

വിവാഹത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ഒരു സമൂഹമാണ് നമ്മുടേത്. എന്നാൽ വിവാഹമോചനങ്ങളും അടുത്തിടെയായി വലിയ തോതിൽ വർധിച്ചുവരുന്നു. രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധവും വ്യക്തികൾ തമ്മിലുള്ള വിശ്വാസവുമാണ് ഓരോ വിവാഹബന്ധവും.
സന്തോഷകരമല്ലാത്ത എല്ലാ വിവാഹബന്ധങ്ങളും വിവാഹമോചനത്തിൽ അവസാനിക്കാറില്ല, എന്നാൽ വ്യക്തികൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വലിയ ബുദ്ധിമുട്ട് നേരിടാറുണ്ട്. ചെറിയ പ്രായത്തില്‍ വിവാഹം ചെയ്യുന്നവർ പിന്നീട് രണ്ട് വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ ഈ ദമ്പതികൾ തമ്മിൽ ചേർച്ചയുള്ള സാഹചര്യങ്ങൾ കണ്ടെത്തുക എന്നുള്ളതാണ് ബന്ധം നിലനിർത്താൻ ഏറ്റവും പ്രധാനമായും ചെയ്യേണ്ടത്.
വ്യക്തികൾ തമ്മിലുണ്ടാകുന്ന ചെറിയ ഭിന്നതകൾ പോലും വലിയ പൊട്ടിത്തെറിയിലേക്ക് നയിക്കും. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ചെറിയ ചില കാര്യങ്ങൾ ദൈനംദിന ജീവിതത്തിൽ ശ്രദ്ധിച്ചാൽ മതി.
1. സ്വയം സന്തോഷം തോന്നുന്ന ഹോബികളെ പൊടിതട്ടിയെടുക്കുക
ജീവിത്തില്‍ ചില സാഹചര്യങ്ങള്‍ കൊണ്ടോ സമയമില്ലായ്മ കൊണ്ടോ മാറ്റിവെക്കേണ്ടതായി വന്നിട്ടുള്ള ചില ഇഷ്ടപ്പെട്ട ഹോബികള്‍ നമ്മള്‍ ഓരോരുത്തര്‍ക്കും ഉണ്ടാകും. ഇത്തരം വിനോദ പ്രവർത്തനങ്ങളെ വീണ്ടും പൊടി തട്ടിയെടുക്കുന്നതിലൂടെ തിരിച്ചു കിട്ടുന്ന സന്തോഷങ്ങൾ സമ്മർദ്ദങ്ങൾ ഒഴിവാക്കി മാനസിക സന്തോഷം വീണ്ടെടുക്കുവാൻ സഹായിക്കുന്നു. പ്രശ്നങ്ങളിൽ നിന്നും മറ്റെന്തെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാനും, പുതിയ എന്തെങ്കിലും പഠിക്കാനും, സമ്മർദ്ദത്തിൽ നിന്ന് അൽപ്പം മോചനം നേടാനും ഈ ചെറിയ ഹോബികൾ നിങ്ങളെ സഹായിക്കും.
2. വ്യായാമങ്ങളും ധ്യാനങ്ങളും ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുക
ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തിനും വ്യക്തിത്വ വികസനത്തിനും വ്യായാമം ചെയ്യുന്നത് സഹായിക്കുന്നു. ധ്യാനിക്കുന്നതിലൂടെ മനസ്സിന്റെ ഏകാഗ്രത തിരികെ ലഭിക്കുന്നു. ദാമ്പത്യ ജീവിതത്തിലുണ്ടാകുന്ന ചില പ്രശ്നങ്ങൾ നേരിടാനും അതിനുള്ള പരിഹാരത്തിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്താനും ഇത്തരത്തിൽ ധ്യാനങ്ങൾ സഹായിക്കുന്നു.
3. ജീവിതത്തിനോട് എപ്പോഴും നന്ദി പ്രകടിപ്പിക്കു
ആളുകളുടെ ഒരു പൊതു സ്വഭാവമാണ് ഉള്ളതിനേക്കാൾ ഇല്ലാത്തതിനെ കുറിച്ച് ആകുലരാകുക എന്നത്. മനുഷ്യന്‍ പപ്പോഴും കയ്യിലുള്ള നല്ല കാര്യങ്ങളെ  മറക്കുന്നു. ജീവിതത്തിൽ ഉള്ളതിനോട് ഏപ്പോഴും നന്ദിപ്രകടിപ്പിക്കുന്നതിലൂടെ മാനസികമായ സന്തോഷം ലഭ്യമാകും. ജീവിത പങ്കാളിയുടെ ചില നല്ല വശങ്ങളിൽ നന്ദിയുള്ളവരായിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുക. ജീവിത പങ്കാളികള്‍ ഒരു മികച്ച രക്ഷിതാവായിരിക്കാം, വീട് പരിപാലിക്കാം, അതിനെയെല്ലാം പരിഗണിച്ച് കുറവുകളെ മാത്രം ചൂണ്ടിക്കാണിക്കാതിരിക്കുക.
4. ഒരേ കാര്യത്തിലുള്ള നിരന്തരമുള്ള വഴക്ക്
ഒരു പ്രത്യേക കാര്യത്തെക്കുറിച്ച് നിങ്ങളുടെ പങ്കാളിയുമായി നിരന്തരം വഴക്കിടുന്നത് ദാമ്പത്യ ജീവിതത്തെ മോശമായ രീതിയിൽ ബാധിക്കുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ വിലപ്പെട്ട വൈകാരിക ഊർജ്ജവും സന്തോഷവും ചോർന്നു പോവുക മാത്രമാണ് ചെയ്യുന്നത്.
5. ഇടക്കിടയ്ക്ക് വീട്ടിൽ നിന്നും ചെറിയ ഇടവേളകൾ എടുക്കുക
നിങ്ങളുടെ ദാമ്പത്യത്തിൽ നിലവിൽ നേരിടുന്ന സംഘർഷത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ട് വീട്ടിൽ തന്നെ ഇരിക്കാതിരിക്കാൻ ശ്രമിക്കുക. അത് ദേഷ്യവും സങ്കടവും വർദ്ധിപ്പിക്കുവാൻ കാരണമാകുന്നു. ഇത് കൂടുതൽ അനാവശ്യമായ വാദപ്രതിവാദങ്ങൾക്ക് കാരണമാകും. അതിനാൽ ഇടയ്ക്ക് പുറത്ത് നടക്കാൻ പോകുന്നതിലൂടേയും, പുതിയൊരു ജോലിയിൽ പ്രവേശിക്കുന്നതിലൂടേയും, ചെറിയ യാത്രകൾ ചെയ്യുന്നതിലൂടേയും ഇവ പരിഹരിക്കാൻ സാധിക്കുന്നു.
6. സോഷ്യൽ ലൈഫ് മെച്ചപ്പെടുത്തുക
വിവാഹം, ജോലി, കുട്ടികൾ, ജീവിതത്തിലെ പൊതുവായ ഉത്തരവാദിത്വം എന്നിവയുമായി ബന്ധപ്പെട്ട് ധാരാളം കാര്യങ്ങൾ നടക്കുമ്പോൾ ജീവിതം തിരക്കേറിയതായി മാറുന്നു. പൊതുവെ പലരും ചെയ്യുന്ന ഒരു തെറ്റ്, അവരുടെ സാമൂഹിക ജീവിതം കേടുകൂടാതെ നിലനിർത്താൻ അവർ മുൻഗണന നൽകുന്നില്ല എന്നതാണ്. പങ്കാളികൾക്ക് ഒരിക്കലും മറ്റ് സാമൂഹിക ബന്ധങ്ങൾക്ക് പകരക്കാരനാകാനാകില്ല. ആളുകൾ സാമൂഹിക ജീവികളാണ്. അവർക്ക് സുഹൃത്തുക്കളെയും ഇടപഴകാൻ ആളുകളെയും ആവശ്യമാണ്. വിവാഹത്തിന് ശേഷമുള്ള സോഷ്യൽ ലൈഫ് മാറ്റിവെക്കുന്നത് ദാമ്പത്യത്തിൽ ഏകാന്തത അനുഭവപ്പെടാൻ കാരണമാകുന്നു.
7. വിവാഹ ജീവിതത്തിൽ അമിത പ്രതീക്ഷ നിരാശ ഉണ്ടാക്കാം
വിവാഹ ജീവിതത്തെ കുറിച്ചുള്ള അമിത പ്രതീക്ഷ എപ്പോഴും നിരാശ ഉണ്ടാക്കാൻ കാരണമാകാറുണ്ട്. ഇത് പല തരത്തിലുള്ള പ്രശന്ങ്ങൾക്കും വാഗ്വാദങ്ങളിലേക്കും നയിക്കും.
വിവാഹം എന്നത് നിങ്ങളുടെ മനസ്സിന്റെയും വികാരങ്ങളുടെയും വലിയൊരു ഭാഗം ഉൾക്കൊള്ളുന്ന ഒരു വലിയ പ്രതിബദ്ധതയാണ്. പ്രതിസന്ധി നിറഞ്ഞ സമയങ്ങളിലൂടെ കടന്നുപോകുമ്പോൾ, കുറച്ച് സന്തോഷവും മനസ്സമാധാനവും നിലനിർത്താൻ നിങ്ങൾക്ക് കഴിയണം. ചില സാഹചര്യങ്ങളിൽ, വിവാഹ ജീവിത പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ, അത്തരം സമയങ്ങളിൽ വിദഗ്ധരുടെ സഹായം തേടുന്നത് ഉചിതമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
