

മലേഷ്യയിൽ നിന്നുള്ള ഒരു മരണ വാർത്തയാണ് പഫർ ഫിഷിനെ വീണ്ടും വാർത്തകളിൽ നിറച്ചത്. ഉഗ്രവിഷമുള്ള മത്സ്യത്തെ പാചകം ചെയ്തു കഴിച്ച വൃദ്ധയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുമാണ്. ഇതിനുപിന്നാലെ ഈ ഉഗ്രവിഷമുള്ള മീനിനെയും ഇതിന്റെ പാചകരീതിയുമെല്ലാം അന്വേഷിക്കുകയാണ് ആളുകൾ. പല രാജ്യങ്ങളും പഫർ ഫിഷിനെ വിൽക്കുന്നതും പാചകം ചെയ്യുന്നതുമെല്ലാം നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ചിലയിടത്ത് ഇവയെ കഴിക്കുന്നവരുണ്ട്.
എന്താണ് പഫർ ഫിഷ്?
കാഴ്ച്ചയിൽ ഒരു കുഞ്ഞൻ മീനാണെങ്കിലും 30 മനുഷ്യരെ വരെ കൊല്ലാനുള്ള വിഷമുണ്ട് ഈ കുഞ്ഞൻ ശരീരത്തിൽ. ചെറിയ ശരീരം വീർപ്പിച്ചെടുക്കാനുള്ള കഴിവുമുണ്ട് ഇവയ്ക്ക്. ശത്രുവിൽ നിന്ന രക്ഷപെടാൻ ഇലാസ്റ്റിക് പോലെ വലിയാനുള്ള കഴിവാണ് സഹായിക്കുന്നത്. നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും വിഷമുള്ളവയുടെ കൂട്ടത്തിലാണ് പഫർ ഫിഷ്. ടെട്രാഡോടോക്സിൻ എന്ന വിഷം പഫർ ഫിഷിന്റെ ശരീരത്തിലുണ്ട്. ഇതുപയോഗിച്ച് സ്രാവുകൾ ഒഴികെ ഏത് ശത്രുവിനെയും നിഷ്പ്രയാസം കൊല്ലാൻ ഇവയ്ക്ക് കഴിയും.
എന്നിട്ടും ചിലർ കഴിക്കും, എങ്ങനെ?
പഫർ ഫിഷിൻ്റെ ശരീരത്തിലുള്ള ടെട്രോടോടോക്സിൻ, സാക്സിടോക്സിൻ എന്നീ വിഷങ്ങൾക്ക് സയനൈഡിനെക്കാൾ ശക്തിയുണ്ട്. പാചകം ചെയ്താലോ ഫ്രീസറിൽ വെച്ചു തണുപ്പിച്ചാലോ ഒന്നും ഇവയുടെ വിഷം നിർവീര്യമാകില്ല. എന്നിട്ടും ജപ്പാൻ അടക്കമുള്ള രാജ്യങ്ങളിൽ ആളുകൾ പഫർ ഫിഷിനെ കഴിക്കും. പ്രത്യേക പരിശീലനം നേടി ലൈസൻസ് ലഭിച്ചവർക്ക് മാത്രമേ ഇവയെ പാചകം ചെയ്യാൻ അനുവാദമുള്ളൂ. വിഷമുള്ള ഭാഗങ്ങൾ മാംസത്തിൽ കലരാതെ ശ്രദ്ധയോടെ മുറിച്ചു മാറ്റി വേണം മീൻ തയ്യാറാക്കാൻ.
ഈ മീനിന് ചെതുമ്പൽ ഇല്ല, ഇവയുടെ തൊലിയാണ് ആദ്യം കളയുന്നത്. വായുടെ ഭാഗം മുറിച്ച് തൊലി പൊളിച്ചെടുക്കും. ഉപ്പ ഉപയോഗിച്ച് നന്നായി കഴുകിയ ശേഷം കണ്ണുകൾ കളയും. മൂർച്ചയേറിയ കത്തി ഉപയോഗിച്ച് മീനിന്റെ അണ്ഡാശയമോ കരളോ പൊട്ടാതെ ഇവയെ മുറിക്കണം. അല്ലാത്തപക്ഷം വിഷം പടർന്ന് ഇവ ഭക്ഷയോഗ്യമല്ലാതാകും. സാഷിമി മുറിക്കുന്നതുപോലെ എല്ലിന് നേരെ മുറിച്ചുവേണം മാംസക്കഷ്ണം എടുക്കാൻ. മീനിന്റെ തല രണ്ടോ മൂന്നോ കഷ്ണങ്ങളാക്കി സ്റ്റൂ തയ്യാറാക്കാനും ഉപയോഗിക്കാം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates