'ഒട്ടും വൈകാതെ മാറി മാറി വിളിക്കാവുന്ന പേരുകള്‍ പതിച്ചു കിട്ടി, പിന്നീട് കരയാന്‍ മാത്രമായി സമയം'; കുറിപ്പ്

വീട്ടിലും അച്ഛന്റെ വീട്ടിലും വേണ്ടുവോളം സ്‌നേഹലാളനകളും പരിഗണനകളും കിട്ടിയ എനിക്ക് അന്ന് ആദ്യമായാണ് സ്വന്തം മൂക്കിനെ കുറിച്ച് ബോധ്യപ്പെടുന്നതും, അതിന്റ പേരില്‍ അപകര്‍ഷതാ ബോധം ഉടലെടുക്കുന്നതും
'ഒട്ടും വൈകാതെ മാറി മാറി വിളിക്കാവുന്ന പേരുകള്‍ പതിച്ചു കിട്ടി, പിന്നീട് കരയാന്‍ മാത്രമായി സമയം'; കുറിപ്പ്
Updated on
3 min read

പമാനഭാരത്തില്‍ പൊട്ടിക്കരഞ്ഞ ക്വാഡന്റെ വിഡിയോ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരുന്നു. സ്‌കൂളിലും വീട്ടിലുമെല്ലാം ക്രൂരമായ പരിഹാസത്തിന് ഇരയാകുന്ന കുട്ടികളുടെ പ്രതിനിധിയാണ് ക്വാഡന്‍. നിരവധി പേരാണ് തങ്ങളുടെ നീറുന്ന അനുഭവം തുറന്നു പറഞ്ഞത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് പാലക്കാട്ടുകാരനായ വിപിന്‍ദാസ് ജിയുടെ പോസ്റ്റാണ്. സ്‌കൂള്‍ കാലഘട്ടത്തില്‍ അനുഭവിക്കേണ്ടിവന്ന കളിയാക്കലുകളെക്കുറിച്ചാണ് വിപിന്‍ കുറിച്ചിരിക്കുന്നത്. അച്ഛന്റേയും അമ്മയുടേയും ഒരുവിഭാഗം അധ്യാപകരുടേയും പിന്തുണയിലാണ് പിന്നീട് വിപിന്‍ തന്റെ ആത്മവിശ്വാസം വീണ്ടെടുക്കുന്നത്. വിപിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഹൃദയത്തിലേറ്റുകയാണ്. 

വിപിന്‍ദാസിന്റെ ഫേയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

ഓസ്‌ട്രേലിയയിലെ ക്വാഡന്‍ ബെയ്‌ലിയും ഇന്ത്യയുടെ ഇങ്ങ് തെക്കേയറ്റത്തു കിടക്കുന്ന പാലക്കാടുള്ള വിപിന്‍ദാസ് എന്ന ഞാനും തമ്മില്‍ പ്രഥമദൃഷ്ടിയാല്‍ ബന്ധമൊന്നുമില്ല. പക്ഷേ, കാലവും സ്ഥലവ്യക്തിനാമങ്ങളും മാറി മാറി വരുന്നെങ്കിലും വ്യക്തിത്വത്തില്‍ നിക്ഷേപിക്കപ്പെട്ട്, അധിക്ഷേപിക്കപ്പെടുന്ന കനത്ത ബോഡി ഷെയ്മിംഗിന്റെ കാര്യത്തില്‍ പരോക്ഷമായല്ല, പ്രത്യക്ഷമായി തന്നെ ഞങ്ങള്‍ തമ്മില്‍ ബന്ധമുണ്ട്. ലോകത്തിന്റെ പല കോണുകളിലും ക്വാഡന്മാരുണ്ട്. പരിഹാസങ്ങളില്‍ മുറിപ്പെട്ടു സ്വയം പാര്‍ശ്വവല്‍ക്കരിക്കപ്പെടാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്ന ക്വാഡന്മാര്‍. വ്യക്തിത്വം രൂപപ്പെടുന്നതില്‍ ബാല്യകാലത്തിനുള്ള പങ്കിനെ കുറിച്ച് വാചാലരാകുന്ന സമൂഹത്തില്‍ ക്വാഡന്മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എത്രകണ്ട് ഇന്നും ലോകം ശ്രമിക്കുന്നു എന്നത് വീണ്ടും വീണ്ടും ചിന്തിക്കേണ്ടിവരുന്നു.

90'കളുടെ മധ്യത്തില്‍ അംഗനവാടി അനുഭവങ്ങളൊന്നുമില്ലാതെ അമ്മമ്മയും അമ്മയും ഏടത്തിയും തന്ന ബാലപാഠങ്ങളുടെ പിന്‍ബലത്തില്‍ ആദ്യമായി സ്‌കൂളില്‍ പോകുമ്പോള്‍ ഒട്ടും പരിഭ്രമം തോന്നിയില്ല. അന്ന് എളമ്പുലാശ്ശേരി ജി.എല്‍.പി സ്‌കൂള്‍ തൊട്ടടുത്തുള്ള രാമകൃഷ്ണ ഗുപ്തന്റെ സ്ഥലത്തായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. വീട്ടില്‍ ഇരുന്നാല്‍ സ്‌കൂളിലെ ഓരോ മണിയടിയും കേള്‍ക്കാം. അതുകൊണ്ടുതന്നെ ഒട്ടും അങ്കലാപ്പില്ലാതെ അമ്മയുടെ പുറകെ സ്‌കൂളില്‍ ചെന്നു കയറിയപ്പോള്‍ ചുറ്റിലും കരച്ചിലുകളുടെ, ചീറലുകളുടെ ബഹളമയം. കണ്ണീരും കിനാവും ഒന്നൊതുങ്ങിയപ്പോഴാണ് ക്ലാസ്സിലെ കുട്ടികളുടെ ശ്രദ്ധ മുഴുവന്‍ എന്റെ മൂക്കിലേക്ക് നീണ്ടത്. ഒട്ടും വൈകാതെ 'മൂക്ക് ചപ്പി' എന്നും 'ചപ്ലി മൂക്കന്‍' എന്നും മാറി മാറി വിളിക്കാവുന്ന പേരുകള്‍ പതിച്ചു കിട്ടി. ഒന്നാം തരം തൊട്ട് നാലാംതരത്തില്‍ പഠിക്കുന്ന ഘടാഘടിയന്മാര്‍ വരേ അങ്ങനെ വിളിച്ചു തുടങ്ങിയപ്പോള്‍ ശരിക്കും സമചിത്തത കൈവിട്ടു കരയാന്‍ മാത്രമായി സമയം. വീട്ടിലും അച്ഛന്റെ വീട്ടിലും വേണ്ടുവോളം സ്‌നേഹലാളനകളും പരിഗണനകളും കിട്ടിയ എനിക്ക് അന്ന് ആദ്യമായാണ് സ്വന്തം മൂക്കിനെ കുറിച്ച് ബോധ്യപ്പെടുന്നതും, അതിന്റ പേരില്‍ അപകര്‍ഷതാ ബോധം ഉടലെടുക്കുന്നതും.

സ്‌കൂളില്‍ നിന്നും നിത്യവും കണ്ണുനിറച്ചെത്തുന്ന എന്റെ പരാതികളുടെ ഭാണ്ഡകെട്ടഴിച്ചിരുന്ന അമ്മ ഒന്നരാടം സ്‌കൂളില്‍ വരികയും അദ്ധ്യാപികമാരോട് ഇതേപ്പറ്റി പറയുകയും ചെയ്തിരുന്നു. എന്നാല്‍ ക്ലാസ്സ് ടീച്ചര്‍ ഉള്‍പ്പെടെ അന്ന് അതൊട്ടും കാര്യമാക്കിയെടുത്തില്ല. സ്റ്റാഫ് റൂമിലെ വെടിവെട്ടവും വലിപ്പ കൂട്ടവും സുപ്പീരിയോറിട്ടി കോംപ്ലക്‌സുമൊക്കെയായി നേരം കഴിച്ചു കൂട്ടിയിരുന്നവരെ പറ്റി പിന്നീട് നല്ല ധാരണയായി. അമ്മ നേരിട്ട് കുട്ടികളെ പലവട്ടം ഉപദേശിച്ചു നോക്കി. ചിലര്‍ പിന്മാറി, ചിലര്‍ പരിഹാസം തുടര്‍ന്നു. അങ്ങനെ ഒരു സന്ദര്‍ഭത്തിലാണ് അമ്മയുടെ സഹപാഠിയുടെ സഹോദരനായ വിനോദ് മാഷ് ഇതറിയുന്നതും പ്രശ്‌നം ഏറ്റെടുക്കുന്നതും. മൂക്കിനെ കുറിച്ച്, ശബ്ദ വൈകല്യത്തെ കുറിച്ച് അപകര്‍ഷതാ ബോധം തോന്നിയിടത്തുവച്ചു തന്നെ മാഷ് ആ പ്രശ്‌നം നീക്കി. സ്‌കൂളില്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമുള്ള സാഹിത്യ സമാജങ്ങളൊക്കെ എന്നെക്കൊണ്ട് കഥകള്‍ പറയിപ്പിച്ചു കൊണ്ട് തുടങ്ങിപ്പിച്ചത് മാഷായിരുന്നു. അടുത്ത് നിര്‍ത്തി ഫുള്‍ സ്‌റ്റോപ്പും കോമയും ഒക്കെ ശ്രദ്ധിച്ചു കഥ പറയേണ്ടുന്ന രീതിയെപ്പറ്റി പറഞ്ഞു പഠിപ്പിച്ചു. തുടരാന്‍ കഴിഞ്ഞില്ലെങ്കിലും ക്ലാസിക്കല്‍ നൃത്തത്തോട് എനിക്കുണ്ടായിരുന്ന പാഷനെയും വിനോദ് മാഷ് ആവോളം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. വരാന്തയിലൂടെ തല താഴ്ത്തി നടന്നു പോകുമ്പോള്‍

'തല നിവര്‍ത്തി നടക്കെടാ...'

എന്ന് ഒരു ചെറുചിരിയോടെ പറഞ്ഞത് ഇന്നും പാലിക്കുന്നു. അപൂര്‍വ കാഴ്ചപോലെ മുഖത്തേക്ക് ഉറ്റുനൊക്കുന്നവര്‍ക്കുനേരെ ഒരു ചിരിയോടെ പതര്‍ച്ചയില്ലാതെ നോക്കാന്‍ പഠിപ്പിച്ചതും മാഷാണ്. വിനോദ് മാഷേ കൂടാതെ ഷീബ ടീച്ചര്‍, രാജി ടീച്ചര്‍, അറബി പഠിപ്പിച്ചിരുന്ന മൂസ മാഷൊക്കെ തന്ന പിന്തുണ... യു.പി. സ്‌കൂള്‍ കാലഘട്ടത്തിലും ഡെയ്‌സി ടീച്ചര്‍, നമ്പൂതിരി മാഷ്, രാധമ്മ ടീച്ചര്‍, സരള ടീച്ചര്‍, ജയ ടീച്ചര്‍, ശോഭ ടീച്ചര്‍ തന്ന അങ്ങനെ നീളുന്ന ആ ലിസ്റ്റ് പൂര്‍ണ്ണമാകുന്നത് കാരകുറുശ്ശി ഹൈസ്‌കൂളോട് കൂടിയാണ്. ജീവിതത്തില്‍ ഏറ്റവും നല്ല കാലമായി ഇന്നും തോന്നുന്നത് ആ ഹൈസ്‌കൂള്‍ കാലഘട്ടം തന്നെയാണ്. എല്‍സി ടീച്ചര്‍, ഹരിദാസന്‍ മാഷ്, ഉമദേവി ടീച്ചര്‍, സുലോചന ടീച്ചര്‍, തോമസ് മാഷ്, ജോളി ടീച്ചര്‍, വിജയപ്രകാശന്‍ മാഷ്, അനില്‍ കുമാര്‍ മാഷ് അങ്ങനെ ആ സ്‌കൂള്‍ മുഴുവന്‍ പ്രിയപ്പെട്ട അദ്ധ്യാപകരും പ്രിയപ്പെട്ട കൂട്ടുകാരും മാത്രമായിരുന്നു. ഏതൊരു സദസ്സിനെയും അഭിമുഖീകരിക്കാന്‍, അനിഷ്ടം പ്രകടിപ്പിക്കാന്‍, ചോദ്യം ചെയ്യാന്‍ ഊര്‍ജ്ജം പകര്‍ന്നു തന്ന ചുറ്റിലുമുള്ള സഹജീവികളോടൊക്കെ സ്‌നേഹം. അധിക്ഷേപങ്ങളും തുറിച്ചുനോട്ടങ്ങളും തെല്ലും തീണ്ടാതെ തിരിച്ചു നോട്ടം കൊണ്ട് അകറ്റാന്‍ പഠിപ്പിച്ച ഗുരുക്കന്മാര്‍ക്ക് നന്ദി.

എന്നാല്‍, ഇന്നും സമൂഹത്തില്‍ ഭിന്ന ശേഷിക്കാരും ട്രാന്‍സ്ജന്‍ഡേഴ്‌സും, എന്തിനേറെ തൊലി കറുകറുത്തവര്‍ പോലും അസഹ്യമായ തുറിച്ചുനോട്ടങ്ങളുടെ, അതിലും വൃത്തികെട്ട സഹതാപം തുളുമ്പുന്ന നോട്ടങ്ങള്‍ക്കിരയാണ്. ഓസ്‌ട്രേലിയയില്‍ ക്വാഡന്‍ സ്‌കൂളില്‍ സഹപാഠികളാല്‍ നേരിടുന്ന പരിഹാസങ്ങള്‍ക്ക് പകരം വയ്ക്കാവുന്നതുതന്നെയാണ് മുതിര്‍ന്നവരുടെ ഇത്തരം നോട്ടങ്ങള്‍. കുട്ടികളായിരിക്കുമ്പോള്‍ തന്നെ വേണം ഇത്തരം തെറ്റായ പ്രവണതകളില്‍ നിന്ന് അവരെ തിരുത്തിയെടുക്കാന്‍. സഹജീവികളോട് സഹതാപ പൂര്‍വ്വമല്ല, സൗഹൃദപൂര്‍വ്വം ഇടപെടാന്‍ വീട്ടിലെ മുതിര്‍ന്നവര്‍ കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ എന്റെ അനന്തിരവന്മാരോട് കളിയായും കാര്യമായും കഥയായും ഞാന്‍ എന്നും ഈ കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.

ജീവിതത്തോട് വിരക്തി തോന്നിയ ക്വാഡന്‍, നിന്നെ എനിക്കു മനസ്സിലാവും. ഒരു ഒമ്പതു വയസ്സുകാരന്റെ ഉള്ളില്‍ ഹൃദയത്തില്‍ സ്വയം കത്തി ഇറക്കി ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പരിഹാസങ്ങളെ മനസ്സിലാവും. ക്വാഡന്റെ അമ്മയെ മനസ്സിലാവും. തളരരുത്. പിന്മാറരുത്. മാറും. നമ്മള്‍ മാറ്റും. മുന്നോട്ട്, തലനിവര്‍ത്തി മുന്നോട്ട്... ജീവിതവും ലോകവും അത്ര മോശമൊന്നുമല്ലെന്ന് എനിക്ക് കാണിച്ചു തന്ന മനുഷ്യരെ പോലെ ഒരുപാടുപേര്‍ നമുക്കുചുറ്റിലുമുണ്ട്. അപ്പോള്‍ നമ്മള്‍ മാറുകയും മാറ്റുകയും തന്നെ ചെയ്യും എന്ന ഉത്തമ ബോധ്യത്തില്‍ മുന്നോട്ടു പോവുക...

വിപിന്‍ദാസ് ജി
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com