

പഴയകാലത്ത് നമ്മുടെ പറമ്പുകളിലുണ്ടായിരുന്ന ചാമ്പകള്‍ പലപ്പോഴും പുളിയും മധുരവും കലര്‍ന്ന രുചികുറഞ്ഞവയായിരുന്നു. അതുകൊണ്ടുതന്നെ പറിച്ചുകഴിക്കുന്നതിനേക്കാള്‍ മരച്ചുവട്ടില്‍ വീണ് നശിച്ചുപോകാനായിരുന്നു അവയുടെ വിധി. എന്നാല്‍ ഇന്ന് ആ കാഴ്ച മാറിമറിഞ്ഞിരിക്കുന്നു. തായ്ലാന്‍ഡ്, ഇന്തൊനീഷ്യ, മലേഷ്യ, വിയറ്റ്‌നാം തുടങ്ങിയ വിദേശ രാജ്യങ്ങളില്‍നിന്നുള്ള പുത്തന്‍ ചാമ്പയിനങ്ങള്‍ കേരളത്തിലെ മണ്ണിലും സജീവമായി ഇടംപിടിച്ചിട്ടുണ്ട്. ആപ്പിളിനെ വെല്ലുന്ന മധുരവും നല്ല ക്രിസ്പിനെസ്സുമുള്ള (കടിച്ചു തിന്നാന്‍ പാകത്തിലുള്ള) ഹൈബ്രിഡ്/ വിദേശ ചാമ്പ ഇനങ്ങള്‍ ഇന്ന് കര്‍ഷകര്‍ക്കിടയിലും ഗാര്‍ഡന്‍ പ്രേമികള്‍ക്കിടയിലും ഒരുപോലെ പ്രിയപ്പെട്ടതാണ്.
നൂറുകണക്കിന് ചാമ്പ ഇനങ്ങളുണ്ടെങ്കിലും നമ്മുടെ കാലാവസ്ഥയില്‍ നന്നായി വളരുകയും അതിമധുരം തരുകയും ചെയ്യുന്ന ചില പ്രധാന ഇനങ്ങള്‍ താഴെ പറയുന്നവയാണ്.
ബാലി ചാമ്പ: ഇന്‍ഡൊനീഷ്യന്‍ സ്വദേശിയായ ഈ ഇനം രുചിയില്‍ വളരെ കേമനാണ്. ചുവപ്പു നിറമുള്ള, കുരുവില്ലാത്ത ഈ ചാമ്പയ്ക്ക് ശരാശരി 100 ഗ്രാം തൂക്കം വരും.
റെഡ് തായ്വാന്‍ / കിങ് കോങ്): 'ബെല്‍' ആകൃതിയിലുള്ള ഈ ചാമ്പയ്ക്ക് മാംഗോസ്റ്റിന്റേതു പോലുള്ള വലിയ ഇലകളാണുള്ളത്. മറ്റു ചാമ്പകളെ അപേക്ഷിച്ച് ഇതില്‍ പുഴുശല്യം വളരെ കുറവാണ്. ചുവപ്പു നിറമുള്ള ഒരു കുലയില്‍ 15-ലധികം പഴങ്ങള്‍ വരെ ഉണ്ടാകും. ധാരാളമായി കായ്ക്കുന്ന ഒരു ഇനമാണിത്.
തായ്ലാന്‍ഡ് റെഡ് / ഹൈറേഞ്ച് ഫ്‌ലോറ: വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണിത്. നല്ല ചുവപ്പുനിറവും കുരുവില്ലാത്തതുമായ ഈ ചാമ്പയ്ക്ക് ശരാശരി 120 ഗ്രാം ഭാരമുണ്ടാകും.
ദെല്‍ഹേരി: അടുത്തകാലത്ത് കേരളത്തില്‍ ഏറെ പ്രചാരം നേടിയ തായ്ലാന്‍ഡ് ഇനമാണിത്. മറ്റു ചാമ്പകളില്‍ നിന്ന് വ്യത്യസ്തമായി ഇതിന്റെ ഇലകള്‍ നീണ്ടതും കട്ടി കുറഞ്ഞതുമാണ്. ദെല്‍ഹേരി പാകമാകാന്‍ മറ്റു ചാമ്പകളെക്കാള്‍ അല്പംകൂടി സമയം വേണം (പൂവിട്ട് 55-60 ദിവസം). പഴത്തിന്റെ പുറംഭാഗം ചുവപ്പായാലും മുഴുവന്‍ ഇരുണ്ട ചുവപ്പ് (ഡാര്‍ക്ക് റെഡ്) നിറമാകുമ്പോഴാണ് പൂര്‍ണമായി പാകമാകുന്നത്. ഉള്ളില്‍ ചെറിയ ചുവപ്പ് ഷെയ്ഡും കാണാം.
പച്ച ചാമ്പ ഇനങ്ങള്‍: പച്ചച്ചാമ്പകളില്‍ പലതുണ്ടെങ്കിലും മധുരമുള്ളവ തിരഞ്ഞെടുക്കണം. തായ്ലാന്‍ഡില്‍ നിന്നുള്ള കരിമ്പിന്റെ രുചിയുള്ള പച്ചച്ചാമ്പ (ഷുഗര്‍കെയ്ന്‍ ചാമ്പ) ഏറെ പ്രശസ്തമാണ്. കൂടാതെ ഇന്തൊനീഷ്യയില്‍ നിന്നുള്ള 'മധുബെല്ലി' പോലുള്ള ഇനങ്ങളും മികച്ചതാണ്.
നടീല്‍ കഴിഞ്ഞ് ഒന്നര വര്‍ഷം കൊണ്ട് തന്നെ ഈ ഹൈബ്രിഡ് ചാമ്പകള്‍ കായ്ഫലം തന്നുതുടങ്ങും. വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ ഇവയില്‍ കായ്കള്‍ ഉണ്ടാകാറുണ്ട്. ദെല്‍ഹേരി ഒഴികെയുള്ള മിക്ക വിദേശയിനങ്ങളും പൂവിട്ട് 40-45 ദിവസത്തിനുള്ളില്‍ പാകമായി വരുന്നു. മഴക്കാലത്ത് ചാമ്പപ്പഴങ്ങള്‍ക്ക് മധുരം അല്പം കുറയാന്‍ സാധ്യതയുണ്ട്. എന്നാല്‍ വേനല്‍ക്കാലത്ത് ഇവ അതിമധുരം തരും.
മാതൃവൃക്ഷങ്ങളുടെ ഗുണനിലവാരം മനസ്സിലാക്കി വിശ്വസ്തരായ നഴ്‌സറികളില്‍ നിന്നോ കര്‍ഷകരില്‍ നിന്നോ ലേയറിങ് (പതിവെച്ച) വഴി തയ്യാറാക്കിയ നല്ല ഇനം തൈകള്‍ വാങ്ങി നടാന്‍ ശ്രദ്ധിക്കുക. കേരളത്തിലെ കാലാവസ്ഥ ചാമ്പ കൃഷിക്ക് വളരെ അനുയോജ്യമാണ്. നല്ല നീര്‍വാര്‍ച്ചയുള്ളതും വളക്കൂറുള്ളതുമായ മണ്ണില്‍ ഇവ നന്നായി വളരുന്നു. വേനല്‍ക്കാലത്ത് നനച്ചു കൊടുത്താല്‍ കായ്കളുടെ വലുപ്പവും മധുരവും വര്‍ധിക്കും. ജൈവവളങ്ങളും കൃത്യമായ ഇടവേളകളില്‍ നല്‍കുന്നത് മരത്തിന്റെ ആരോഗ്യത്തിനും നല്ല വിളവിനും സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates