

ബോയ് ഫ്രണ്ടും ഗേൾ ഫ്രണ്ടുമൊക്കെ മാറി ഇപ്പോൾ ബെസ്റ്റികളുടെ കാലമാണ്. അതെ, ജെന്‍ സി-കാര്‍ക്കിടയില്‍ സോളോ പോളിയാമോറിയാണ് ഇപ്പോഴത്തെ ട്രെൻഡ്. പ്രണയബന്ധങ്ങളിൽ ഉത്തരവാദിത്തങ്ങളുടെ കെട്ടുപാടുകള്‍ ചുമക്കാന്‍ പുതുതലമുറ ഒരുക്കമല്ല.
‘എന്റെ ജീവിതം, എന്റെ താൽപര്യം, എന്റെ നിയമങ്ങൾ’
എത്രവേണേലും പ്രണയിക്കാം എന്നാല്‍ വ്യക്തിസ്വതന്ത്ര്യം കുറച്ചിട്ടൊരു കളിയുമില്ലെന്നതാണ് ഇക്കൂട്ടരുടെ ഒരു ലൈന്‍. അതായത് ഒരേ സമയം ഒന്നിലധികം പങ്കാളികൾ വേണമെന്ന് ആഗ്രഹിക്കുകയും അതേസമയം ആരോടും ഒരു തരത്തിലുള്ള ബാധ്യതകളുമില്ലാതെ സ്വതന്ത്രമായി ജീവിക്കാനിഷ്ടപ്പെടുകയും ചെയ്യുന്നവരാണ് സോളോ പോളിയാമോറി ആരാധകര്‍.
സമൂഹത്തിലെ ചട്ടക്കൂടുകളിൽ വിശ്വസിക്കുകയോ നിയന്ത്രിക്കപ്പെടാൻ ഇഷ്ടപ്പെടുന്നവരോ അല്ല ഇവർ. സ്വന്തം ജീവിത ലക്ഷ്യങ്ങൾക്കും വളർച്ചയ്ക്കും സന്തോഷത്തിനും പ്രണയ ബന്ധങ്ങൾ ഒരിക്കലും തടസമാകരുതെന്ന് ആഗ്രഹിക്കുന്നവരാണ് സോളോ പോളിയാമോറി തിരഞ്ഞെടുക്കുന്നത്. സ്വാതന്ത്ര്യവും പ്രണയവും തമ്മിൽ കൃത്യമായി ബാലൻസ് ചെയ്തു പോകാനാഗ്രഹിക്കുന്നവരാണ് ഇക്കൂട്ടർ. പങ്കാളികളുമൊത്ത് സഹവസിക്കാനോ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടാക്കാനോ വിവാഹിതരാകാമോ ഇവര്‍ ഒരുക്കമല്ല.
പ്രണയവും വ്യക്തിത്വവും ഒരുപോലെ ആസ്വദിക്കാനിഷ്ടപ്പെടുന്ന, ഒന്നു മറ്റൊന്നിനു മേൽ അധികാരം സ്ഥാപിക്കുന്നത് ഒരുതരത്തിലും ഇഷ്ടപ്പെടാത്തവരാണ് സോളോ പോളിയാമോറിയിൽ വിശ്വസിക്കുന്നത്. സോളോ പോളിയാമോറി ജീവിതശൈലി താല്‍ക്കാലികമോ സ്ഥിരമോ ആകാം.
പുരുഷന്മാരെക്കാൾ സ്ത്രീകൾ
പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളാണ് സോളോ പോളിയാമോറി ജീവിതശൈലി തെരഞ്ഞെടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2020-ല്‍ 32 രാജ്യങ്ങളിലായി വിവാഹ നിരക്കുകളില്‍ 20 ശതമാനം വരെ കുറവുണ്ടായതായി ഒഇസിഡി പഠനം ചൂണ്ടിക്കാണിക്കുന്നു. ഇത് ബന്ധങ്ങളുടെ ആഗോള മാറ്റത്തെ പ്രതിഫലിക്കുന്നുവെന്നും പഠനം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates