മൈസൂരു: സാധാരണയിൽ കവിഞ്ഞ വലിപ്പവും തലയെടുപ്പുമുള്ള കടുവയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. കർണാടകയിലെ ബന്ദിപ്പുർ കടുവ സങ്കേതത്തിലെയാണ് അപൂർവമായ ഈ കാഴ്ച.
കാട്ടിലൂടെ തലയുയർത്തിപ്പിടിച്ചുള്ള ആ നടത്തത്തിനുമുണ്ട് ഒരു രാജകീയ പ്രൗഢി. കാഴ്ചക്കാരെ കിടിലം കൊള്ളിക്കാൻ പോന്ന ശൗര്യമാണ് മുഖത്തുള്ളത്. ആരെയും കൂസാതെ നടന്നുവന്ന് ഒരു കുന്നിന്റെ ഉയരത്തിൽ കയറി നിന്ന് നോട്ടമെറിയുന്നു. പിന്നെ, കാട്ടുവഴി മുറിച്ചുകടന്ന് നടന്നകലുന്നു. കടുവ സങ്കേതത്തിലെ ജീവനക്കാർ പകർത്തിയ ഇതിന്റെ വീഡിയോ ദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
വന്യജീവി പ്രണയികൾ ഒഴുകിയെത്തുന്ന ബന്ദിപ്പുർ ദേശീയോദ്യാനത്തിലെ പുതിയ കാഴ്ചയാണ് ഈ കടുവയുടേത്. ഇതിന്റെ രാജഭാവത്തെ മുൻനിർത്തി 'മോയാർ രാജാവ്' എന്നാണ് കടുവ സങ്കേതം അധികൃതർ ഇതിന് പേരിട്ടിരിക്കുന്നത്. ബന്ദിപ്പുർ കടുവ സങ്കേതത്തിന്റെ അതിർത്തിയിലൂടെ ഒഴുകുന്ന നദിയാണ് മോയാർ. പ്രസിദ്ധമായ ഭവാനീ നദിയുടെ കൈവഴി. മോയാർ നദിയുടെ രാജാവായി ഈ കടുവയെ ഇനി കടുവ പ്രേമികൾ ആഘോഷിക്കും.
ബന്ദിപ്പുർ കടുവ സങ്കേതത്തിലും ഇതിനോടു ചേർന്നുകിടക്കുന്ന നാഗർഹോള, മുതുമല, സത്യമംഗലം, വയനാട് വന്യജീവി സങ്കേതങ്ങളിലുമായി ഏകദേശം 534 കടുവകളുണ്ടെന്നാണ് കണക്ക്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates