സിഡ്നി: അടുക്കളയുടെ മൂലയിൽ ചുരുണ്ടുകൂടി കിടക്കുന്ന 'പെരുമ്പാമ്പി'നെ കണ്ട് വീട്ടുകാർ ഞെട്ടി. രാത്രി ഏറെ വൈകിയപ്പോഴാണ് അടുക്കളയുടെ മൂലയ്ക്ക് പാമ്പിനെ കണ്ടത്. ഇതോടെ വീട്ടുകാർ പാമ്പുപിടിത്തക്കാരെ വിളിച്ചറിയിക്കുകയും ചെയ്തു. ഒടുവിൽ പാമ്പ് പിടിത്തക്കാർ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് തങ്ങൾക്ക് പറ്റിയ അബദ്ധം വീട്ടുകാർക്ക് മനസിലായത്. അത് പെരുമ്പാമ്പ് ആയിരുന്നില്ല. സംഭവം ഒരു വമ്പൻ കൂൺ പൊട്ടിമുളച്ചതായിരുന്നു.
ഒറ്റ നോട്ടത്തിൽ കാർപെറ്റ് പൈതൺ ഇനത്തിൽപ്പെട്ട പാമ്പാണെന്നേ കൂൺ കണ്ടാൽ തോന്നുകയുള്ളൂ. ഇത് കണ്ടമാത്രയിൽ ഭയന്നുപോയ കുടുംബം രണ്ടാമതൊന്ന് പരിശോധിക്കാൻ മുതിരാതെ പാമ്പുപിടുത്തക്കാരെ വിളിച്ചുവരുത്തുകയായിരുന്നു. പ്രദേശത്ത് അടുത്തിടെ നല്ല മഴ ലഭിച്ചിരുന്നു. അതേത്തുടർന്ന് പൊട്ടിമുളച്ച കൂണാണ് വീട്ടുകാരെ വെട്ടിലാക്കിയത്.
ദൂരെ നിന്നു ഒറ്റനോട്ടത്തിൽ പെരുമ്പാമ്പ് ആണെന്നു തോന്നുന്ന തരത്തിലാണ് കൂണിന്റെ രൂപമെന്ന് പാമ്പിനെ പിടിക്കാനെത്തിയവർ വ്യക്തമാക്കി. ഇത് തങ്ങൾക്ക് പുതിയൊരു അനുഭവം അല്ലെന്നും അവർ കൂട്ടിച്ചേർത്തു. ബെൽറ്റും റബർ പാമ്പുകളും ഇലകളുമൊക്കെ കണ്ട് പാമ്പാണെന്ന് തെറ്റിദ്ധരിച്ച് ആളുകൾ വിളിക്കുന്നത് സ്ഥിരം സംഭവമാണ്.
എന്തായാലും വീട്ടുകാരെ പേടിപ്പിച്ച കൂണിന്റെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇളം തവിട്ടും കറുപ്പും നിറങ്ങൾ ഇടകലർന്ന് ചെറിയ വരകളോടു കൂടിയ കൂൺ ഒറ്റനോട്ടത്തിൽ കണ്ടാൽ ആരും ഭയന്നു പോകുമെന്നാണ് ഈ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങൾ. ബ്രിസ്ബെയ്ൻ മേഖലയിൽ ഏറ്റവുമധികം കണ്ടുവരുന്ന കാർപെറ്റ് പൈതൺ ഇനത്തിൽപ്പെട്ട പാമ്പുകൾക്കും ഏതാണ്ട് ഇതേ നിറം തന്നെയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates