കൊച്ചി; വരാല്‍ വര്‍ഗത്തില്‍പ്പെട്ട അപൂര്‍വ ഭൂഗര്‍ഭ മത്സ്യത്തെ തിരുവല്ലയിലെ കിണറ്റില്‍ നിന്ന് കണ്ടെത്തി. തിരുവല്ല സ്വദേശി അരുണ്‍ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റില്‍ നിന്നാണ് അപൂര്‍വ്വയിനം വരാലിനെ കണ്ടെത്തിയത്. നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്‌സ് റിസോഴസസിലെ ഗവേഷകനായ രാഹുല്‍ ജി കുമാറിന്റെ നേതൃത്വത്തിലെ ഗവേഷകസംഘമാണ് മത്സ്യത്തെ തിരിച്ചറിഞ്ഞത്. ഭൂമിയ്ക്കടിയില്‍ താമസമാക്കിയിട്ടുള്ള വരാലിന് 'എനിഗ്മചന്ന മഹാബലി' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
ചുവന്ന നിറത്തില്‍ നീളമുള്ള ശരീരത്തോട് കൂടിയതാണ് മഹാബലി. 13 സെന്റീമീറ്ററാണ് ഇതിന്റെ നീളം. ഭൂകര്‍ഭ വരാല്‍ ഇനത്തില്‍ കണ്ടെത്തുന്ന രണ്ടാമത്തെ മത്സ്യമാണിത്. മലപ്പുറം ജില്ലയില്‍ നിന്നാണ് ആദ്യത്തെ മീനിനെ കണ്ടെത്തിയത്. എനിഗ്മചന്ന ഗോളം എന്നാണ് ഇതിന് പേര് നല്‍കിയത്. മഹാപ്രളയമാണ് ഇവയെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് പുറത്തെത്തിച്ചത് എന്നാണ് അനുമാനം.
ലോകത്താകമാനം ഭൂഗര്‍ഭജലാശയങ്ങളില്‍ നിന്ന് 250 ഇനം മത്സ്യങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഏഴ് മത്സ്യങ്ങള്‍ കേരളത്തിലാണുള്ളത്. ഇന്ത്യയില്‍, ഭൂഗര്‍ഭജലാശയ മത്സ്യവൈവിധ്യങ്ങളുടെ പ്രഭവകേന്ദ്രമായി കേരളം മാറിയിരിക്കുകയാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ഇത്തരം മത്സ്യയിനങ്ങള്‍ കണ്ടെത്താന്‍ ഇനിയും സാധ്യതയുള്ളതിനാല്‍ ഈ മേഖലയില്‍ കൂടുതല്‍ പഠനം നടത്തേണ്ടത് അനിവാര്യമാണെന്നും ഇവര്‍ പറഞ്ഞു.
ഭൂഗര്‍ഭമത്സ്യങ്ങളുടെ സാന്നിധ്യം ജലാശയങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരമാണ് വെളിപ്പെടുത്തുന്നത്. അതുകൊണ്ട് ശുദ്ധജല ലഭ്യത നിലനിര്‍ത്തുന്നത് ഇത്തരം മത്സ്യങ്ങളെ സംരക്ഷിക്കേണ്ടതിന് അനിവാര്യമാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. കേരളത്തില്‍ 300ലധികം ശുദ്ധജലമത്സ്യങ്ങളുണ്ട്. ഇതില്‍ മൂന്നിലൊരു ഭാഗം തദ്ദേശീയ മത്സ്യങ്ങളാണ്. എന്നാല്‍, ഭൂഗര്‍ഭജലാശലയങ്ങളില്‍ കണ്ടെത്തപ്പെടാതെ ഇനിയും മത്സ്യങ്ങളുണ്ടാകാമെന്നാണ് ഗവേഷകരുടെ നിഗമനം. കിണറുകളിലോ മറ്റ് ഭൂഗര്‍ഭജലാശയങ്ങളിലോ ഇത്തരം മീനുകളെ കണ്ടെത്തുന്നവര്‍ കൊച്ചിയിലെ എന്‍.ബി.എഫ്.ജി.ആര്‍ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates