'ആണുങ്ങള്‍ റേപ്പ് ചെയ്യുന്ന മെഷീനുകളല്ല; വ്യക്തിത്വമുള്ള വിവേകമുള്ള സഹജീവികളാണവര്‍; പെണ്ണും രാവ് കാണട്ടെ'; കുറിപ്പ്

അനുവാദമില്ലാതെ പെണ്ണിന്റെ ശരീരം തോണ്ടുമ്പോള്‍ കിട്ടുന്ന ഇക്കിളി മാനസികരോഗമാണ്
'ആണുങ്ങള്‍ റേപ്പ് ചെയ്യുന്ന മെഷീനുകളല്ല; വ്യക്തിത്വമുള്ള വിവേകമുള്ള സഹജീവികളാണവര്‍; പെണ്ണും രാവ് കാണട്ടെ'; കുറിപ്പ്
Updated on
2 min read

കൊച്ചി: സ്ത്രീകളുടെ രാത്രി നടത്തത്തിന് തുടക്കം കുറിച്ച് 'പൊതുയിടം എന്റെതും' എന്ന സര്‍ക്കാര്‍ പരിപാടിക്ക് ഇന്ന് തുടക്കം. 'ഈ തെരുവുകള്‍ ഞങ്ങളുടെത് കൂടിയാണ്' എന്ന പ്രഖ്യാപനത്തോടയൊണ് വനിതകളുടെ രാത്രി നടത്തം. സംസ്ഥാന വനിത ശിശുവികസന വകുപ്പാണ് വനിതകളുടെ രാത്രി നടത്തം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ തെരഞ്ഞടുക്കപ്പെട്ട നൂറ് നഗരങ്ങളില്‍ സ്ത്രീകള്‍ നടക്കും. രാത്രി പതിനൊന്ന് മുതല്‍ പുലര്‍ച്ചെ ഒരുമണി വരെയാണ് സത്രീകള്‍ നടക്കുക. അതിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് യുവ ഡോക്ടര്‍ ഷിംന അസീസ്

പോസ്റ്റിന്റെ പൂര്‍ണരൂപം

കൊച്ചിയില്‍ നിന്ന് ഒരിക്കല്‍ തനിയെ ബസ് കയറി സ്വന്തം ജില്ലയിലെ പ്രധാന ജംഗ്ഷനുകളില്‍ ഒന്നില്‍ രാത്രി ഒന്‍പതിന് വന്നിറങ്ങി. സ്ട്രീറ്റ്‌ലൈറ്റിന് താഴെ വീട്ടിലെ വണ്ടി കാത്ത് നിന്നപ്പോള്‍ ഏതോ ഒരാള്‍ വന്ന് അവിടെ നില്‍ക്കുന്നതിന്റെ ഉദ്ദേശ്യം ചോദിച്ചു. വേറെ രണ്ട് പേര്‍ എന്തോ പറഞ്ഞ് മുന്നിലൂടെ ചിരിച്ചോണ്ട് പോയി. തുടര്‍ച്ചയായി തിരിച്ച് തുറിച്ചുനോക്കി കൊണ്ടാണത് നേരിട്ടത്. ആ ഒരു തവണയേ രാത്രിയാത്രയില്‍ വിഷമം അനുഭവിച്ചിട്ടുള്ളൂ. ഭയമല്ല, വല്ലാത്തൊരു അസ്വസ്ഥതയാണ് തോന്നിയത്. അപ്പുറത്ത് നില്‍ക്കുന്ന ആണുങ്ങളെ ആരും ചോദ്യം ചെയ്യുന്നില്ലല്ലോ.

പതിനൊന്ന് വര്‍ഷം മുന്നേ ഏതൊക്കെയോ നേരത്ത് ബാംഗ്ലൂരില്‍ ഒറ്റക്ക് ഇറങ്ങി നടന്നിട്ടുണ്ട്. ആരും ശ്രദ്ധിച്ചിട്ടില്ല. ഇന്ന് ആ സുരക്ഷ അവിടുണ്ടോ എന്നെനിക്കറിയില്ല. ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടര്‍ക്ക് സംഭവിച്ചത് ഒക്കെയോര്‍ക്കുമ്പോള്‍...

രണ്ട് വിദേശ രാജ്യങ്ങളില്‍ പോയി. രണ്ടിടത്തും രാത്രി പത്തിന് ശേഷം പുറത്തിറങ്ങി. സിംഗപ്പൂരില്‍ ആ നേരത്ത് ഒറ്റക്ക് ജോഗ് ചെയ്യുന്ന സ്ത്രീകളെ കണ്ടു. ആരുമുണ്ടായില്ല ശല്യം ചെയ്യാന്‍. രണ്ടിടത്തും പെണ്ണിനെ തൊട്ടാല്‍ കളി മാറുവേ...

ഇന്ന് ഡിസംബര്‍ 29, 2019 രാത്രി കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട നൂറ് നഗരങ്ങളില്‍ കാണാമറയത്തുള്ള സര്‍വ്വസന്നാഹങ്ങള്‍ നല്‍കുന്ന ധൈര്യത്തോടെ സ്ത്രീകള്‍ക്ക് ഇറങ്ങി നടക്കാം എന്ന് വായിച്ചു. നല്ലത്. അങ്ങനെയെങ്കിലും അതൊരു മാറ്റത്തിന് കാരണമാകുമെങ്കില്‍...

പക്ഷേ, 'ഒരുമ്പെട്ടവളുമാര് പാതിരാക്ക് നിരത്തിലിറങ്ങി'' എന്നും 'തറവാട്ടില്‍ പിറന്ന പെണ്ണുങ്ങള്‍ പാതിരാത്രി പുരയിലിരിക്കും' എന്നും പറഞ്ഞ് ബാക്കിയുള്ള അഡള്‍ട്ട്‌സ് ഓണ്‍ലി കൂടി പൂരിപ്പിച്ച് വഷളന്‍ ചിരി ചിരിക്കുന്നവന്‍മാര്‍ക്കും അവളുമാര്‍ക്കുമിടയില്‍ ഈ രാത്രിനടത്തത്തിന്റെ ലക്ഷ്യം എത്രത്തോളം സാധൂകരിക്കപ്പെടും?

എന്തു കൊണ്ടാണ് രാത്രി ആണിന്റേത് മാത്രമാകുന്നത്? രാത്രിയില്‍ പുറത്തിറങ്ങുന്ന പെണ്ണും ട്രാന്‍സ്‌ജെന്ററും 'കൊള്ളരുതാത്തരാവുന്നത്'?

തിരക്കില്ലാത്ത വഴിയില്‍ രാവിന്റെ ഭംഗി കണ്ട് തെരുവുവിളക്കുകള്‍ക്കിടയിലൂടെ വണ്ടിയോടിക്കാനും രാത്രി രണ്ടിന് വിശക്കുമ്പോള്‍ ഉടുപ്പ് മാറ്റിയിറങ്ങി തട്ടുകടയിലെ രുചികള്‍ ആസ്വദിക്കാനും കറുത്ത മാനത്ത് വിതറിക്കിടക്കുന്ന നക്ഷത്രക്കുഞുങ്ങളെ നോക്കി കടലോരത്ത് മലര്‍ന്ന് കിടക്കാനുമൊക്കെ ബൈ ഡീഫോള്‍ട്ട് ആണിന് സാധിക്കുന്നുണ്ട്. ഇതെല്ലാം ഒരിക്കലെങ്കിലും അറിയാതെ ജനിച്ച് ജീവിച്ച് മരിച്ച് പോകുന്ന പെണ്ണുങ്ങളാണ് ചുറ്റും. അതിനൊരു മാറ്റമാകാന്‍ ഇന്നത്തെ തുടക്കം കൊണ്ടാകുമെങ്കില്‍...

ആസ്വാദനം മാത്രമല്ല. അത്യാഹിതം പിണഞ്ഞ് വല്ലോരും മരിക്കാറായി ആശുപത്രിയില്‍ പോവണമെങ്കില്‍, അത്യാവശ്യമായി ഒരിടത്തേക്ക് ഇറങ്ങണമെങ്കില്‍, ഒരു മരണത്തിനോ കല്യാണത്തിനോ പോവണമെങ്കില്‍ പോലും ക്ലോക്കില്‍ നോക്കേണ്ട ഗതികേടുള്ള പെണ്ണ്.

പട്ടാപ്പകല്‍ മൂന്ന് കിലോമീറ്റര്‍ അപ്പുറത്തുള്ള ടൗണില്‍ പോവാന്‍ ഗള്‍ഫിലെ ഭര്‍ത്താവിനെ വിളിച്ച് സമ്മതം ചോദിക്കേണ്ട പെണ്ണ്, ഒരു ഓട്ടോക്കാരന്‍ ബ്ലോക്ക് ഒഴിവാക്കാന്‍ ഷോര്‍ട്ട്കട്ടിലേക്ക് തിരിക്കുമ്പോള്‍ പോലും പേടിച്ച് നാമം ജപിക്കാനും ദിക്ര്‍ ചൊല്ലാനും നില്‍ക്കാതെ ''നിങ്ങളെന്താ ഇതിലെ പോകുന്നത്?' എന്ന് ധൈര്യപൂര്‍വ്വം ചോദിക്കാന്‍ വിറയ്ക്കുന്ന പെണ്ണ്. മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഇങ്ങനെ ഒരുപാട് അടിസ്ഥാനകാര്യങ്ങളിലാണ്.

'പുറത്തിറങ്ങുന്നവള്‍ പിഴ' എന്ന് പറഞ്ഞ് സ്വന്തം ലൈംഗികദാരിദ്ര്യം കരഞ്ഞ് തീര്‍ക്കുന്നവരെ അവഗണിക്കാന്‍ ആദ്യം പഠിക്കണം. പിന്നെ, ബസില്‍ ആണ്‍സീറ്റുകള്‍ക്കിടയില്‍ ഒഴിഞ്ഞ സീറ്റുണ്ടായാല്‍ പോലും ചെന്നിരിക്കാന്‍ വരെ മടിക്കുന്ന തോതില്‍ 'ആണ്‍ഭയം/വെറുപ്പ്' ഒഴിവാക്കാനാവണം. ആണുങ്ങള്‍ റേപ്പ് ചെയ്യുന്ന മെഷീനുകളല്ല. വ്യക്തിത്വമുള്ള വിവേകമുള്ള സഹജീവികളാണവര്‍. ഒറ്റപ്പെട്ട് പോകുമ്പോള്‍ സഹായിക്കുന്ന ഭൂരിപക്ഷത്തിനിടയില്‍ ആണുങ്ങടെ പേര് കളയാനുണ്ടായ ന്യൂനപക്ഷം കാമഭ്രാന്തന്‍മാരെ സമൂഹം ഒറ്റപ്പെടുത്തണം. അനുവാദമില്ലാതെ പെണ്ണിന്റെ ശരീരം തോണ്ടുമ്പോള്‍ കിട്ടുന്ന ഇക്കിളി മാനസികരോഗമാണ്, ചികിത്സയുണ്ട്.

നിയമസംവിധാനങ്ങള്‍ ശക്തമാകണം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് അതിവേഗനടപടികള്‍ സജ്ജമാക്കണം, ചെറിയ പ്രായം മുതല്‍ ലൈംഗികവിദ്യാഭ്യാസം നിര്‍ബന്ധമാക്കണം, പെണ്ണിനെ പ്രസവിക്കാനും കാശ് കൊടുക്കാതെ വീട്ടിലെ പണിയെടുക്കാനുമുള്ള ഗ്ലോറിഫൈഡ് മെയിഡായി കാണുന്നതില്‍ നിന്നും മാറി തന്നെപ്പോലെ മനുഷ്യനായി കാണാനാകണം.

''നമ്മള്‍ പെണ്ണുങ്ങള്‍ പുറത്തിറങ്ങാന്‍ പാടുണ്ടോ, നാട്ടുകാരെന്ത് പറയും' എന്നല്ല 'പറയുന്ന' നാട്ടുകാരുടെ മുന്നിലൂടെ സന്തോഷമായി അഭിമാനത്തോടെ നടക്കുകയാണ് വേണ്ടത്. ലോകം ആണിന്റേത് മാത്രമല്ലെന്ന് വഴിയിലിരുന്ന് അഴകളവുകള്‍ നോക്കി വെള്ളമിറക്കി അവളെക്കുറിച്ച് തന്നെ അശ്‌ളീലം പറയുന്ന ഇരട്ടത്താപ്പുകാരന്‍ തിരിച്ചറിഞ്ഞ് തുടങ്ങും. കുറേ പറഞ്ഞ് മടുക്കുമ്പോള്‍ നാണക്കേട് തോന്നി വല്ല പണിയുമെടുക്കാന്‍ എഴുന്നേറ്റ് പൊയ്‌ക്കോളും. എന്നെങ്കിലും ഒരുവളെ കാണുമ്പോഴാണ് കാഴ്ചയാകുന്നത്. എന്നും എപ്പോഴും പെണ്ണ് പുറത്തുള്ള, അവള്‍ക്ക് ധനസമ്പാദനത്തിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും റോള്‍ ഉള്ള, ശക്തമായ നിയമസംവിധാനമുള്ള നാടുകളില്‍ അവളെയാരും ശ്രദ്ധിക്കുന്നത് പോലുമില്ല. അതാണ് ആത്യന്തികമായി ഇവിടെയും സംഭവിക്കേണ്ടത്.

നിര്‍ഭയമാകണം പെണ്ണിന്റെ ജീവിതം.

ഈ നിര്‍ഭയ ദിനം അതിനൊരു തുടക്കമാകട്ടെ. പെണ്ണും രാവ് കാണട്ടെ, അവള്‍ക്കും 24 മണിക്കൂറുകളുണ്ടാകട്ടെ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com