

കൊച്ചി: കുട്ടിക്കാലത്തെ കുറിച്ച് പറയുമ്പോള്‍ വാചാലരാകുന്നവരാണ് ഒട്ടമിക്ക ആളുകളും. സ്‌കൂളിലും കോളജിലും പഠിക്കുന്ന സമയത്തെ ചില അനുഭവങ്ങള്‍ ജീവിതാന്ത്യം വരെ ഓര്‍മ്മച്ചെപ്പില്‍ മായാതെ നിലനില്‍ക്കും. അത്തരമൊരു രസകരമായ അനുഭവം ഫെയ്‌സ്ബുക്കിലൂടെ തുറന്നുപറയുകയാണ് ഡോക്ടര്‍ ഷിനു ശ്യാമളന്‍.
കുറിപ്പിന്റെ പൂര്‍ണരൂപം
ഒരു 500 രൂപയുടെ കഥ (അനുഭവം)
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് രണ്ടു രൂപ, അഞ്ചു രൂപയൊക്കെ കൂട്ടി വെച്ചു ക്ലാസ് വിട്ട് കൂട്ടുകാരോടൊത്ത് സിപ് അപ്പ്, നാരങ്ങാ മിട്ടായി, അച്ചാര്‍, കപ്പലണ്ടി മിട്ടായി ഇവയൊക്കെ വാങ്ങി കഴിച്ചു കൊണ്ട് തമാശയും പറഞ്ഞു ബസ്സില്‍ കയറി വീട്ടില്‍ വരുന്നത് വരെയുള്ള സമയം എന്ത് രസമായിരുന്നു.
പതിനൊന്നാം ക്ലാസിലും പന്ത്രണ്ടിലും ആ ഭാഗ്യം എനിക്കുമുണ്ടായി. അതുവരെ പോയിരുന്ന സ്‌കൂള്‍ ബസ്സ് നിര്‍ത്തി ലൈന്‍ ബസ്സിലായി യാത്ര. സ്‌പെഷ്യല്‍ ക്ലാസ്സുകള്‍ ഉള്ളത് കൊണ്ടായിരുന്നു ആ മാറ്റം. ഹെക്ടറിക് ക്ലാസ്സുകളുടെ ഇടയില്‍ അതൊരു സന്തോഷമായിരുന്നു.
ആ കാലഘട്ടത്തില്‍ മൊബൈല്‍ ഫോണൊന്നും സ്‌കൂള്‍ കുട്ടികള്‍ക്ക് കളിക്കാന്‍ ഇല്ലലോ. ആകെയൊരു ശരണം ടി. വി യായിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ ഒരു ടി.വി.യില്‍ മെയില്‍ ഐഡി എഴുതി കാണിക്കുന്നു. സൗഹൃദം ആരാഞ്ഞു കൊണ്ട്. വല്ല തരികിടയാകുമെന്ന് കരുതി ആദ്യമൊന്നും അതിലേയ്ക്ക് ശ്രദിച്ചതെയില്ല.
പക്ഷെ ഒരു ദിവസം ഒരു മെയില്‍ ഐഡി ഞാന്‍ നോട്ട് ചെയ്തു. ഒരു മെയില്‍ അയച്ചു. മറുപടി വന്നു. അങ്ങനെ ഒരു സൗഹൃദം അവിടെ തുടങ്ങി. വിശേഷങ്ങള്‍ പറഞ്ഞു മെയില്‍ അയക്കുന്നത് ഒരു വിനോദമായി. അന്നത്തെ കാലത്ത് ഇപ്പോഴത്തെ പോലെ മൊബൈല്‍ ഫോണൊന്നും ഇല്ലായിരുന്നു.
സ്‌കൂള്‍ വിട്ട് വീട്ടില്‍ വന്നാല്‍ അതൊരു വിനോദമായി. പെന്‍ ഫ്രണ്ട്. കാണാമറയത്തൊരു സുഹൃത്തു. മാസങ്ങള്‍ കടന്ന് പോയി. ഒരു ദിവസം അവന്‍ വളരെ വിഷമിച്ചൊരു മെയില്‍ അയച്ചു. കാര്യം ചോദിച്ചിട്ട് കുറച്ചു ദിവസത്തിന് ശേഷം മറുപടി വന്നു. അച്ഛനില്ല അവന്. അമ്മയും, സഹോദരിയുമാണ്. ഒരു 500 രൂപയുടെ കുറവുണ്ടത്രേ അവന് ടൂര്‍ പോകാന്‍.
ഞാന്‍ കുറെ ആലോചിച്ചു. ഒരുപക്ഷേ അവന്‍ പറയുന്നത് കള്ളമാകാം. കാശു വാങ്ങാനുള്ള തന്ത്രമാകാം. പക്ഷെ എനിക്കവന്‍ സുഹൃത്താണ്. സ്‌കൂളില്‍ നിന്ന് കൂട്ടുകാരോടൊത്തു ഉല്ലാസം പോകുന്നതിന്റ് രസവും പോയില്ലെങ്കിലുള്ള സങ്കടവുമോര്‍ത്തപ്പോള്‍ ഒരു 500 രൂപയല്ലേ. അവന് സന്തോഷമാകുമെങ്കില്‍ അയക്കാം എന്ന് കരുതി.
പക്ഷെ വിഷുവും ഓണത്തിനും ബന്ധുക്കള്‍ സമ്മാനം തന്ന തുകയൊക്കെ തീര്‍ന്നു. എവിടുന്ന് ഞാന്‍ അവന് കാശെടുത്തു കൊടുക്കും? കുറെ ആലോചിച്ചു. ഒടുവില്‍ അച്ഛന്റെ കൈയ്യില്‍ നിന്ന് ഞാനതെടുത്തു. അച്ഛനറിയാതെ. ഒരു 500 രൂപ.
കൂറ്റബോധം. എല്ലാം പറയാറുള്ള അച്ഛനോട് ഞാനത് പറഞ്ഞില്ല. കാരണമുണ്ട്. അച്ഛനോട് നേരെ ചോദിച്ചാല്‍ അവന്‍ കള്ളം പറയുവാണെന്നും തരില്ല എന്ന ഉറപ്പും എനിക്കുണ്ടായിരുന്നു. തെറ്റ് തെറ്റ് തന്നെ. അങ്ങനെ ആ 500 രൂപ പോസ്റ്റല്‍ കവറിലാക്കി അഡ്രസ് എഴുതി ബാഗില്‍ വെച്ചു. പിറ്റേന്ന് ക്ലാസ് കഴിഞ്ഞു വരുന്ന വഴി പോസ്റ്റ് ചെയ്തു.
സൗഹൃദത്തില്‍ വിശ്വസിച്ച ഞാന്‍ തോറ്റില്ല. അപ്രതീക്ഷിതമായി ടൂര്‍ പോയ ചിത്രങ്ങള്‍ വന്‍ മെയില്‍ അയച്ചു തന്നു. പിന്നെ പറയേണ്ടതില്ലല്ലോ. സന്തോഷം കൊണ്ട് ഞാന്‍ കുറ്റബോധത്തെ തോല്‍പ്പിച്ചു. എന്റെ ശെരി അതായിരുന്നു.
കൂട്ടുകാരന്റെ സന്തോഷത്തിന് വേണ്ടി അച്ഛനറിയാതെ ഞാന്‍ ചെയ്ത തെറ്റെങ്കിലും അവന് ലഭിച്ച സന്തോഷം ഒന്ന് കൊണ്ട് മാത്രം ഞാന്‍ സന്തോഷിച്ചു. ചിലപ്പോള്‍ അങ്ങനെയാണ്. ചില കാര്യങ്ങളില്‍ തെറ്റും ശെരിയ്ക്കും രണ്ടു വശമുണ്ട്. എന്റെയും നിങ്ങളുടെയും വശം.
പിന്നീട് പല കാരണങ്ങള്‍ കൊണ്ട് ആ സൗഹൃദം എവിടെയോ വെച്ചു പിരിഞ്ഞു. എന്നെ നീ ഒരിക്കലും മറക്കില്ല എന്നറിയാം. അത് മാത്രം മതി. അമ്മയ്ക്കും, പെങ്ങള്‍ക്കും സുഖമെന്ന് വിശ്വസിക്കുന്നു. വിവാഹമൊക്കെ കഴിഞ്ഞു കുട്ടികളൊക്കെയായി സുഖമായിട്ട് ജീവിക്കുന്നു എന്നു വിശ്വസിക്കട്ടെ. പഴയ മെയില്‍ ഐഡി ഒക്കെ നഷ്ട്ടപ്പെട്ടു. അതാണ് ഞാന്‍ ഇവിടെയിതൊക്കെ കുറിക്കുന്നത്.
സ്‌നേഹത്തോടെ
നിന്റെ കൂട്ടുകാരി
ഡോ. ഷിനു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates