ഓര്‍മ്മയില്ലെ കേരളത്തേയും ഫുട്‌ബോളിനെയും ഒരുപോലെ സ്‌നേഹിച്ച തമിഴ്‌നാട്ടിലെ ആ എട്ടാംക്ലാസുകാരനെ?; സുഡാനിക്ക് കിട്ടിയ അവാര്‍ഡ് തുക അവന് കാലുകള്‍ വയ്ക്കാനുള്ളതാണ്

വലിയൊരു ഫുട്‌ബോള്‍ കളിക്കാരനാകണമെന്നാഗ്രഹിച്ച എട്ടാംക്ലാസുകാരന്‍, ലോറി ഡ്രൈവറായ അവന്റെയച്ഛന്‍ യാത്രകഴിഞ്ഞ് തമിഴ്‌നാട്ടിലെ വീട്ടിലേക്കെത്തുമ്പോഴെല്ലാം കേരളത്തെക്കുറിച്ച് പറയുമായിരുന്നു
ഓര്‍മ്മയില്ലെ കേരളത്തേയും ഫുട്‌ബോളിനെയും ഒരുപോലെ സ്‌നേഹിച്ച തമിഴ്‌നാട്ടിലെ ആ എട്ടാംക്ലാസുകാരനെ?; സുഡാനിക്ക് കിട്ടിയ അവാര്‍ഡ് തുക അവന് കാലുകള്‍ വയ്ക്കാനുള്ളതാണ്
Updated on
2 min read


കേരളത്തെ അത്രയധികം സ്‌നേഹിക്കുന്ന, ഫുട്‌ബോള്‍ ഭ്രാന്തനായ ഒരു തമിഴ്‌നാട്ടിലെ എട്ടാക്ലാസുകാരന്‍ കേരളത്തിലേക്കുള്ള യാത്രക്കിടെ ലോറി മറിഞ്ഞ് ഇരുകാലുകളും നഷ്ടപ്പെട്ട വാര്‍ത്ത മലയാളികള്‍ ഏറെ ദുഃഖത്തോടെയാണ് വായിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം നമ്മള്‍ മറുന്നുപോയി. പക്ഷേ മറക്കാത്ത ചിലരുണ്ടായിരുന്നു... അവരവനെ തിരക്കിപ്പിടിച്ചു, സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് ലഭിച്ച തുക അവന് കൊടുക്കാന്‍ തീരൂമാനിച്ചു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് സൗബിന്‍ അടക്കമുള്ള അഞ്ചുപേര്‍ക്ക് ലഭിച്ച അവാര്‍ഡ്തുക ഹരീഷ് എന്ന തമിഴ്‌നാട്ടുകാരന്‍ കാലുകള്‍ വെച്ചിപിടിപ്പിക്കാന്‍ നല്‍കുകയാണ്.ഡോക്യുമെന്ററി സംവിധായകന്‍ കെആര്‍ സുനില്‍ ആണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഹരീഷിനെ മലയാളികളുടെ ഓര്‍മ്മകളിലേക്ക് തിരികെക്കൊണ്ടുവരുന്നത്. 

ഹരീഷിന്റെ ജീവിതത്തെയും അവനെ വീണ്ടും കണ്ടുപിടിച്ചതിനെക്കുറിച്ചും സുനില്‍ ഫെയ്‌സ്ബുക്കില്‍ ഇങ്ങനെ കുറിച്ചു: 

വലിയൊരു ഫുട്‌ബോള്‍ കളിക്കാരനാകണമെന്നാഗ്രഹിച്ച എട്ടാംക്ലാസുകാരന്‍, ലോറി ഡ്രൈവറായ അവന്റെയച്ഛന്‍ യാത്രകഴിഞ്ഞ് തമിഴ്‌നാട്ടിലെ വീട്ടിലേക്കെത്തുമ്പോഴെല്ലാം കേരളത്തെക്കുറിച്ച് പറയുമായിരുന്നു. അങ്ങനെ അവന്റെയുള്ളിലും കേരളം കാണണമെന്ന ആഗ്രഹമുണ്ടായി. ഒരു വെക്കേഷന്‍ നാളിലെ കേരളയാത്രയില്‍ മകനേയും ഒപ്പംചേര്‍ത്തു. സ്‌കൂള്‍ ഫുഡ്‌ബോള്‍ ടീമില്‍ ചേരുന്നതിനുള്ള പരിശീലനത്തിനാവശ്യമായ ബോള്‍, ബൂട്ട്, ജഴ്‌സി തുടങ്ങിയവ കേരളത്തില്‍നിന്നു വാങ്ങണമെന്ന ആഗ്രഹവുമുണ്ടായിരുന്നു. എന്നാല്‍ തമിഴ്‌നാട്ടില്‍നിന്നുള്ള അവരുടെ യാത്രക്കിടെ പാലക്കാടിനടുത്തുള്ള കുതിരാനില്‍വെച്ച് ലോറിമറിഞ്ഞു. പിതാവ് രക്ഷപ്പെട്ടെങ്കിലും മകന്റെ രണ്ടുകാലുകളും നഷ്ടമായി. തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയില്‍. അവനെ കാണാനായി സ്‌കൂള്‍കുട്ടികള്‍ മുതല്‍ ജനപ്രതിനിധികള്‍ വരെ ആശുപത്രിയിലെത്തി. ഈ നാട്ടുകാരവനെ സ്‌നേഹിക്കുന്നതിന്റെ വാര്‍ത്തകള്‍ അന്നത്തെ പത്രങ്ങളില്‍ നിറഞ്ഞു. അങ്ങനെ കടന്നുപോയ മൂന്നുമാസങ്ങള്‍ക്കു ശേഷം അവന്‍ തിരികെപോയി.

വര്‍ഷങ്ങളേറേയായി. അവനിപ്പോള്‍ എവിടെയായിരിക്കുമെന്നുള്ള ചിന്തയില്‍നിന്നാണ് അന്വേഷണമാരംഭിച്ചത്. തൃശൂരിലെ ആശുപത്രിയിലും ചികിത്സിച്ച ഡോക്ടറുടെ വീട്ടിലും പത്രമാഫീസുകളിലും ഡ്രൈവര്‍മാരോടും പലവട്ടം തിരക്കി. നിര്‍ഭാഗ്യവശാല്‍ എല്ലാവരും അവന്റെ പേരും സ്ഥലവും അഡ്മിറ്റുചെയ്ത തിയ്യതിയും മറന്നുപോയിരുന്നു!

അങ്ങനെ നാളുകളേറേ നീണ്ടു. അവസാനം ഇന്റര്‍നെറ്റിലെ തിരച്ചിലുകള്‍ക്കൊടുവില്‍ മധുരയിലെ അവന്‍ പഠിച്ച സ്‌കൂളിനെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചു. അവരില്‍നിന്ന് ഹരീഷ് എന്നാണ് അവന്റെ പേരെന്നുംമറ്റുമറിഞ്ഞത്.

അടുത്ത ദിവസംതന്നെ മധുരയിലെ തികച്ചും സാധാരണക്കാര്‍ താമസിക്കുന്ന ഗ്രാമത്തിലുള്ള അവന്റെ വീട്ടിലേക്കെത്തി. ഒട്ടുംതന്നെ സന്തോഷകരമല്ലായിരുന്നു അവിടത്തെ അവസ്ഥകള്‍. അമ്മ മറ്റൊരു ജീവിതംതേടിപ്പായിരുന്നു. വല്ലപ്പോഴും മാത്രംവരുന്ന പിതാവ്. ചെറിയച്ഛന്റെ തണലില്‍ താമസം. എങ്കിലും പഠനംതുടരുന്നു. കാലുകള്‍ വെക്കണമെന്ന് ആഗ്രഹമുണ്ടവന്. എന്നിട്ട് ഒരിക്കല്‍ക്കൂടി കേരളത്തിലേക്ക് വരണമെന്നും പ്രിയപ്പെട്ട കാല്‍പ്പന്തുകളിക്കാരനായ ഐഎം.വിജയനെ കാണണമെന്നും!

ഹരീഷിനെക്കുറിച്ച് വാരാന്തപ്പതിപ്പിലെഴുതിയ ലേഖനവും തുടര്‍ന്നുവന്ന  In His Pursuit എന്ന ഡോക്യൂമെന്ററിയും ഈ സംഭവങ്ങള്‍ ആളുകളിലേക്കെത്താന്‍ കാരണമായി. ആധുനികരീതിയില്‍ അവനുചേര്‍ന്ന കൃത്രിമക്കാലുകള്‍ക്കു വേണ്ടിവരുന്ന പതിനെട്ടുലക്ഷം രൂപയോളം പലരും തരാമെന്നേറ്റു. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ പ്രളയം പ്രതീക്ഷകളെയെല്ലാം തെറ്റിച്ചു. എങ്കിലും തിരുവനന്തപുരത്തുനിന്നുള്ള ഒരു സ്ത്രീ അവരുടെ മകളുടെ കല്യാണച്ചിലവുകളില്‍നിന്നും മൂന്ന് ലക്ഷംരൂപ അവന് അയച്ചുകൊടുത്തു!

പത്തേമാരിയിലെ തൊഴിലാളികളെക്കുറിച്ചുള്ള എന്റെ ചിത്രപ്രദര്‍ശനം മട്ടാഞ്ചേരിയിലെ ഉരു ആര്‍ട്ട് ഹാര്‍ബറില്‍ നടക്കുന്നുണ്ട്. അതറിഞ്ഞ് മധുരയില്‍നിന്ന് അവന്റെ വിളി വന്നു; പ്രദര്‍ശനം ഇവിടെവന്നുകാണണമെന്ന് !അതിന് ഞാന്‍ എതിരുപറഞ്ഞു. ഇത്രദൂരമെത്തിപ്പെടാനും ഗ്യാലറിയുടെ ഒന്നാം നിലയിലേക്ക് കയറാനുമുള്ള ബുദ്ധിമുട്ടായിരുന്നു അങ്ങനെ പറയിച്ചത്. പക്ഷേ, സുഹൃത്തിനൊപ്പം ഒരുപാടുദൂരം സഞ്ചരിച്ച് ഇന്നലെ അവനെത്തി.

ഹരീഷ് വന്നെന്നറിഞ്ഞപ്പോള്‍, പലപ്പോഴും അവനെക്കുറിച്ച് തിരക്കാറുള്ള സിനിമാപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ ആഷിക് അബു, ഷൈജു ഖാലിദ്, കെഎം കമല്‍ തുടങ്ങിയവരും എത്തിച്ചേര്‍ന്നു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് സൗബിന്‍ അടക്കമുള്ള അഞ്ചുപേര്‍ക്ക് ലഭിച്ച അവാര്‍ഡ് തുക ഹരീഷിനു നല്‍കാന്‍ തീരുമാനിച്ചതായി നിര്‍മ്മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും അറിയിച്ചു.

ഹരീഷിനെക്കുറിച്ച് കെആര്‍ സുനില്‍ ചെയ്ത ഡോക്യുമെന്ററി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com