എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്: രഹസ്യങ്ങള്‍ പലതും പറയാതെ കവി യാത്രയായിട്ട് ഏഴുവര്‍ഷം 

മലയാള കവിതാ തെരുവുകളെ വാക്കുകളാല്‍ ജ്വലിപ്പിച്ച ഈ കവിയുടെ വരികളിലൊക്കെയും ജീവിതമായിരുന്നു.
എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്: രഹസ്യങ്ങള്‍ പലതും പറയാതെ കവി യാത്രയായിട്ട് ഏഴുവര്‍ഷം 
Updated on
1 min read

വി എ അയ്യപ്പന്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം. മലയാള കവിതാ തെരുവുകളെ വാക്കുകളാല്‍ ജ്വലിപ്പിച്ച ഈ കവിയുടെ വരികളിലൊക്കെയും ജീവിതമായിരുന്നു. ജീവിതത്തില്‍ കവിതയും. തെരുവില്‍ നിന്നും അകന്നു മാറിയവരും ഏകാന്തതയില്‍ അയ്യപ്പനെയോര്‍ത്തു, അയ്യപ്പന്റെ കവിതയെ നെഞ്ചോടു ചേര്‍ത്തു. 

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് 
ഒസ്യത്തിലില്ലാത്ത 
ഒരു രഹസ്യം പറയാനുണ്ട്  
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്  
ഒരു പൂവുണ്ടായിരിക്കും 
ജിജ്ഞാസയുടെ ദിവസങ്ങളില്‍ 
പ്രേമത്തിന്റെ ആത്മതത്വം 
പറഞ്ഞുതന്നവളുടെ ഉപഹാരം 
(എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്)

ജീവിതത്തെ സ്വാതന്ത്ര്യമെന്ന് ഒറ്റവാക്കിലൂടെ നിര്‍വചിച്ച അയ്യപ്പന്‍ തന്റെ ജീവിതവും രതിയും പ്രണയവും കാമവും കണ്ണുനീരും ഒക്കെ മലയാളിക്കു മുന്നില്‍ തുറന്നുവെച്ച് രഹസ്യങ്ങളില്ലാത്ത മനുഷ്യനായി ജീവിച്ചു. സാധാരണക്കാര്‍ക്കൊപ്പം തികച്ചും സാധാരണക്കാരനായി തെരുവില്‍ ജീവിച്ചു. 

സുഹൃത്തെ മരണത്തിനുമപ്പുറം 
ഞാന്‍ ജീവിക്കും 
അവിടെ ഒരു പൂക്കാലമുണ്ടായിരിക്കും

പ്രണയാഘോഷങ്ങളിലും വിരഹത്തിന്റെ ഹൃദയത്തകര്‍ച്ചയിലും അയ്യപ്പന്റെ കവിതകള്‍ ഉരുവിടാത്തവര്‍ വിരളമാണ്. അയ്യപ്പന്റെ വരികളിലൊക്കെയും യുവാക്കള്‍ക്ക് സ്വന്തം ജീവിതം കാണാന്‍ കഴിഞ്ഞിരിക്കണം, അല്ലെങ്കില്‍ ജീവിതം കൈവിട്ടുപോകുമ്പോള്‍ അയ്യപ്പന്‍ തുണയായിരുന്നിരിക്കണം. 

രക്തത്തില്‍ രേഖപ്പെടുത്താം  
നമുക്കീ രതിയുടെ ജന്മനിമിഷവും മൂര്‍ച്ചയും  
കണ്ണടക്കാം പിന്നെ കണ്ണുതുറക്കാം  
മുറിപ്പെടുത്താം സ്വയം മുറിവുണക്കാം (കാമപര്‍വ്വം)

'കരളുപങ്കിടാന്‍ വയ്യെന്റെ പ്രണയമേ പകുതിയും കൊണ്ടുപോയ് ലഹരിയുടെ പക്ഷികള്‍' എന്ന് അയ്യപ്പന്‍ പാടിയപ്പോള്‍ യുവാക്കള്‍ അതേറ്റു പാടി. അയ്യപ്പന്‍ വിടപറഞ്ഞിട്ട് ഏഴു വര്‍ഷം കഴിഞ്ഞിട്ടും യുവാക്കള്‍ക്കിന്നും അയ്യപ്പന്‍ കവിതകള്‍ ഏറെ പ്രിയപ്പെട്ടതാകുന്നത് അതിശയം തന്നെ.

വിഛേദിക്കപ്പെട്ട വിരലാണവള്‍ 
നഷ്ടപ്പെട്ടതെന്റെ മോതിരക്കൈ 

എന്ന് നഷ്ടപ്രണയത്തെക്കുറിച്ച് പാടിയ കവി തന്നെയാണ്  

നീതന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം 
എനിക്ക് പ്രേമകാവ്യമായിരുന്നു 
പുസ്തകത്തില്‍ അന്ന് സൂക്ഷിച്ചിരുന്ന ആലില 
നിന്റെ പച്ച ഞരമ്പുകളെ ഓര്‍മിപ്പിക്കുന്നു 
അതിന്റെ സുതാര്യതയില്‍ 
ഇന്നും നിന്റെ മുഖം കാണാം (ആലില)
എന്ന് പ്രണയത്തെ ഓര്‍ത്തെടുത്തതും. 

ഓരോ കവിതയിലും കവി നിഗൂഢമായതെന്തോ ഒളിപ്പിച്ചു വെയ്ക്കുമ്പോഴും കവിതയിലടക്കം ചെയ്ത മയില്‍പ്പീലിയും മഞ്ചാടിയും മഴയുമൊക്കെ കടന്നുവരുന്നുമുണ്ടായിരുന്നു. ഒരേ സമയം ആര്‍ദ്രമായും തീക്ഷ്ണമായുമെല്ലാം എഴുതിയിരുന്ന അയ്യപ്പന്‍ മലയാള കവിതാലോകത്തെ പ്രതിഭാസം തന്നെയായിരുന്നു.

'ഞാന്‍ കാട്ടിലും
കടലോരത്തുമിരുന്ന്
കവിതയെഴുതുന്നു
സ്വന്തമായൊരു
മുറിയില്ലാത്തവന്‍
എന്റെ കാട്ടാറിന്റെ
അടുത്തു വന്നു നിന്നവര്‍ക്കും
ശത്രുവിനും സഖാവിനും
സമകാലീന ദുഃഖിതര്‍ക്കും
ഞാനിത് പങ്കുവെയ്ക്കുന്നു'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com