഭനയുടെ കഥാപാത്രംഫെയ്സ്ബുക്ക്
Updated on
2 min read

'സന്തോഷം എന്നാല്‍ സ്വാതന്ത്ര്യം ആണ്. സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലെങ്കില്‍ പിന്നെന്ത് സ്വാതന്ത്ര്യം?' രാജ്യാന്തര സന്തോഷ ദിനത്തില്‍ ഇങ്ങനെയൊരു ചോദ്യം ഉന്നയിക്കുകയാണ്, ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ സുരേഷ് സി പിള്ള. സാമ്പത്തിക സ്വാതന്ത്ര്യം ആണ് സ്ത്രീയുടെ ഏറ്റവും വലിയ സുഹൃത്തെന്ന് പറയുന്നു, രസകരമായ ഈ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അദ്ദേഹം. ഇന്റര്‍നാഷണല്‍ ഡേ ഓഫ് ഹാപ്പിനെസ്സില്‍ സുരേഷ് സി പിള്ളയുടെ കുറിപ്പു വായിക്കാം:

"ഗംഗ എവിടെ പോകുന്നു"

"അല്ലിക്ക് ആഭരണം എടുക്കാൻ പോകുന്നു എന്ന് ഞാൻ പറഞ്ഞിരുന്നതാണല്ലോ നകുലേട്ടാ?"

"ഗംഗ ഇപ്പോൾ പോകണ്ട"

"എന്താ പോയാൽ?"

"പോകേണ്ടാ എന്നല്ലേ പറഞ്ഞത്?"

"നീ എങ്കെ എങ്ങും വിടമാട്ടേ......."

സ്വന്തമായി സമ്പാദിച്ചു സാമ്പത്തിക സുരക്ഷിതത്വം ഉള്ള ഗംഗ ആയിരുന്നുവെങ്കിൽ "നകുലേട്ടാ, താങ്കളും ജോലി ചെയ്തു പണം ഉണ്ടാക്കുന്നു, ഞാനും അതെ പോലെ ജോലി ചെയ്തു പണം ഉണ്ടാക്കുന്നു. എന്റെ മര്യാദയ്ക്ക് ഞാൻ പറഞ്ഞു അല്ലിക്ക് ആഭരണം എടുക്കാൻ ഞാനും കൂടെ പോകുന്നു എന്ന്. എന്തായാലും ഞാൻ പോകുന്നു." ചിരിച്ചു കൊണ്ട് അഭിമാനത്തോടെ പറയാം, ഓങ്കാര നടനം ആടേണ്ട ഒരു ആവശ്യവും ഇല്ല. ആണധികാരത്തിന്റെ മീശ പിരിക്കൽ അവിടം കൊണ്ടുതീരും.

വേറൊരു കൂട്ടം നകുലന്മാർ ഉണ്ട് റസ്റ്ററന്റിൽ കയറുമ്പോൾ ഗംഗയ്ക്ക് വില കുറവുള്ള മീൻ കറി ഓർഡർ ചെയ്തിട്ട് കരിമീൻ ഒറ്റയ്ക്ക് അടിക്കുന്നവർ. സ്വന്തമായി സമ്പാദിക്കുന്ന ഗംഗ എങ്കിൽ പറയാം "നകുലൻ, ഞാനും കരിമീൻ ആണ് ഓർഡർ ചെയ്യുന്നത്, രണ്ടെണ്ണം പാഴ്സൽ വാങ്ങി പോകുന്ന വഴിയിൽ എന്റെ അച്ഛനും അമ്മയ്ക്കും കൂടി കൊടുക്കണം, ഇവിടുത്തെ കരിമീനിനു നല്ല ടേസ്റ്റ് ആണ്." നകുലൻ ചേട്ടൻ കേട്ടിരിക്കത്തെ ഉള്ളൂ. എതിര് ഒന്നും പറയില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സുരേഷ് സി പിള്ള, മണിച്ചിത്രത്താഴിലെ ശോഭനയുടെ കഥാപാത്രം
അമ്പമ്പോ! 123 അടി നീളമുള്ള ദോശ; ​ഗിന്നസ് റെക്കോര്‍ഡുമായി മലയാളി ഷെഫ്

ഒരു മുഴം നീട്ടി എറിയുന്ന വേറൊരു നകുലൻ ഉണ്ട് "ഗംഗ കരിമീൻ കഴിക്കൂ, എനിക്ക് കറി മതി, അതാകുമ്പോൾ വില കുറവല്ലേ?" ഒറ്റയ്ക്ക് പോകുമ്പോൾ കരിമീൻ ഫ്രൈ മാത്രം കഴിക്കുകയും, ഭാര്യയും ആയി പോകുമ്പോൾ ഫിഷ് കറി വാങ്ങുന്ന നകുലന്മാർ. പൈസ സൂക്ഷിച്ചും കണ്ടും ഞാൻ ചിലവാക്കുന്ന കണ്ടോ, നീയും അതുപോലെ ചെയ്യണം എന്ന മെസ്സേജ് ആണ് ഈ നകുലൻ കൊടുക്കുന്നത്. ഇതാണ് ഗംഗയ്ക്കുള്ള ഏറ്റവും വലിയ ഇൻസൽട്ട്. സ്വന്തമായി സമ്പാദിക്കുന്ന ഗംഗ എങ്കിൽ നകുലൻ ഒരിക്കലും ഈ സാഹസത്തിന് മുതിരില്ല.

"ഗംഗേ, ആ ജീൻസിന് വില കൂടുതൽ അല്ലെ? എന്തിനാണിപ്പോൾ പുതിയ ഇയർ റിംഗ് വാങ്ങിയത്?" തുടങ്ങിയ ഇറിറ്റേറ്റിങ് ചോദ്യങ്ങൾ നകുലൻ ചോദിക്കുമ്പോളും തല ഉയർത്തി ഗംഗയ്ക്ക് നിൽക്കണം എങ്കിൽ സ്വന്തമായി ജോലി ചെയ്ത് പൈസ ഉണ്ടാക്കണം.

എന്ത് ജോലിയും ആകട്ടെ, സ്വന്തമായി ഉണ്ടാക്കുന്ന പൈസയിൽ ഒരു സ്വാതന്ത്ര്യം ഒളിഞ്ഞു കിടപ്പുണ്ട്. തീരുമാനങ്ങളുടെ സ്വാതന്ത്ര്യം. തല ഉയർത്തി നിൽക്കാനുള്ള സ്വാതന്ത്ര്യം.

പൈസ ചോദിച്ചപ്പോൾ മുഖം കറുപ്പിച്ച അച്ഛനോട് എന്റെ അമ്മ മധുരമായി പകരം വീട്ടിയത് കൂട്ടിവച്ച പൈസ കൊടുത്ത് ഒരു പശുവിനെ വാങ്ങിയാണ്. പാലും മോരും വിറ്റ് അതിൽ നിന്നും കിട്ടുന്ന പൈസ എടുത്താണ് 'അമ്മ അമ്മയുടെ സ്വാതന്ത്ര്യം ആഘോഷിച്ചത്.

ഇനിയും ഒറ്റയ്ക്ക് സമ്പാദിക്കാൻ തുടങ്ങി ഇല്ലെങ്കിൽ അതേക്കുറിച്ച് ആലോചിക്കണം. ഒരു തൊഴിലും മോശം അല്ല, അടുത്തുള്ള കടയിൽ ജോലി ചെയ്യാം, തയ്യൽ കട തുടങ്ങാം, ഓൺലൈൻ ബിസിനസ് ചെയ്യാം, അല്ലെങ്കിൽ എന്റെ അമ്മ ചെയ്ത പോലെ പശു വിനെ വളർത്താം. അതും അല്ലെങ്കിൽ തൊഴിൽ ഉറപ്പിനു പോകാം. ഒരു ജോലിയും മോശം അല്ല, കാരണം സ്വന്തം വീട്ടിലെ സ്വാതന്ത്ര്യം എന്നാൽ അതിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത് സാമ്പത്തിക സ്വാതന്ത്ര്യം ആണ്.

പഠിക്കുന്ന പെൺകുട്ടികൾ ജോലി കിട്ടി സ്വന്തം കാലിൽ നിൽക്കാറായിട്ടേ വിവാഹം കരാറിൽ ഏർപ്പെടാവൂ. വിവാഹ ശേഷം ജോലി ചെയ്തു ജീവിക്കാം എന്ന് ഉറപ്പു തരുന്നവരുടെ കൂടെയേ ജീവിതം തുടങ്ങാവൂ. "ഞാൻ സമ്പാദിക്കുന്നില്ലേ? മോളൂ വീട്ടിൽ ഇരുന്നു കൊള്ളൂ" എന്നൊക്കെ പറയുന്നത് വലിയ ഒരു ട്രാപ്പ് ആണ്. അതിൽ വീഴരുത്. പൈസ സമ്പാദിച്ചാൽ മാത്രം പോരാ, രണ്ടു പേർക്കും ഒരേ പോലെ ചിലവാക്കാനുള്ള അവകാശവും ഉണ്ടാവണം.

ഭർത്താവിന്റെ അക്കൗണ്ടിൽ അല്ല പൈസ ഇടേണ്ടത്. രണ്ടു പേർക്കും തുല്യമായി ചിലവാക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടാവണം. അല്ലെങ്കിൽ തനിയെ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കണം. എന്നാലേ ആത്മാഭിമാനത്തോടെ ജീവിക്കാൻ പറ്റൂ. ആത്മാഭിമാനത്തോടെ ജീവിക്കണം എങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാവണം. അതായിരിക്കണം സ്ത്രീ ശാക്തീകരണം കൊണ്ട് സ്ത്രീകൾ മനസ്സിലാക്കേണ്ടത്.

ഇന്ന് International Day of Happiness ആണ്. സന്തോഷം എന്നാൽ 'സ്വാതന്ത്ര്യം' ആണ്. സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലെങ്കിൽ പിന്നെന്ത് സ്വാതന്ത്ര്യം? പിന്നെന്ത് സന്തോഷം? Economic Freedom: A Woman’s Best Friend എന്ന് കേട്ടിട്ടുണ്ടോ? സാമ്പത്തിക സ്വാതന്ത്ര്യം ആണ് സ്ത്രീയുടെ ഏറ്റവും വലിയ സുഹൃത്ത്. സന്തോഷം Economic Freedom എന്ന ആ സുഹൃത്തിൽ നിന്നാണ് തുടങ്ങേണ്ടത്. സ്വന്തമായി ജോലി ചെയ്തു സമ്പാദിക്കാനുള്ള തീരുമാനം എടുക്കുവാനുള്ള ഏറ്റവും നല്ല ദിവസവും ഇന്നു തന്നെ. അപ്പോൾ എല്ലാവർക്കും International Day of Happiness.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com