അതിപുരാതനമായ ഒരു കമ്പ്യൂട്ടറില്‍ രാപകലില്ലാതെ തനതുലിപിയെ രൂപപ്പെടുത്താന്‍ ശ്രമിച്ചിരുന്ന കെ.എച്ച് ഹുസൈന്‍...

അതിപുരാതനമായ ഒരു കമ്പ്യൂട്ടറില്‍ രാപകലില്ലാതെ തനതുലിപിയെ രൂപപ്പെടുത്താന്‍ ശ്രമിച്ചിരുന്ന കെ.എച്ച് ഹുസൈന്‍...

ഭാഷയെ സ്‌നേഹിക്കുന്ന, അതില്‍ ലിപിയുടെ പങ്കിനെ കുറിച്ച് ബോദ്ധ്യമുള്ള ആരും അങ്ങയെ മറക്കില്ല. നിറഞ്ഞ ഹൃദയത്തോടെ എന്നും സ്മരിക്കുക തന്നെ ചെയ്യും.
Published on

ന്ന് ഗുരു വളരെ സന്തോഷത്തിലായിരുന്നു. ഗുരു പറഞ്ഞു : ഇന്ന് ഒന്നുരണ്ടു പേര്‍ വരും. മലയാള ലിപിയെ കുറിച്ച് സംസാരിക്കാന്‍. ഇന്നു മുഴുവന്‍ അവര്‍ക്കൊപ്പമിരിക്കണം.

ഇതില്‍ ഇത്രമാത്രം സന്തോഷിക്കാനെത്തിരിക്കുന്നു എന്നാണ് എന്റെ മനസ്സിന് തോന്നിയത്. അല്ലെങ്കിലും നമ്മുടെ ഇത്തിരിവട്ടങ്ങളാണല്ലോ നമ്മുടെ ആശ്ചര്യങ്ങള്‍.

അവര്‍ വന്നു. ആത്മമിത്രങ്ങളെപ്പോലെ സംസാരിച്ചു. ലിപി പരിഷ്‌ക്കരണത്തിലൂടെ ഭാഷയെയും സംസ്‌ക്കാരത്തെയും നശിപ്പിക്കുന്ന ഔദ്യോഗിക സ്ഥാനങ്ങളിലിരിക്കുന്നവരുടെ നിരുത്വരവാദിത്തത്തിനെതിരെ അറിവുകൊണ്ടു പോരാടേണ്ടതുണ്ടെന്നും എപ്പോഴും ഞാന്‍ കൂടെയുണ്ടെന്നും  ഗുരു അവര്‍ക്ക് ഉറപ്പുകൊടുത്തു.

അതിപുരാതനമായ ഒരു കമ്പ്യൂട്ടറില്‍ രാപകലില്ലാതെ തനതുലിപിയെ രൂപപ്പെടുത്താന്‍ ശ്രമിച്ചിരുന്ന ഹുസൈനുക്കക്കും സുഹൃത്തുക്കള്‍ക്കും ആ ദിവസം പകര്‍ന്നു കിട്ടിയ ഊര്‍ജ്ജത്തെ കുറിച്ച് ഹുസൈനുക്ക പലതവണ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാവാം രചന ലിപി ആവിഷ്‌കൃതമായപ്പോള്‍ അവര്‍ അത് ഗുരു നിത്യക്ക് സമര്‍പ്പിച്ചത്.

ലിപിയെ കുറിച്ച് അത് ബോധത്തെയും തലച്ചോറിനെയും സംസ്‌ക്കാരത്തെയും എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നതിനെ കുറിച്ച് ദീര്‍ഘമായി എഴുതുവാനുള്ള റഫറന്‍സ് പുസ്തകങ്ങളെല്ലാം എടുത്തു വച്ചതിന്റെ പിറ്റേന്ന് അദ്ദേഹം നമ്മെ വിട്ടു പോയി. ഭാഷയെയും ലിപിയെയും കുറിച്ച് ലഭിക്കാമായിരുന്ന സമഗ്രമായ ഒരു പഠനം നമുക്ക് കിട്ടാതെ പോയി. ആ സങ്കടം എപ്പോള്‍ കാണുമ്പോഴും ഹുസൈന്‍ക്ക പറയുമായിരുന്നു.

വര്‍ഷങ്ങള്‍ കഴിഞ്ഞു. 20 വര്‍ഷത്തോളമായി. ഇന്ന് രചനയിലൂടെ തുടക്കം കുറിച്ച യാത്ര രചനയുള്‍പ്പടെ അനേകം ലിപി ഭാവങ്ങള്‍ക്ക് ജന്മം നല്കി. യൂണികോഡ് ഫോണ്ട് ഇനി വൈകാതെ എല്ലാവരും സ്വീകരിച്ചേ മതിയാകൂ എന്ന സ്ഥിതിവരെ കാര്യങ്ങളെത്തി.

കുറച്ചു പേരുടെ വര്‍ഷങ്ങളായുള്ള പ്രയത്‌നത്തിന് ഫലമുണ്ടായി. അതിന്റെ പ്രാരംഭംമുതല്‍ ഹൃദയംകൊണ്ടും കര്‍മ്മംകൊണ്ടും കൂടെ നില്ക്കാന്‍ കഴിഞ്ഞതില്‍ ധന്യത അനുഭവിക്കുന്നു.

രചനയുടെ തനതുലിപിയില്‍ ആദ്യമായി ഗുരു നിത്യയുടെ തുമ്പപ്പൂ മുതല്‍ സൂര്യന്‍ വരെ എന്ന പുസ്തകം മള്‍ബറിയിലൂടെ ഷെല്‍വി പ്രസിദ്ധീകരിച്ചു. ഗുരു നിത്യയുടെ ആത്മകഥ മലയാള പഠന ഗവേഷണ കേന്ദ്രം പുസ്തകമാക്കിയപ്പോള്‍ രചന ഫോണ്ടിലാണ് അച്ചടിച്ചത്. പിന്നെ ബൈബിള്‍ ഉള്‍പ്പടെ അനേകം ഗ്രന്ഥങ്ങളിറങ്ങി.

നിത്യാഞ്ജലി എന്ന പേരില്‍ സ്വന്തമായി ഒരു പ്രസിദ്ധീകരണം തുടങ്ങിയതുതന്നെ ഹുസൈനുക്കയും സുഹൃത്തുക്കളും ഗുരുവും അതുപോലെ തനതുലിപിയെ സ്‌നേഹിക്കുന്നരെല്ലാം പകര്‍ന്നു തന്നെ അറിവിനൊപ്പം നില്ക്കാന്‍ വേണ്ടിയാണ്. ഇതുവരെ പ്രസിദ്ധീകരിച്ച അഞ്ചു പുസ്തകങ്ങളില്‍ മൂന്നു പുസ്തകം രചന ലിപിയിലും രണ്ടു പുസ്തകം യൂണികോഡ് മലയാളം രചനയിലുമാണ്. ഇനി ചെയ്യുന്ന പുസ്തകങ്ങളും യൂണികോഡ് മലയാളം ലിപിയിലൂടെതന്നെ പുറത്തുവരും.

കാലടി സംസ്‌കൃത സര്‍വകലാശാല അദ്ദേഹത്തിന്റെ കര്‍മ്മങ്ങളുടെ മഹത്വം മനസ്സിലാക്കി ആദരിക്കുമ്പോള്‍ അത് എല്ലാ മലയാളിയും അദ്ദേഹത്തിനു നല്കുന്ന ആദരവാണ്. അല്ലെങ്കില്‍ ആയിരിക്കണം. മലയാളത്തിലെ പത്രങ്ങളും മാസികകളും വാരികകളും പുസ്തകങ്ങളും വെട്ടിമുറിച്ച ലിപിയെ ഉപേക്ഷിച്ച് തനതുലിപിയിലേക്ക് വൈകാതെ വരിക തന്നെ ചെയ്യും. കാരണം യൂണികോഡിന്റെ ബുദ്ധിക്ക് അതാണ് ശരിയെന്ന് അത്രയും ബോദ്ധ്യമായിട്ടുണ്ട്. നമുക്കിനി അതിനോടൊപ്പം ചേരാതെ വയ്യ. അത് കാലം തെളിയിക്കും. സാങ്കേതികത ഏറ്റവുമധികം സപ്പോര്‍ട്ട് ചെയ്യുന്ന മലയാള ലിപിയായി തനതുലിപി മാറി എന്നതു തന്നെ കാരണം.

എനിക്കേറെ പ്രിയപ്പെട്ട ജ്യേഷ്ഠസഹോദരന്, ഹുസൈനുക്കക്ക് ഈ ആദരവ് ലഭിക്കുമ്പോള്‍ എന്റെ കണ്ണില്‍ നിറയുന്നത് പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ക്വാര്‍ട്ടേഴ്‌സില്‍ ഇടക്കിടെ ഓഫായിപ്പോകുന്ന ആ പഴയ ഡെസ്‌ക്ടോപ്പിനെ അടിച്ചുണര്‍ത്തി പണി തുടരുന്ന ഹുസൈനുക്കയുടെ മന്ദഹസിക്കുന്ന മുഖമാണ്. 

എത്രയോ മനുഷ്യരുടെ ജ്ഞാനശക്തിയും ഇച്ഛാശക്തിയും കര്‍മ്മശക്തിയും സഹനശക്തിയുമാണ് നമ്മുടെയൊക്കെ ജീവിതത്തെ സുഗമമാക്കുന്നതെന്നറിയാന്‍ ചരിത്രം പഠിക്കണം. ആ ചരിത്രത്തിലെ ചവറ്റുകൊട്ടയിലേക്ക് നാം വലിച്ചെറിഞ്ഞവരാണ് ഇന്നിന്റെ ചരിത്രത്തെ പ്രകാശപൂര്‍ണ്ണമാക്കുന്നവരില്‍ പലരും. 

ഏറെ ആദരവോടെ നിറഞ്ഞ സ്‌നേഹത്തോടെ ഹൃദയം നിറഞ്ഞ നമസ്‌ക്കാരം. ഭാഷയെ സ്‌നേഹിക്കുന്ന, അതില്‍ ലിപിയുടെ പങ്കിനെ കുറിച്ച് ബോദ്ധ്യമുള്ള ആരും അങ്ങയെ മറക്കില്ല. നിറഞ്ഞ ഹൃദയത്തോടെ എന്നും സ്മരിക്കുക തന്നെ ചെയ്യും. ഒപ്പം അങ്ങയോടൊപ്പം പ്രവര്‍ത്തിച്ചവരെയും..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com