നേരമ്പോക്കിനായി നാം സാമൂഹിക മാധ്യമങ്ങളിൽ നിരവധി ചാലഞ്ചുകളിൽ പങ്കെടുക്കാറുണ്ട്. ചിരി ചാലഞ്ചും കപ്പിൾ ചാലഞ്ചുമൊക്കെ അത്തരത്തിൽ നിരവധിയെണ്ണമുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വേറിട്ട് ഒരു ചാലഞ്ച് ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. നിശബ്ദ വിപ്ലവം തീർത്ത് മുന്നേറുകയാണ് ഇപ്പോൾ ഈ ചാലഞ്ച്.
‘ഇന്ത്യൻ സൈൻ ലാംഗ്വേജ് ചാലഞ്ച്’ എന്ന പേരിൽ നമ്മുടെ സമൂഹത്തിലെ കേൾവിത്തകരാറുള്ളവരെക്കൂടി മുഖ്യധാരയിലേക്കെത്തിക്കാനുള്ള ശ്രമമാണിത്. നമ്മുടെ ഭാഷ അവർ ബുദ്ധിമുട്ടി പഠിക്കുന്നതിനേക്കാൾ എളുപ്പം അവരുടെ ഭാഷ നാം പഠിക്കുക എന്ന ലക്ഷ്യമാണ് ഈ ചാലഞ്ചിന് പിന്നിൽ. ആംഗ്യഭാഷ പഠിച്ചെടുക്കാനുള്ള ഒരു അവയർനെസ്സ് കൂടിയാണ് ‘ഇന്ത്യൻ സൈൻ ലാംഗ്വേജ് ചാലഞ്ച്’.
നവംബർ ഒന്ന് മുതൽ ആരംഭിച്ച ചാലഞ്ചിൽ നിരവധി പേർ ഇപ്പോൾ തന്നെ പങ്കെടുത്തു കഴിഞ്ഞു. ആയിരക്കണക്കിനാളുകൾ ഈ ചാലഞ്ചിലും പങ്കെടുക്കുന്നു എന്നുള്ളത് പ്രതീക്ഷയ്ക്ക് വകയൊരുക്കുന്നുണ്ട്. ‘ഡ്രീം ഓഫ് അസ്’ എന്ന ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘടനയും അവർ ഒരുക്കിയ സമാസമം എന്ന വാട്സ്ആപ്പ് ഗ്രൂപ്പും വഴിയാണ് ചാലഞ്ചിനു വേണ്ട സൗജന്യ വർക്ക്ഷോപ്പ് നടത്തുന്നത്.
കോഴിക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡ്രീം ഓഫ് അസ്സും സമാസമം എന്ന വാട്സ് അപ് കൂട്ടായ്മയും ചേർന്ന് നടത്തുന്നതാണ് ഇന്ത്യൻ സൈൻ ലാംഗ്വേജ് ചാലഞ്ച്. ഭാഷയുടെ പ്രശ്നം കാരണം സമൂഹത്തോട് മിണ്ടാനും ഇടപഴകാനും മടിച്ചു നിൽക്കുന്ന ഡെഫ് കമ്മ്യൂണിറ്റിയിലെ ആളുകളെ കൂടി ചേർത്ത് പിടിച്ച് ഇന്ന് നിലനിൽക്കുന്ന തടസങ്ങൾ മറികടക്കുക എന്നതാണ് ഡ്രീം ഓഫ് അസ് അടക്കമുള്ള കൂട്ടായ്മ ലക്ഷ്യമിടുന്നത്.
നവംബർ ഒന്ന് മുതൽ നവംബർ 30 വരെയാണ് ക്യാംപെയ്ൻ. ഡ്രീം ഓഫ് അസ്സിന്റെ വെബ്സൈറ്റിലൂടെയും സമാസമത്തിന്റെ വാട്സ്ആപ്പ് ലിങ്കിലൂടെയും ഇതിൽ പങ്കാളികളാകാം. സന്ദേശം പഠിച്ച ശേഷം സോഷ്യൽ മീഡിയയിൽ അത് പോസ്റ്റ് ചെയ്ത് ചാലഞ്ചിൽ പങ്കെടുക്കാം. വർക്‌ഷോപ്പിൽ പങ്കാളികളാകാതെയും വീഡിയോ ഇടാം. പക്ഷേ, ശ്രദ്ധിച്ചു നോക്കി പഠിച്ച് തെറ്റില്ലാതെ വീഡിയോ ഇടാൻ ശ്രമിക്കണം. ആംഗ്യഭാഷ മറ്റേതൊരു ഭാഷ പോലെയും സിംമ്പിളും കോംപ്ലിക്കേറ്റഡുമാണ്. അതിലും പ്രേദേശിക വ്യത്യാസങ്ങളും അതിനനുസരിച്ച് ഓരേ ചിഹ്നത്തിന് അർത്ഥ വ്യത്യാസങ്ങളും വരാം.
വീഡിയോ കോൾ സൗകര്യം ഉപയോഗിച്ചാണ് വർക്‌ഷോപ്പ്. നമ്മൾ കാണിക്കുന്ന ചിഹ്നങ്ങൾ കാണുകയും നിങ്ങൾ അത് ചെയ്യുന്നത് ശരിയായിട്ടാണോ എന്നും നോക്കാൻ പാകത്തിലുള്ള വെളിച്ചമുള്ളൊരിടവും അത്യാവശ്യം നല്ലൊരു ഇന്റർനെറ്റ് കണക്‌ഷനും നിർബന്ധമാണ്. വേറെ പ്രത്യേകിച്ച് മാനദണ്ഡങ്ങളൊന്നുമില്ല. കംമ്പ്യൂട്ടറിലൂടെയോ ഫോണിലൂടേയോ ഒക്കെ പങ്കടുക്കാം. കാണിച്ചു തരുന്ന കൈയുടെയും മുഖത്തിന്റെയും ഒക്കെ ചലനങ്ങൾ ചെയ്തു പഠിച്ചാൽ മാത്രമേ ഇത് കൃത്യമായി ഫലം ചെയ്യൂ.
വർക്‌ഷോപ്പിൽ പങ്കെടുക്കുന്നതിന്റെ ഒരു ഗുണം. ഇനി കേൾവിത്തകറാറുള്ളൊരാളെ കാണുമ്പോൾ അത്യാവശ്യം അവരോട് സംസാരിക്കാനുള്ളൊരു ആത്മവിശ്വാസമെങ്കിലും ഉണ്ടാകും എന്നാണ്. ഒരു അഡ്രസ്സ് ചോദിച്ചാലോ ഒരു ബസ് സ്‌റ്റോപ് ചോദിച്ചാലോ ഒക്കെ പറഞ്ഞു കൊടുക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates