അനുഭവപരിചയവും വൈദഗ്ധ്യവും ഉണ്ടായിരുന്നിട്ടും, 2020 ൽ യു കെയിലേക്ക് താമസം മാറിയപ്പോൾ പ്രബിൻ ബേബി ആ സംവിധാനവുമായി പൊരുത്തപ്പെടാൻ ഏറെ ബുദ്ധിമുട്ടി. ഈ ബുദ്ധിമുട്ടുകൾ മറികടന്ന പ്രബിൻ ബേബി, തനിക്ക് പിന്നാലെ നഴ്സിങ് മേഖലയിലേക്ക് എത്തിയവരെ സഹായിക്കാനും പിന്തുണയ്ക്കാനും ശ്രമമാരംഭിച്ചു. അഞ്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ അവരുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരമെത്തിയത് യു കെ രാജകൊട്ടാരത്തിൽ നിന്ന്. ബക്കിംഗ്ഹാം കൊട്ടാരത്തിൽ ചാൾസ് രാജാവ് നടത്തുന്ന ഗാർഡൻ പാർട്ടിലേക്കുള്ള ക്ഷണമായാണ് ആ അംഗീകാരമെത്തിയത്.
കേരളത്തിലും ബെംഗളൂരുവിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, തിരുവല്ല സ്വദേശിനിയായ പ്രബിൻ, മലേഷ്യയിലും ഇന്ത്യയിലും നഴ്‌സായും നഴ്‌സിങ് പരിശീലകയായും ജോലി ചെയ്തു. പകർച്ചവ്യാധിയുടെ കൊടുമുടിയിൽ എത്തിയ സമയത്താണ് അവർ യുകെയിലേക്ക് രജിസ്ട്രേഡ് നഴ്‌സായി എത്തിയത്. ഹെർട്ട്‌ഫോർഡ്‌ഷയറിലെ സ്റ്റീവനേജിലുള്ള ലിസ്റ്റർ ഹോസ്പിറ്റലിൽ ചേർന്നു. പിന്നീട് അവർക്ക് വിദ്യാഭ്യാസ, കോർപ്പറേറ്റ് ജോലികളിലേക്ക് മാറി.
"ഈസ്റ്റ് ആൻഡ് നോർത്ത് ഹെർട്ട്ഫോർഡ്ഷയർ എൻഎച്ച്എസ് ട്രസ്റ്റിന്റെ സഹായത്തോടെ, മലയാളി നഴ്‌സുമാരുടെ ക്ഷേമത്തിനായി ഞാൻ പ്രവർത്തിച്ചു, അവരെ പ്രൊഫഷണൽ രീതിയിലും സാംസ്കാരികമായും നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) പ്രവർത്തനങ്ങളോട് ഇഴുകിച്ചേരാനുള്ള പ്രവർത്തനങ്ങളിൽ സഹായിച്ചു." നഴ്സിങ് സമൂഹങ്ങൾക്കിടയിൽ നെറ്റ്‌വർക്ക് ചെയ്യാനും നേതൃത്വ വികസനത്തിലും അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ ജീവനക്കാരെ പിന്തുണയ്ക്കുന്നതിലും എന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും ഫെല്ലോഷിപ്പ് നൽകി കൊണ്ട് ഫ്ലോറൻസ് നൈറ്റിംഗേൽ ഫൗണ്ടേഷൻ അക്കാദമി എന്നെ സഹായിച്ചു," 40 വയസ്സുള്ള പ്രബിൻ പറഞ്ഞു. എൻഎച്ച്എസ് അവരുടെ പ്രൊഫഷണൽ നഴ്‌സ് അഡ്വക്കേറ്റ് കോഴ്‌സിനും ധനസഹായം നൽകി.
യു കെയിൽ എത്തുന്ന ആളുകൾക്ക് ഇവിടുത്തെ സംവിധാനവുമായി പൊരുത്തപ്പെടുന്നതിന് തടസ്സങ്ങൾ അനുഭവിക്കുന്നു, അവർക്ക് മാർഗ്ഗനിർദ്ദേശം ആവശ്യമാണെന്ന് പ്രബിൻ ചൂണ്ടിക്കാട്ടുന്നു. "ഞങ്ങളുടെ നഴ്‌സുമാർക്ക് പരിചയം, വൈദഗ്ദ്ധ്യം, ഒ ഇ ടി (OET) സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടെങ്കിലും, സംവിധാനവുമായി പൊരുത്തപ്പെടാൻ പാടുപെടുന്നു. ഞാൻ യു കെയിൽ എത്തിയപ്പോൾ, എനിക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇങ്ങനെ വരുന്നവർക്ക് ആരെങ്കിലും പിന്തുണ നൽകണമെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്നതും പിന്തുണയ്ക്കുന്നതുമായ ഒരു തൊഴിൽ അന്തരീക്ഷം രൂപപ്പെടുത്തുന്നതിന് യോജിച്ചപ്രവർത്തനം ആവശ്യമാണ്," അവർ പറഞ്ഞു. യുകെയിൽ ആതുരസേവന പരിചരണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്ന രോഗി-പരിചരണപരിചയമുള്ള നഴ്‌സായാണ് പ്രബിൻ ഇപ്പോൾ ജോലി ചെയ്യുന്നത്.
"ഞങ്ങളുടെ ട്രസ്റ്റ് എല്ലാവരെയും ഉൾക്കൊള്ളുന്നതും വൈവിധ്യപൂർണ്ണവുമാണ്. അതിൽ നിരവധി ഇംഗ്ലീഷ് മാതൃഭാഷാ അംഗങ്ങളുണ്ട്. എന്നിട്ടും എനിക്ക് ഗാർഡൻ പാർട്ടിയിൽ പങ്കെടുക്കാൻ കഴിഞ്ഞു," ആ അവസരം നൽകിയതിന് ട്രസ്റ്റിന് നന്ദി പറഞ്ഞുകൊണ്ട് അവർ പറഞ്ഞു.
യുകെയിൽ നഴ്‌സുമാർക്ക് പഠിക്കാനും, വൈദഗ്ദ്ധ്യം നേടാനും, കരിയറിൽ മുന്നോട്ട് പോകാനും മികച്ച അവസരങ്ങളുണ്ടെന്ന് പ്രബിൻ പറയുന്നു. "നമ്മുടെ ജോലിയെക്കുറിച്ച് നമുക്ക് താൽപ്പര്യവും ജിജ്ഞാസയും ഉണ്ടെങ്കിൽ, ഇവിടെ നമുക്ക് ധാരാളം അവസരങ്ങളുണ്ട്. കൂടാതെ, ഇന്ത്യയിലും മറ്റ് വികസിത രാജ്യങ്ങളിലും ഉള്ളതിനേക്കാൾ കൂടുതലായി ഞങ്ങൾ ചെയ്യുന്ന ജോലിക്ക് ബഹുമാനവും അംഗീകാരവും ലഭിക്കുന്നു," അവർ പറഞ്ഞു.
ഒരു ഇന്ത്യക്കാരി എന്ന നിലയിൽ ഇതിന്റെ (ഗാർഡൻ പാർട്ടി) ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നുവെന്ന് പ്രബിൻ പറഞ്ഞു. "കൊട്ടാരത്തിന് പുറത്ത് നിൽക്കുമ്പോൾ, അതിനുള്ളിൽ എങ്ങനെയിരിക്കുമെന്ന് ഞാൻ നിരവധി തവണ ചിന്തിച്ചിട്ടുണ്ട്. പിന്നീട് ആ പരിസരത്ത് കയറി പൊതുസേവനത്തിന്റെ വിവിധ മേഖലകളിൽ സംഭാവന നൽകിയ പ്രമുഖരായപല അതിഥികളെയും കാണാനുള്ള അവസരം എനിക്ക് ലഭിച്ചു,"
"എന്റെ മകളും മാതാപിതാക്കളും സഹോദരിയുമാണ് എന്റെ നട്ടെല്ല്. അവർ എന്റെ ജോലിയെ സജീവമായി പ്രോത്സാഹിപ്പിക്കുന്നു," പ്രബിൻ പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates