►കവിതയ്ക്കു നിരവധി പാഠാന്തരങ്ങളുണ്ട്. വായന, കേള്‍വി, കാഴ്ച തുടങ്ങി വിഭിന്ന വഴികളിലൂടെ കവിതയുടെ ആന്തരിക ജീവിതസ്ഥലികളിലേയ്ക്ക് എത്താന്‍ കഴിയും. അര്‍ത്ഥങ്ങളുടെ അനന്തവൈവിധ്യങ്ങളെ ശബ്ദത്തിന്റെ സ്വരഭേദങ്ങളിലൂടെ സൃഷ്ടിക്കാനാവും. അനുഭവങ്ങളുടെ അസാധാരണ വിസ്മയങ്ങളെ ദൃശ്യങ്ങളിലൂടെ സൃഷ്ടിക്കാനാവും. കവിതയ്ക്ക് അതിന്റെ വാക്കുകള്‍ വിട്ട് അസാധാരണ ജീവിത തീരമാവാന്‍ അനായാസം കഴിയും. പോയട്രി ഇന്‍സ്റ്റലേഷനിലൂടെ അതാണ് കണ്ടെത്തുന്നത്.
കലയിലെ സമകാലിക സര്‍ഗ്ഗാനുഭവമാണ് പോയട്രി ഇന്‍സ്റ്റലേഷന്‍. കവിതയെ കലയുടെ വൈവിധ്യങ്ങളിലേയ്ക്കു വിവര്‍ത്തനം ചെയ്യുന്ന നവീന തന്ത്രം. വാക്കുകളും വരികളും ശബ്ദത്തിന്റെ അനന്തസാധ്യതകളിലൂടെ ദൈവരൂപാന്തരമാകുന്ന കലാവിഷ്‌കാരം. വാക്കുകള്‍ക്കിടയിലെ നിശ്ശബ്ദതയ്ക്കുപോലും വലിയ അര്‍ത്ഥകല്പനകള്‍ സൃഷ്ടിക്കാന്‍ കഴിയുന്നു. വാക്കുകള്‍ ശബ്ദത്തിന്റെ ചിറകിലേറി പടര്‍ന്നുനടക്കുന്ന അനുഭവം. കവിത ഒരു ശില്പത്തിന്റെ രൂപാന്തര സാധ്യതകളിലേയ്ക്കു പരാവര്‍ത്തനം ചെയ്യുന്ന കലാസന്ദര്‍ഭം. കവിതയെ മൂര്‍ത്തമായ ദൃശ്യങ്ങളിലൂടെയും ശബ്ദസമുച്ചയത്തിലൂടെയും സംവേദന സാധ്യമാക്കുന്ന കലാവിഷ്‌കാരം.
ഇങ്ങനെ കവിതയ്ക്ക് ആധുനിക സാങ്കേതികവിദ്യയുടെ വിജയപഥങ്ങളിലൂടെ നവീന സര്‍ഗ്ഗസാക്ഷാല്‍ക്കാരം നടത്താനുള്ള വിഭിന്ന സന്ദര്‍ഭങ്ങളാണ് കാത്തിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ പോയട്രി ഇന്‍സ്റ്റലേഷനു നിരവധി സാധ്യതകളാണുള്ളത്. പ്രശസ്ത ചിത്രകാരനും ശില്പിയുമായ എന്‍.എന്‍. റിംസണ് പോയട്രി ഇന്‍സ്റ്റലേഷന്റെ വരാനിരിക്കുന്ന കാലത്തെക്കുറിച്ചു പ്രത്യാശാഭരിതമായ കാഴ്ചപ്പാടാണുള്ളത്. ''സാംസ്‌കാരിക ചരിത്രത്തിലെ വലിയ മാധ്യമമായ കവിത, ശബ്ദം, വെളിച്ചം, ശില്പം തുടങ്ങിയ മാധ്യമങ്ങളിലൂടെ ആവിഷ്‌കരിക്കുന്നതു നവീന അനുഭവമാണ്.' കവിതയ്ക്ക് എത്രമാത്രം ഫലപ്രദമായി സംവേദനം നടത്താന്‍ കഴിയും എന്ന അന്വേഷണം അഭിനന്ദനാര്‍ഹമാണ്. വായനയില്‍നിന്നും വ്യത്യസ്തമായ കാവ്യാനുഭവം സൃഷ്ടിക്കുക എന്നതു ശ്രദ്ധേയമാണ്. കവിതയുടെ ഇലസ്‌ട്രേഷന് അപ്പുറത്ത്, അതിന്റെ ഉള്ളടക്കത്തെ ശില്പമായി രൂപാന്തരപ്പെടുത്തുക എന്ന ശ്രമകരമായ ഒന്നാണ്. കവിതയ്ക്ക് ത്രിഡൈമെന്‍ഷന്‍ അനുഭവം സൃഷ്ടിക്കുക എന്നത് അസാധാരണമാണ്. പോയട്രി ഇന്‍സ്റ്റലേഷന്‍ വര്‍ത്തമാനകലയിലെ പുതിയ ചുവടുവെയ്പുമായിത്തന്നെ കാണണം' റിംസണ്‍ ഇങ്ങനെ വിലയിരുത്തുന്നു.
സാഹിത്യത്തിലെ മറ്റെല്ലാ സാഹിത്യരൂപങ്ങളില്‍നിന്നും വ്യത്യസ്തമായി കവിതയ്ക്കു മാത്രമേ ഇന്‍സ്റ്റലേഷന്റെ വലിയ സാധ്യതകളിലേയ്ക്കു വളരാന്‍ കഴിയൂ. പലപ്പോഴും കവിത രൂപപ്പെടുന്നതുതന്നെ ദൃശ്യസഞ്ചയങ്ങള്‍കൊണ്ടാണ്. രൂപകങ്ങളുടെ നിരതന്നെ കവിതയുടെ സാക്ഷാല്‍ക്കാരത്തെ നിര്‍ണ്ണയിക്കുന്നു. വാക്കുകളെ ശബ്ദങ്ങളാക്കാനും വേഗം കഴിയുന്നു. ഇത്തരമൊരു കലാപരീക്ഷണത്തോട് മലയാളി ആസ്വാദകലോകം സവിശേഷമായ ആഭിമുഖ്യമാണ് പുലര്‍ത്തുന്നത്. വിനോദ് കൃഷ്ണ മൂന്ന് എഡിഷനുകളിലായി തയ്യാറാക്കിയ പോയട്രി ഇന്‍സ്റ്റലേഷന്‍ അതാണ് തെളിയിക്കുന്നത്. ചലച്ചിത്രകലയില്‍നിന്നാണ് വിനോദ് കൃഷ്ണ പോയട്രി ഇന്‍സ്റ്റലേഷനിലേയ്ക്ക് എത്തുന്നുത്. ദൃശ്യത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള അന്വേഷണമാണ് ഇന്‍സ്റ്റലേഷനിലൂടെ സാക്ഷാല്‍ക്കരിക്കുന്നത്. ''എന്തിനേയും വലുതായി കാണാനുള്ള ആഗ്രഹത്തില്‍നിന്നാണ് ഇന്‍സ്റ്റലേഷന്‍ എന്ന കലയിലേയ്ക്ക് എത്തുന്നത്.
ഓരോ വസ്തുവിനേയും അതിന്റെ എത്രയോ മടങ്ങ് വലിപ്പത്തില്‍ ഭാവന ചെയ്യാന്‍ ആഗ്രഹിക്കും. അങ്ങനെ കവിതയേയും വലിയ ക്യാന്‍വാസിലേയ്ക്കു വിവര്‍ത്തനം ചെയ്യാനുള്ള താല്പര്യമുണ്ടായി. ശബ്ദവും ദൃശ്യവും കൊണ്ട് കവിതയുടെ സംവേദനത്തിന്റെ വലിയ സാധ്യതകള്‍ നല്‍കാന്‍ കഴിയുമെന്നു തോന്നി. അതിലൂടെയാണ് പോയട്രി ഇന്‍സ്റ്റലേഷനിലേയ്ക്കു കടന്നുവരുന്നത്. ഇതിലേയ്ക്ക് എത്താന്‍ മറ്റൊരു സന്ദര്‍ഭം കൂടി ഉണ്ടായി. അജീഷ് ദാസന്റെ 'കുതിര ഒരു ദേശീയമൃഗം' എന്ന കവിത പല പ്രസിദ്ധീകരണങ്ങളും തിരസ്‌കരിച്ചു. വലിയ രാഷ്ട്രീയ പ്രമേയമുള്ള ഒരു കവിതയാണത്. അത്തരമൊരു സാഹചര്യത്തില്‍ കവിതയെ ജനങ്ങളിലേയ്ക്കു തിരിച്ചുകൊണ്ടുവരണമെന്നു തോന്നി. മാധ്യമങ്ങളുടെ പരിധിക്കപ്പുറത്തേയ്ക്കു കവിത എത്തിക്കാനുള്ള ശ്രമമാണ് നടത്തിയത്. പോയട്രി ഇന്‍സ്റ്റലേഷന്‍ അങ്ങനെയാണ് പിറന്നത്' -വിനോദ് കൃഷ്ണ പറഞ്ഞു. അജീഷ് ദാസന്റെ 'കുതിര ഒരു ദേശീയമൃഗം', എസ്. കലേഷിന്റെ 'ശബ്ദമഹാസമുദ്രം' എന്നീ രണ്ട് കവിതകളാണ് ആദ്യ പോയട്രി ഇന്‍സ്റ്റലേഷനായി തെരഞ്ഞെടുത്തത്.
''വലിയ ആത്മവിശ്വാസം ആദ്യത്തെ പ്രദര്‍ശനം തന്നു. ശില്പത്തിനുള്ളിലൂടെ തന്നെയുള്ള കാവ്യപ്രധാനമായിരുന്നു അതില്‍ ഉണ്ടായിരുന്നത്. കവിതയെ പുതിയ കലാമാധ്യമത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് അതോടെ മനസ്‌സിലായി' -വിനോദ് കൃഷ്ണ.
പോയട്രി ഇന്‍സ്റ്റലേഷന്‍ കവിതയുടെ ഒരു സാധാരണ വായന അല്ല. കവിത രൂപപ്പെട്ടുവരുന്ന സാമൂഹിക രാഷ്ട്രീയ സാഹചര്യത്തോടു ചേര്‍ത്തുനിര്‍ത്തി, കലാവിഷ്‌കാരം നടത്താനാണ് ശ്രമിക്കുന്നത്. വാക്കുകള്‍ക്കും വരികള്‍ക്കുമപ്പുറത്തു പടര്‍ന്നുനില്‍ക്കുന്ന രാഷ്ട്രീയമാനങ്ങളിലേയ്ക്കുള്ള യാത്രയാണ് പോയട്രി ഇന്‍സ്റ്റലേഷന്‍. ''സ്വാതന്ത്ര്യം, അസ്തിത്വം തുടങ്ങിയ ആശയങ്ങളാണ് പോയട്രി ഇന്‍സ്റ്റലേഷനിലൂടെ അവതരിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചത്. കവിതകളുടെ രാഷ്ട്രീയ വായനയാണ് ഞാന്‍ ഈ കലാവിഷ്‌കാരത്തിലൂടെ ലക്ഷ്യമിടുന്നത്. അത്തരം വായനകള്‍ക്കു സാധ്യതയുള്ള കവിതകളാണ് ഞാന്‍ തെരഞ്ഞെടുക്കുന്നതും.' വിനോദ് കൃഷ്ണ കവിതയുടെ തെരഞ്ഞെടുപ്പിന്റെ സാധ്യതകള്‍ പരിഗണിക്കുന്നത് ഇങ്ങനെയാണ്. കവിതയ്ക്കു നല്‍കുന്ന ഇത്തരം സവിശേഷ വ്യാഖ്യാനങ്ങള്‍, കാലത്തിന്റേയും ചരിത്രത്തിന്റേയും അടയാളങ്ങള്‍ കണ്ടെത്താന്‍ പ്രേരിപ്പിക്കും.
ലോക കാവ്യഭൂപടത്തിലെ നാല് കവികളെയാണ് പോയട്രി ഇന്‍സ്റ്റലേഷന്റെ തിരുവനന്തപുരം വൈലോപ്പിള്ളി ഭവനില്‍ നടന്ന മൂന്നാം എഡിഷനുവണ്ടി തെരഞ്ഞെടുത്തത്. പാബ്‌ളോ നെരൂദ, മുഹമ്മദ് ദാര്‍വിഷ്ഠ, അമൃതആപ്രീതം, സച്ചിദാനന്ദന്‍ എന്നിവരുടെ രചനകളുടെ ഇന്‍സ്റ്റലേഷനാണ് നടത്തിയത്. വിഭിന്ന രാഷ്ട്രീയ സാമൂഹികാവസ്ഥകളോടു പ്രതികരിക്കുന്ന രചനകള്‍ക്കാണ് ആവിഷ്‌ക്കാരം നല്‍കിയത്. വ്യക്തിയും സമൂഹവും നേരിടുന്ന സ്വാതന്ത്ര്യത്തിന്റേയും ഏകാന്തതയുടേയും അസമത്വത്തിന്റേയും പ്രതികരണങ്ങളാണ് ഈ രചനകള്‍. ശബ്ദവിന്യാസത്തിന്റെ അതിവിപുലമായ സാധ്യതകളാണ് ഓരോ രചനകളും തുറന്നിടുന്നത്. പാബ്‌ളോ നെരൂദയുടെ 'ഉപ്പിനൊരു സ്തുതിഗീതം' എന്ന കവിതയുടെ ശബ്ദശില്പാവിഷ്‌കരണം യഥാര്‍ത്ഥത്തില്‍ ഉപ്പു മണക്കുന്നതുതന്നെയാണ്.
കടലും ഉപ്പും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ കലാസമുച്ചയമാണത്. ഒരു വലിയ കരണ്ടിയിലേയ്ക്കു ഉപ്പു പടര്‍ന്നു ജീവിതത്തെ കൊത്തിയെടുക്കുന്നു. കാവ്യാലാപനത്തിന്റെ ശബ്ദപഥങ്ങളില്‍പ്പോലും ഉപ്പുകാറ്റ് വീശുന്നുണ്ട്. നെരൂദയുടെ കവിതയുടെ ആന്തരികചോദന കൃത്യമായി അടയാളപ്പെടുത്താന്‍ കഴിയുന്നു. കവിതയുടെ വ്യത്യസ്ത ആസ്വാദന പാഠാന്തരങ്ങളുടെ സാധ്യത കണ്ടെത്താന്‍ ഈ ശില്പശബ്ദരൂപകത്തിലൂടെ കഴിയുന്നു.
നെരൂദയുടെ കവിതയുടെ ആലാപനം നിര്‍വ്വഹിച്ചത്, പ്രശസ്ത അഭിനേതാവും സംവിധായകനുമായ ജോയി മാത്യുവാണ്. കവിതയിലെ പുതിയ പരീക്ഷണത്തോടു വലിയ ആഭിമുഖ്യമാണ് അദ്ദേഹം പുലര്‍ത്തുന്നത്. ''എഴുപതുകളില്‍ ഞങ്ങള്‍ ചൊല്‍ക്കാഴ്ചകളാണ് അവതരിപ്പിച്ചത്. കവിത ജനങ്ങളിലെത്തിക്കാനുള്ള മാധ്യമം അതായിരുന്നു. നരേന്ദ്ര പ്രസാദും മുരളിയുമൊക്കെ ചൊല്‍ക്കാഴ്ചകളില്‍ സജീവമായിരുന്നു. ഇന്നു കവിത അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്ത ഈ മാധ്യമം പുതിയ കാലത്തിന്റേതാണ്. ആധുനിക സാങ്കേതികവിദ്യയിലൂടെ കവിത എങ്ങനെ അവതരിപ്പിക്കും എന്ന പരീക്ഷണം ശ്രദ്ധേയമാണ്. എനിക്കിഷ്ടപ്പെട്ട കവിയാണ് നെരൂദ. ചൊല്‍ക്കാഴ്ചയില്‍നിന്ന് ഒരു വ്യത്യസ്തത മാത്രമേ ഞാന്‍ കാണുന്നുള്ളൂ. പോയട്രി ഇന്‍സ്റ്റലേഷനില്‍ മനുഷ്യസാന്നിധ്യമില്ല' -ജോയി മാത്യു പറഞ്ഞു.
ജോയി മാത്യുവിന്റെ മൂന്നു കവിതകള്‍-റോജ, അബ്ര, തേര-പോയട്രി ഇന്‍സ്റ്റലേഷനായി രൂപാന്തരപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ്. സച്ചിദാനന്ദന്റെ 'യുദ്ധം കഴിഞ്ഞ്' എന്ന കവിതയുടെ ഇന്‍സ്റ്റലേഷന്‍ തകര്‍ന്ന ജീവിതമുഖത്തെയാണ് അവതരിപ്പിക്കുന്നത്. എല്ലാ മാരക യുദ്ധോപകരണങ്ങള്‍ക്കും നടുവില്‍ നഷ്ടപ്പെട്ടുപോകുന്ന ജീവിതത്തിന്റെ ആവിഷ്‌കാരമാണത്. സ്വയം പൂര്‍ണ്ണമായ ഒരു ശില്പത്തിന്റെ രൂപഘടനയാണ് ഈ ഇന്‍സ്റ്റലേഷനുള്ളത്. നിരവധി തലങ്ങളിലേയ്ക്കു പടരുന്ന ത്രി ഡൈമെന്‍ഷന്‍ ശില്പത്തിന്റെ ആവിഷ്‌കാരം. എന്‍.എന്‍. റിംസണ്‍ പറയുന്നു: ''ഒരു സവിശേഷ ശില്പത്തോടു നീതിപുലര്‍ത്തുന്നതാണിത്. ഇവിടെ കവിത ഇല്ലസ്‌ട്രേറ്റീവാക്കാന്‍ ശ്രമിക്കുന്നില്ല, കവിത ഉന്നയിക്കുന്ന ആശയത്തിന്റെ രൂപകമായി ശില്പം മാറുന്നു. വ്യത്യസ്തമായ ഒരു വിഷ്വല്‍ എക്‌സ്പീരിയന്‍സാണിത്.'
ശബ്ദത്തിന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഓരോ കവിതയും രൂപപ്പെടുത്തിയിരിക്കുന്നത്. ഓരോ കവിതയുടേയും വിഭിന്നവും സചേതനവുമായ അന്തരീക്ഷം നിര്‍മ്മിക്കാന്‍ കഴിയുന്നുണ്ട്. പ്രശസ്ത സംവിധായകന്‍ രംഗനാഥ് രവിയാണ് ശബ്ദപഥങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. കവിതയിലെ വാക്കുകള്‍ക്കും വാക്കുകള്‍ക്കിടയിലെ നിശ്ശബ്ദതകള്‍ക്കും അര്‍ത്ഥസാധ്യത നല്‍കുന്ന ശബ്ദസംവിധാനമാണ് നിര്‍മ്മിച്ചിരിക്കുന്നത്. കാലത്തിന്റെ പ്രാക്തനസ്മൃതിയിലേക്കും വര്‍ത്തമാനത്തിന്റെ ആസുരതയിലേയ്ക്കും ഒരുപോലെ സഞ്ചരിക്കാന്‍ ശബ്ദപഥങ്ങള്‍ പ്രേരിപ്പിക്കുന്നു. ശില്പസംവിധാനത്തിനു നല്‍കുന്ന സൂക്ഷ്മത ശബ്ദമിശ്രണത്തിനും നല്‍കുന്നു.
''ഞങ്ങള്‍ മ്യൂസിക്കല്‍ സ്‌ക്രിപ്റ്റ് തന്നെ തയ്യാറാക്കിയിരുന്നു. ഓരോ വാക്കും വരികളും എങ്ങനെ വിന്യസിക്കണമെന്നു കൃത്യമായ പ്‌ളാന്‍ തയ്യാറാക്കിയിരുന്നു. ശബ്ദത്തിന്റെ കാര്യത്തില്‍ തികഞ്ഞ ജാഗ്രത പാലിച്ചിരുന്നു. അതിന്റെ വിജയം കൂടിയാണിത്' -വിനോദ് കൃഷ്ണ പറഞ്ഞു.
ഇന്‍സ്റ്റലേഷന്‍ കലയിലെ സ്വാതന്ത്ര്യമാണ്. കാലം, സ്ഥലം, ഉള്ളടക്കം ഇവയ്ക്കു പടര്‍ന്നുകയറാനുള്ള വിശാല ഇടങ്ങള്‍ അതിലുണ്ട്. ആസ്വാദനത്തിന്റെ അസാധാരണ തലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന കവിത, ഈ മാധ്യമത്തിന്റെ സ്വാതന്ത്ര്യത്തെ ആവശ്യപ്പെടുന്നു. പോയട്രി ഇന്‍സ്റ്റലേഷന്‍ അതാണ് തെളിയിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates