

കുലമഹിമയും സ്ഥലമിഹമയും ഇല്ലാത്തതുകൊണ്ട് കലാമണ്ഡലത്തിലെ അധ്യാപകര്‍ പഠിപ്പിക്കില്ലെന്നു പറഞ്ഞ ഒരെട്ടാം ക്ലാസുകാനുണ്ടായിരുന്നു തിരുവന്തപുരത്തെ ചെങ്കല്‍ച്ചൂളയില്‍, നിധീഷ്. അപമാനഭാരം പേറി കലാമണ്ഡലത്തിന്റെ പടിയിറങ്ങുമ്പോള്‍ ആ എട്ടാം ക്ലാസുകാരന്‍ മനസ്സില്‍ കുറിച്ചിട്ടു, തന്റെ സ്ഥലത്തിന്റെ പേര് വാനോളമുയര്‍ത്തും, ചെങ്കല്‍ച്ചൂളയിലെ മനുഷ്യര്‍ക്കും സംഗീതവും കലയുമൊക്കെ വഴങ്ങുമെന്ന് നാട്ടുകാര്‍ക്ക് കാണിച്ചുകൊടുക്കുമെന്ന്. സ്ഥല, കുല മഹിമ നോക്കി കല പറഞ്ഞുകൊടുക്കുന്ന കലാമണ്ഡലത്തിലെ ഉന്നത കുലജാതരായ അധ്യാപകര്‍ അംഗീകരിച്ചില്ലെങ്കിലും നിധീഷിനെ അംഗീകരിച്ച മറ്റൊരു ആശാനുണ്ടായിരുന്നു, സാക്ഷാല്‍ എ.ആര്‍ റഹ്മാന്‍!
റഹ്മാന്‍ സംഗീത സ്‌കൂളിലെ പ്രഗത്ഭനായ ആ വിദ്യാര്‍ത്ഥിയിപ്പോള്‍ സിനിമ സംഗീത രംഗത്തേക്ക് കടന്നുവന്നിരിക്കുകയാണ്. ചാപ്‌റ്റേഴ്‌സ് അടക്കം ശ്രദ്ധിക്കപ്പെട്ട സിനിമകളൊരുക്കിയ സംവിധായകന്‍ സുനില്‍ ഇബ്രാഹിമിന്റെ പുതിയ ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു ഗാനം ഒരുക്കുന്നത് നിധീഷാണ്. ഒറ്റഗാനം കൊണ്ട് താന്‍ വെള്ളിത്തിരയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കുമെന്നാണ് നിധീഷ് പറയുന്നത്.
ഏറെ പ്രതീക്ഷയോടെയായിരുന്നു നിധീഷ് കലാമണ്ഡത്തിലേക്ക് പോയത്. തുടര്‍ച്ചയായി ചെണ്ടകൊട്ടി ഗിന്നസ് ബുക്കില്‍ പേര് ചേര്‍ത്ത ചെങ്കല്‍ച്ചൂളക്കാരന്‍ സതീശിന്റെ മകന് കലാമണ്ഡലം ഒരു വലിയ സ്വപ്‌നമായിരുന്നു. എന്നാല്‍ അവിടുത്തെ അനുഭവമാകട്ടെ, ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത അപമാനവും. ചെങ്കല്‍ച്ചൂള പോലൊരു സ്ഥലത്ത് നിന്നുവന്ന കീഴ്ജാതിക്കാരനെ ചെണ്ടപഠിപ്പിക്കാന്‍ കഴിയില്ലെന്ന് അന്നത്തെ അദ്ധ്യാപകര്‍ നിലപാടെടുക്കുകയായിരുന്നു, കലാമണ്ഡലത്തില്‍ നിന്ന് തിരികെവന്ന നിധീഷ് തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ ചേര്‍ന്നു. കലാമണ്ഡലത്തില്‍ പഠിപ്പിക്കില്ലായെന്ന് പറഞ്ഞ ഗുരുക്കന്‍മാര്‍രോട് കലോത്സവങ്ങളില്‍ തുടര്‍ച്ചയായി ഒന്നാംസ്ഥാനം നേടിയായിരുന്നു നിധീഷ് പകരം വീട്ടിയത്. പ്ലസ്ടു കഴിഞ്ഞതോടെ സംഗീതത്തോടും ശബ്ദത്തോടുമുള്ള നിധീഷിന്റെ ആഗ്രഹം അതിരുകടന്നു. എറണാകുളത്തെ സി-ഡിറ്റില്‍ സൗണ്ട് എഞ്ചിനിയിറങ്ങ് പഠിക്കാന്‍ ചേര്‍ന്ന നിധീഷ് അവിടെനിന്ന് വണ്ടികയറിയത് ചെന്നൈയിലേക്കായിരുന്നു. എ.ആര്‍ റഹ്മാന്റെ ഉടമസ്ഥതയിലുള്ള കെഎം മ്യൂസിക് കണ്‍സര്‍വേറ്ററിയിലേക്ക്.
ചെന്നൈയിലേക്ക് പോകുമ്പോള്‍ സംഗീതത്തോടുള്ള അടങ്ങാത്ത ഭ്രമത്തെക്കാള്‍ മനസ്സില്‍ കിടന്നാളിയിരുന്നത് തന്നെ അവിടെ നിന്നും പറഞ്ഞുവിടുമോയെന്ന ഭയമായിരുന്നു. എന്നാല്‍ ഇരുകയ്യും നീട്ടിയാണ് റഹ്മാന്റെ സ്ഥാപനം നിധീഷിനെ സ്വീകരിച്ചത്.
സുനില്‍ ഇബ്രാഹിമിന്റെ 'വൈ'യില്‍ നിധീഷ് സംഗീതം നല്‍കിയ പാട്ട്
റഹ്മാന്റെ സ്ഥാപനമാണെങ്കിലും ഫീസിന് കുറവൊന്നുമുണ്ടായിരുന്നില്ലെന്ന് നിധീഷ് ഓര്‍ക്കുന്നു. അച്ഛനും വീട്ടുകാരും മുണ്ട് മുറുക്കിയുടുത്ത് മകന് പഠിക്കാനുള്ള പണമയച്ചുകൊടുത്തു. നാട്ടുകാരോടെല്ലാം മകന്‍ എ.ആര്‍ റഹ്മാന്റെ മ്യൂസിക് സ്‌കൂളില്‍ പഠിക്കാന്‍ ചേര്‍ന്ന കഥ അച്ഛന്‍ സതീശ് അഭിമാനത്തോടെ പറഞ്ഞുനടക്കുമായിരുന്നു എന്നാലും തുടര്‍ച്ചയായി ചെണ്ടകൊട്ടി ഗിന്നസ് ബുക്കില്‍ പേരുചേര്‍ത്ത ആ ചെങ്കല്‍ച്ചൂളക്കാരന് താങ്ങാവുന്നതിനുമപ്പുറത്തായിരുന്നു മകന്റെ ചിലവുകള്‍. സതീശിന്റെ അവസ്ഥ കണ്ടറിഞ്ഞ സിപിഎം നേതാവ് ടി.എന്‍ സീമയാണ് നിധീഷിന് പഠിക്കാനുള്ള ചിലവ് ഏറ്റെടുത്ത് സഹായിച്ചത്. ലാപ്‌ടോപ്പ് വരെ വാങ്ങിത്തന്ന സീമടീച്ചറെപ്പറ്റി പറയുമ്പോള്‍ നിധീഷിന് നൂറ് നാവാണ്.
'' റഹ്മാന്‍ സ്‌കൂളിലെ കാലമാണ് വഴിത്തിരിവായത്. പഠനശേഷവും കുറച്ചുകാലം അവിടെത്തന്നെ തുടര്‍ന്നു.അവിടെവെച്ചാണ് ചെണ്ടയ്ക്കുള്ള വില എന്താണ് എന്ന് മനസ്സിലാകുന്നത്. അവിടുന്നുതന്നെ പല പ്രോഗ്രാമുകളില്‍ പങ്കെടുക്കാന്‍ സാധിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു റഹ്മാന്‍ സാറിനെ കാണാന്‍ പറ്റുമെന്നും അദ്ദേഹക്തിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റുമെന്നും...' റഹ്മാന്‍ സ്‌കൂളിലെ അനുഭവത്തെക്കുറിച്ച് പറയുമ്പോള്‍ നിധീഷ് വാചാലനാകുന്നു.
2015ല്‍ തിരിച്ചെത്തിയ നിധീഷ് ചെങ്കല്‍ച്ചൂളയിലേയും തിരുവനന്തപുരത്തേയും കലാകാരന്‍മാരെക്കൂട്ടി ചങ്ങാതി എന്ന പേരില്‍ ഒരു നാടന്‍പാട്ട് സംഘം രൂപീകരിച്ചു. ''ചെങ്കല്‍ച്ചൂളയ്ക്കകത്ത് ധാരാളം കലാകാരന്‍മാരുണ്ട്. എല്ലാവരും സംഗീതം മനസ്സില്‍ കൊണ്ടുനടക്കുന്നവരാണ്, അല്ലാതെ മുഖ്യധാര എന്നവകാശപ്പെടുന്നവര്‍ പറയുന്നതുപോലെ ഞങ്ങളാരും അടിപിടിക്ക് മാത്രം നടക്കുന്നവരല്ല, നിങ്ങളൊക്കെ ഇല്ലാക്കഥ പറഞ്ഞു പരത്തി ഒരു സമൂഹത്തിനെ നശിപ്പിക്കുകയാണ്''നിതീഷിന്റെ വാക്കുകളില്‍ പൊതുസമൂഹം ഇപ്പോഴും ചെങ്കല്‍ച്ചൂള പോലുള്ള അടിസ്ഥാനവര്‍ഗ്ഗം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളോട് കാണിക്കുന്ന വിവേചനത്തിനെതിരേയുള്ള ശക്തമായ പ്രതിഷേധമുണ്ട്.
''ധാരാളം കലാകാരന്‍മാരാണ് ഇവിടെ അവസരം ലഭിക്കാതെ നശിച്ചുപോകുന്നത്, അവരെ കൂടെ നിര്‍ത്തി വളര്‍ത്തിയെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. നിലവില്‍ 17 പേര്‍ ഞങ്ങളുടെ ടീമിലുണ്ട്.നാടന്‍പാട്ടുകൊണ്ട് ഞങ്ങളിങ്ങനെ ഞങ്ങളുടെ ജീവിതം തിരിച്ചുപിടിക്കും.'' നിധീഷ് പറയുന്നു. പരമ്പരാഗത വാദ്യ ഉപകരണങ്ങളുപയോഗിച്ചുകൊണ്ടുള്ള സംഗീത രീതിയാണ് ചങ്ങാതി മുന്നോട്ടു വെക്കുന്നത്. കേരളത്തിനകത്തും പുറത്തും ഇപ്പോള്‍ത്തന്നെ ചങ്ങാതി പ്രസിദ്ധിയാര്‍ജിച്ചു കഴിഞ്ഞു.
സംഗീത കലാ രംഗത്തെ ജാതീയതയുമായി ബന്ധപ്പെട്ട് പ്രമുഖ ദലിത് ആക്ടിവിസ്റ്റുകളായ എഎസ് അജിത്ത് കുമാറും രൂപേഷ് കുമാറും ചേര്‍ന്നൊരുക്കിയ 3D STEREO CASTE എന്ന ഡോക്യുമെന്ററി.
സിനിമ പ്രവര്‍ത്തകനായ സൂരജ് വഴിയാണ് നിധീഷ് സിനിമയിലേക്ക് ചുവടുവെക്കുന്നത്. പത്തു ദിവസം കൊണ്ടാണ് നിധീഷ് സിനിമയുടെ പാട്ട് ചെയ്ത് തീര്‍ത്തത്.
''അല്‍പ്പം രക്ഷപ്പെട്ടുവെന്ന് തോന്നിത്തുടങ്ങിയപ്പോള്‍ പല ആളുകളും വന്നു ഇനി ചെങ്കല്‍ച്ചൂളയില്‍ നിന്ന് മാറി താമസിക്കണമെന്നും, സ്റ്റാന്റേര്‍ഡ് കീപ്പ് ചെയ്യണമെന്നും ഒക്കെ പറഞ്ഞു. എനിക്ക് മനസ്സിലാകുന്നില്ല എന്താണ് ഇവരുദ്ധേശിക്കുന്ന സ്റ്റാന്റേര്‍ഡ് എന്ന്. ജനിച്ച നാട് വിട്ടു ഞാനെങ്ങോട്ടുപോകാനാണ്? ഞങ്ങളെങ്ങനെയാണ് നഗരസമൂഹത്തിന് സ്റ്റാന്റേര്‍ഡില്ലാത്തവരായത്. ശരിക്കും പറഞ്ഞാല്‍ ഇവരുടെ അടഞ്ഞ ചിന്താഗതിയാണ് മാറോണ്ടത്.കുഞ്ഞുനാളിലെ കണ്ട് വളര്‍ന്നവരെ വിട്ട്,കൂട്ടുകൂടിയവരെ വിട്ട്, ചോറുതന്നവരെ വിട്ട് ഞങ്ങളെങ്ങോട്ടാണ് പോകേണ്ടത്? ഞങ്ങളെവിടെയും പോകില്ല, മാറേണ്ടത് നിങ്ങളുടെ ചിന്താഗതിയാണ് എന്നാണ് അത്തരത്തില്‍ സംസാരിക്കാന്‍ വരുന്നവരോട് ഞാന്‍ പറയാറ്.''നിധീഷ് പറയുന്നു.
''ഇനിയൊരു മ്യൂസിക് ഡയറക്ടറിന് കീഴില്‍ അസിസ്റ്റന്റായി നില്‍ക്കാന്‍ താത്പര്യമില്ല,അത് അഹങ്കാരം കൊണ്ട് പറയുന്നതാണ് എന്ന് കരുതരുത്,പല മ്യൂസിക് ഡയറക്ടര്‍മാരും അസിസ്റ്റന്റുമാര്‍ കൊടുക്കുന്ന ഐഡിയ ഡെവലപ് ചെയ്ത് സ്വന്തം പാട്ടാക്കി ഇറക്കുകയാണ് പതിവ്, നമ്മളിങ്ങനെ റോഡില്‍ കിടന്ന് കൊട്ടിപ്പാടിയെടുക്കുന്ന സാധാനം ചുളുവില്‍ അവര്‍ കൊണ്ടുപോകേണ്ട കാര്യമില്ലല്ലോ... അവസരങ്ങള്‍ തേടിയെത്തും എന്നുതന്നെയാണ് പ്രതീക്ഷ,അതിന് വേണ്ടി കാത്തിരിക്കാനും തയ്യാറാണ''്.നിധീഷ് പറയുന്നു. സിനിമയും മേളവും നാടന്‍പാട്ടും ഡാന്‍സും ഒക്കെ ഒരുമിച്ചുതന്നെ മുന്നോട്ടുകൊണ്ടുപോകണമെന്നും ചങ്ങാതിയെ വളര്‍ത്തി ലോകമറിയുന്ന ബാന്റാക്കണമെന്നുമാണ് നിധീഷിന്റെ ആഗ്രഹം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates