കാഠ്മണ്ഡു: തുടർച്ചയായ 24-ാം തവണയും എവറസ്റ്റ് കമി റിതാ ഷെർപ്പയ്ക്ക് മുമ്പിൽ തല കുനിച്ചു. ഇന്ത്യൻ പൊലീസ് സംഘത്തിന് വഴികാട്ടിയായാണ് 49 കാരനായ റിത ഇക്കുറി എവറസ്റ്റിന്റെ നെറുകയിൽ എത്തിയത്.
കഴിഞ്ഞ 20 വർഷമായി എവറസ്റ്റിലേക്കുള്ള പർവതാരോഹകർക്ക് വഴികാട്ടിയാണ് റിത. 1994 ലാണ് ആദ്യമായി എവറസ്റ്റ് അദ്ദേഹം കീഴടക്കിയത്. എവറസ്റ്റ് മാത്രമാണ് റിതയുടെ ഫേവറൈറ്റ് പർവ്വതമെന്ന് കരുതേണ്ട. ലോകത്തിലെ രണ്ടാമത്തെ വലിയ പർവതമായ പാകിസ്ഥാനിലെ മൗണ്ട് കെ-ടു ഉൾപ്പടെ 35 പർവ്വതങ്ങളിൽ റിത തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച എവറസ്റ്റ് കീഴടക്കിയതിന് പിന്നാലെയാണ് ഒരിക്കൽ കൂടി ഈ സീസണിൽ കയറണമെന്ന് റിത തീരുമാനിച്ചത്. റെക്കോർഡ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയേ അല്ല താൻ പർവ്വതാരോഹണത്തിന് ഇറങ്ങിയതെന്നും വഴികാട്ടിയാവുകയാണ് ജീവിത നിയോഗമെന്നും നേട്ടം സ്വന്തമാക്കിയ ശേഷം റിത പറഞ്ഞു.
കുറഞ്ഞ ഓക്സിജനിലും അതിജീവനത്തിനുള്ള കഴിവും ഉന്നത അന്തരീക്ഷ മർദ്ദമേഖലകളിലും ഊർജ്ജസ്വലരായിരിക്കാനും കഴിയുന്നതാണ് നേപ്പാളിലെ ഷെർപ്പകളെ വ്യത്യസ്തരാക്കുന്നത്. പർവതാരോഹണത്തിൽ ഇവർ അതി വിദഗ്ധരാണ്. ടെൻസിങും ഹിലാരിയും എവറസ്റ്റ് കീഴടക്കിയത് മുതൽ ഷെർപ്പകളുടെ സാന്നിധ്യം പർവ്വതത്തിൽ ഉണ്ട്. 807 പേരാണ് ഈ വർഷം ഇതുവരെ എവറസ്റ്റ് കീഴടക്കുന്നതിനായുള്ള സംഘങ്ങളിൽ ചേർന്നതും കയറ്റം പൂർത്തിയാക്കിയതും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates