ലോക്ക് ഡൗണിനിടെ ഗള്‍ഫില്‍ രക്താര്‍ബുദം മൂലം മരിച്ച കുഞ്ഞിന്റെ ശരീരം നാട്ടിലെത്തിക്കാനാവാതെ മലയാളികളായ അച്ഛനും അമ്മയും വേദനിക്കുന്ന വാര്‍ത്ത രണ്ടു ദിവസം മുമ്പാണ് മാധ്യമങ്ങളില്‍ നിറഞ്ഞത്. പിന്നാലെ രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി ഇടപെട്ട് കുഞ്ഞിന്റെ മൃതദേഹവുമായി അവര്‍ക്കു മടങ്ങാനായി എന്നും വാര്‍ത്ത വന്നു. എന്നാല്‍ ഇതിനിടയില്‍ അറിയപ്പെടാതെ പോയ മനുഷ്യസ്‌നേഹത്തിന്റെ മറ്റൊരു കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
നൂറു കണക്കിനു കിലോമീറ്ററുകള്‍ അകലെ നിന്ന് ഒരു പരിചയവും ഇല്ലാത്തവര്‍ക്കു വേണ്ടി ഒരു ഡോക്ടര്‍ നടത്തിയ ഇടപെടലിന്റെ കഥയാണിത്. അസമിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ ഡോ. ഭാസ്‌കര്‍ പാപുകോണ്‍ ഗൊഗോയി സാമൂഹ്യ മാധ്യമങ്ങളില്‍നിന്നാണ് കൃഷ്ണദാസിന്റെയും ദിവ്യയുടെയും വേദനയെക്കുറിച്ചറിയുന്നത്. അവരുടെ മകന്‍ നാലു വയസുകാരനായ വൈഷ്ണവിന്റെ മൃതദേഹം അല്‍ ഐനിലെ ആശുപത്രി മോര്‍ച്ചറിയിലാണ്. പതിനഞ്ചു ദിവസം മുമ്പു മാത്രമാണ് വൈഷ്ണവിന്റെ അസുഖം തിരിച്ചറിഞ്ഞത്. ഇപ്പോഴിതാ അവന്‍ നഷ്ടമായിരിക്കുന്നു. ചേതനയറ്റ മകന്റെ മൃതദേഹം പാമ്പാടി ഐവര്‍മഠത്തില്‍ സംസ്‌കരിക്കണം. അതിനുള്ള വഴിതേടി അലയുകയായിരുന്നു കൃഷ്ണദാസ്.
ഡോ. ഭാസ്‌കര്‍ ഗൊഗോയി
കൃഷ്ണദാസിന്റെയും കുടുംബത്തിന്റെയും പാസ്‌പോര്‍ട്ട് കോയമ്പത്തൂരില്‍നിന്ന് എടുത്തതായിരുന്നു. അതുകൊണ്ട് വന്ദേ ഭാരത് മിഷനില്‍ തമിഴ്‌നാട്ടിലേക്കേ ഇവരെ എത്തിക്കാന്‍ കഴിയൂ. ഈ സാങ്കേതിക പ്രശ്‌നത്തില്‍ ഉഴറുന്നതിനിടെയാണ് ഡോ. ഭാസ്‌കര്‍ ഗൊഗോയിയുടെ ശ്രദ്ധയില്‍ ഇതു വരുന്നത്. ഡോ. ഗൊഗോയ് ഉടന്‍ തന്നെ വിദേശകാര്യമന്ത്രി എസ് ജയശങ്കറെ ബന്ധപ്പെട്ടു. '' അതിവേഗമായിരുന്നു മന്ത്രിയുടെ പ്രതികരണം. മെയ് 13നാണ് ഞാന്‍ അദ്ദേഹത്തെ ബന്ധപ്പെടുന്നത്. ഇവരുടെ യാത്രയ്ക്ക് എല്ലാ ക്രമീകരണങ്ങളും ചെയ്തതായി പിറ്റേന്ന് എനിക്ക് അറിയിപ്പു ലഭിച്ചു'' ഗൊഗോയ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ഗൊഗോയിയുടെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ നാട്ടിലേക്കുള്ള മടക്കം സാധ്യമാവില്ലായിരുന്നെന്നാണ് കൃഷ്ണദാസ് പറയുന്നത്. ലോക്ക് ഡൗണിനിടെ മകനെ നഷ്ടപ്പെട്ട് ദുഃഖത്തിലേക്കു വീണപോയ മനുഷ്യര്‍ക്ക് ചെറിയൊരു തൃപ്തിയെങ്കിലും ഉണ്ടാവാന്‍ കാരണമായതില്‍ സന്തോഷമുണ്ടെന്ന് ഡോ. ഗൊഗോയി പറഞ്ഞു. ലോകം മുഴുവന്‍ വൈറസിന്റെ പിടിയില്‍പ്പെട്ട് നിരാലംബമായിപ്പോവുന്ന കാലത്ത് മനുഷ്യസ്‌നേഹത്തിന്റെ പുതിയ അധ്യായമായി മാറുകയാണ്, അറിയപ്പെടാത്ത മനുഷ്യര്‍ക്കു വേണ്ടിയുള്ള ഡോ. ഗൊഗോയിയുടെ ഇടപെടല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates