'കുറച്ചു കൂടി വലുതാകുമ്പോള്‍ അവളോട് പറയണം; ഞങ്ങള്‍ നിന്നെ ദത്തെടുക്കുകയായിരുന്നില്ല, നീ ഞങ്ങളെ ദത്തെടുക്കുകയായിരുന്നു'

വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഞങ്ങളവളുടെ രക്ത ബന്ധത്താലുള്ള അച്ഛനും അമ്മയും അല്ലെന്ന് തിരിച്ചറിയുന്ന കാലത്തും ഞങ്ങളുടെ സ്‌നേഹം അവളുടെ മുന്നില്‍ മങ്ങാതെ നില്‍ക്കുന്നുണ്ടാകുമല്ലോ...
'കുറച്ചു കൂടി വലുതാകുമ്പോള്‍ അവളോട് പറയണം; ഞങ്ങള്‍ നിന്നെ ദത്തെടുക്കുകയായിരുന്നില്ല, നീ ഞങ്ങളെ ദത്തെടുക്കുകയായിരുന്നു'
Updated on
3 min read

കുട്ടികളുണ്ടാകാത്തതിന്റെ വിഷമത്താല്‍ ജീവിതം തള്ളിനീക്കുന്ന ഒരുപാട് ദമ്പതികള്‍ നമ്മുടെ ചുറ്റുമുണ്ട്. എന്നാല്‍ അവരില്‍ ഭൂരിഭാഗംപേരും കുട്ടികളെ ദത്തെടുക്കുന്നതിനെ കുറിച്ച് ചിന്തിക്കാറെയില്ല. സമൂഹവും, ബന്ധുക്കളും എന്തു പറയുമെന്ന് ഭയക്കുന്നത് കൊണ്ട് മാത്രം കുട്ടികളെ ദത്തെടുക്കാന്‍ മടിക്കുന്നവര്‍ ഏറെയാണ്. തങ്ങളുടെ ജീവിതത്തിലേക്ക് വരുന്ന കുട്ടികള്‍ വളര്‍ന്നു വലുതായി കഴിഞ്ഞാല്‍  സത്യമെങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്ന വിഷമത്താല്‍ അതിന് തുനിയാത്തവരുമുണ്ട്. കുട്ടിയുണ്ടായിരുന്നിട്ടും ഒരു കുഞ്ഞിനെക്കൂടി ദത്തെടുത്ത അധ്യാപകനായ രജിത്തിന്റെയും ഭാര്യ ധന്യയുടെയും ജീവിതം ഇങ്ങനെ വിഷമിക്കുന്നവര്‍ക്ക് മുന്നില്‍ പുതു വെളിച്ചമാണ് പകരുന്നത്.

മകള്‍ കാര്‍ത്തുവിന് കൂട്ടായി കുഞ്ഞ് ആമി വന്നു കയറിയത് മുതല്‍ തങ്ങളുടെ ജീവിത്തില്‍ വന്ന മാറ്റങ്ങള്‍ എഴുത്തിലൂടെ വരച്ചിടുകയാണ് രജിത്. 'മരിച്ചു ചെല്ലുമ്പോള്‍ വേറൊരു ലോകം ഉണ്ടെങ്കില്‍ എന്താണ് ഈ ജീവിതത്തില്‍ ചെയ്ത ഏറ്റവും ഇഷ്ടപെട്ട കാര്യമെന്ന് ചോദിക്കാന്‍ ആരെങ്കിലുമുണ്ടെങ്കില്‍, ഞങ്ങള്‍ പറയുമായിരിക്കും ഞങ്ങളുടെ ആമിക്കുഞ്ഞു ജീവിതത്തിലേക്ക് വന്നതാണെന്ന്. ജീവിച്ചിരിക്കുമ്പോള്‍, ഓഫീസിലെ ജോലിക്ക് മുന്നില്‍ വീട്ടിലെ ലാപ്‌ടോപിന് മുന്നില്‍ ചിന്താ ഭാരത്തിലിരിക്കുന്ന ധന്യയുടെ മടിയിലേക്ക് ചാടിക്കയറി 'അമ്മ ചിരിക്കണം, ചിരിക്കമ്മേ' എന്നും പറഞ്ഞു അവളുടെ കവിള്‍ വലിച്ചു നീട്ടുന്ന നാലു വയസുകാരി, 'ചേച്ചിക്കുട്ടിയെ ഏറ്റവുമിഷ്ടം' എന്നും പറഞ്ഞു കാര്‍ത്തുവിനെ കെട്ടിപിടിക്കുന്ന ഞങ്ങളുടെ 'ചിരിക്കുട്ടി' കൊണ്ടു വരുന്ന സന്തോഷം വിലയിടാനാവാത്തതാണ്.'-രജിത് എഴുതുന്നു.

രജിത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം

കുറച്ചു കൂടി വലുതാകുമ്പോള്‍, കുറേ കൂടി തിരിച്ചറിവുണ്ടാകുമ്പോള്‍ ഇളയ മകള്‍ ആമി ഞങ്ങളോട് ചോദിക്കുമായിരിക്കും എനിക്ക് മാത്രമെന്താണ് രണ്ട് ബര്‍ത്‌ഡേ എന്ന്. ഒന്നവള്‍ ജനിച്ച ദിവസവും, രണ്ടാമത്തേത് അവള്‍ ഞങ്ങളുടെ അടുത്തേക്ക് വന്ന ദിവസവും ആണെന്ന് അവളുടെ അടുത്തിരുന്നു സമയമെടുത്തു പറഞ്ഞു മനസിലാക്കണം.

ഞാനും ധന്യയും പ്രണയിച്ച നീണ്ട വര്‍ഷങ്ങളിലെപ്പോളോ ഞങ്ങള്‍ ചോദിച്ചിരുന്നതാണ്, വിവാഹം കഴിഞ്ഞു കുട്ടികള്‍ ഉണ്ടായില്ലെങ്കില്‍ എന്തു ചെയ്യുമെന്നത്. കുട്ടികളെ ഇഷ്ടമായത് കൊണ്ട്, ആലോചിക്കാന്‍ ഒന്നുമില്ല കുഞ്ഞിനെ ദത്തെടുക്കും എന്നു തന്നെയായിരുന്നു ഉത്തരവും. വിവാഹം കഴിഞ്ഞു ഉടനെ കാര്‍ത്തു വന്നു, അതിനിടയില്‍ വന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ രണ്ടാമതൊരു കുട്ടി എന്ന സാധ്യതയെ ഇല്ലാതാക്കുകയും ചെയ്തു.

അങ്ങനെ കാര്‍ത്തു എന്ന ഒറ്റക്കുട്ടിയുമായി 6 വര്‍ഷം പൂര്‍ത്തിയാക്കിയ ദിവസങ്ങളിലൊന്നിലാണ് എറണാകുളം എം ജി റോഡിലെ ഐസ്‌ക്രീം പാര്‍ലറില്‍ ഞങ്ങള്‍ മൂന്നു പേരും കൂടി കയറുന്നത്. പെട്ടെന്ന് മൂന്നു കുട്ടികളുള്ള ഒരു കുടുംബം ഞങ്ങളുടെ അടുത്ത സീറ്റില്‍ വന്നിരുന്നു. അച്ഛനും അമ്മയും സംസാരിച്ചു കൊണ്ടിരിക്കുകയും കുട്ടികള്‍ മൂന്നു പേരും ബഹളം വെച്ചു കളിച്ചു കൊണ്ടിരിക്കുകയുമായിരുന്നു. കുട്ടികളുടെ കളി ചിരികള്‍ നോക്കി നിന്ന കാര്‍ത്തു ടേബിളിലേക്ക് മുഖം അമര്‍ത്തി വല്ലാതെ സങ്കടപ്പെട്ടു കരയാന്‍ തുടങ്ങിയത് പെട്ടെന്നാണ്. ഒറ്റപ്പെടലിന്റെ വേദന അവളെ അത്ര ബാധിച്ചെന്ന് അന്നാണ് ഞങ്ങള്‍ തിരിച്ചറിഞ്ഞത്. ഒരു അനിയത്തി വന്നാല്‍ എന്ന് ചോദിച്ചപ്പോളുള്ള അവളുടെ സന്തോഷം കുഞ്ഞിനെ അഡോപ്റ്റ് ചെയ്യാന്‍ ഞങ്ങളെ രജിസ്റ്റര്‍ ചെയ്യിപ്പിക്കുകയായിരുന്നു.

അങ്ങനെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം, ഓണ്‍ലൈന്‍ വഴി അലോട്‌മെന്റില്‍ ആമി ഞങ്ങളിലേക്ക് വരുകയായിരുന്നു. അവള്‍ വീട്ടിലേക്ക് വരുന്നതിന് മുമ്പ്, ആ ഒരു വയസുകാരിയുമായി അടുക്കാന്‍ ഞങ്ങള്‍ കോണ്‍വെന്റില്‍ പോയ മൂന്നു ദിവസങ്ങള്‍, അവിടുത്തെ ചാമ്പ മരവും, ഊഞ്ഞാലും, അവളുടെ കരച്ചിലും, ഡയറി മില്‍ക്ക് കണ്ടപ്പോള്‍ കരച്ചിലിനിടയിലും കൈ നീട്ടിയതും , ഒടുവില്‍ അവളെ വീട്ടിലേക്ക് വിളിക്കാന്‍ വന്ന ദിവസം കരച്ചിലൊന്നുമില്ലാതെ ഞങ്ങളുടെ കയ്യിലേക്ക് വന്നത്, പരിചയമില്ലാത്ത സ്ഥലമായത് കൊണ്ട് രാത്രി കുഞ്ഞുറങ്ങില്ലെന്ന് വിചാരിച്ചു ഉണര്‍ന്നിരിക്കാന്‍ തയ്യാറായ ഞങ്ങളെ അമ്പരപ്പിച്ചു ധന്യയുടെ ദേഹത്തു കിടന്നുറങ്ങിയ അവളുടെ ആദ്യത്തെ രാത്രി എത്രയെത്ര പ്രിയപ്പെട്ട നിമിഷങ്ങളാണെന്നോ.

ഞങ്ങളിലേക്ക് അവള്‍ വന്നിട്ട് ഇപ്പോള്‍ മൂന്നു വര്‍ഷം കഴിഞ്ഞിരിക്കുന്നു. സ്വന്തം കുഞ്ഞിനെ പോലെ സ്‌നേഹിക്കാന്‍ കഴിയുമായിരിക്കും എന്നവള്‍ വരുന്നതിന് മുമ്പ് ഞങ്ങള്‍ പരസ്പരം പറയുമായിരുന്നു. ഇന്ന് അത്തരമൊരു ചോദ്യോത്തരം ഒരു പ്രസക്തിയുമില്ലാത്തതാകുന്നുണ്ട് . ആമി, കുഞ്ചി, ചക്കരേ എന്നൊക്കെ മാറി മാറി വിളിച്ചു ഞങ്ങള്‍ മൂന്നു പേരും അവളുടെ ചുറ്റുമിരിപ്പുണ്ട്. കേരളത്തിലുള്ള ഞാന്‍ മുംബൈയിലുള്ള അവരെ ഫോണില്‍ വിളിക്കുമ്പോള്‍ 'അച്ഛനാണോ അമ്മേ'എന്നവള്‍ ചിണുങ്ങി ചോദിക്കുന്നത് ഫോണിന്റെ ഇങ്ങേ തലക്കലിരുന്ന് കേള്‍ക്കുന്ന സന്തോഷത്തോളം വരില്ല ലോകത്തിലെ മറ്റൊന്നും. അവള്‍ 'എന്റെ അച്ഛന്‍, എന്റെ അമ്മ' എന്നു കൂടെക്കൂടെ പറയുമ്പോളുള്ള 'എന്റെ' എന്നതിലെ ഊന്നല്‍ ഒരേ സമയം സന്തോഷവും, ദുഖവുമാണ് ഞങ്ങള്‍ക്ക്.

വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഞങ്ങളവളുടെ രക്ത ബന്ധത്താലുള്ള അച്ഛനും അമ്മയും അല്ലെന്ന് തിരിച്ചറിയുന്ന കാലത്തും ഞങ്ങളുടെ സ്‌നേഹം അവളുടെ മുന്നില്‍ മങ്ങാതെ നില്‍ക്കുന്നുണ്ടാകുമല്ലോ എന്ന വിശ്വാസം കൂടുതല്‍ കൂടുതല്‍ സ്‌നേഹിപ്പിക്കുന്നുണ്ട്. നമ്മുടെ കൊച്ചിന്റെ ജീവിതത്തിലെ അവള്‍ക്ക് ആരുമില്ലാതിരുന്ന ആദ്യത്തെ ഒരു വര്‍ഷം കോമ്പന്‍സേറ്റ് ചെയ്യാന്‍ കുറച്ചു കൂടിയ അളവില്‍ തന്നെ സ്‌നേഹം അവളോട് കാണിക്കുമെന്ന് തീരുമാനിച്ചതാണ്. ഞങ്ങളിലേക്ക് അവള്‍ വന്ന ദിവസം എല്ലാ വര്‍ഷവും ആഘോഷിക്കുമെന്നതും.

ഇതൊന്നും എഴുതണമെന്ന് വിചാരിച്ചതല്ല, പക്ഷേ പണ്ടെപ്പോളോ വായിച്ച കുട്ടികളില്ലാത്ത ദുഖത്താല്‍ ദമ്പതികള്‍ ജീവനൊടുക്കി എന്ന വാര്‍ത്ത മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്നത് കൊണ്ടും, സമൂഹവും, ബന്ധുക്കളും എന്തു പറയുമെന്ന് ഭയക്കുന്നത് കൊണ്ട് മാത്രം കുട്ടികളെ അഡോപ്റ്റ് ചെയ്യാത്ത കുറേ പേരെ നേരിട്ട് അറിയാവുന്നത് കൊണ്ടുമാണ് ഈ എഴുത്ത്. നിങ്ങള്‍ക്ക് കുഞ്ഞുങ്ങളെ ഇഷ്ടമാണെങ്കില്‍ സന്തോഷത്തിന്റെ താക്കോല്‍ അന്വേഷിച്ചു അധികം നടക്കേണ്ടി വരില്ല എന്ന് തന്നെയാണ് തോന്നുന്നത്.

മരിച്ചു ചെല്ലുമ്പോള്‍ വേറൊരു ലോകം ഉണ്ടെങ്കില്‍ എന്താണ് ഈ ജീവിതത്തില്‍ ചെയ്ത ഏറ്റവും ഇഷ്ടപെട്ട കാര്യമെന്ന് ചോദിക്കാന്‍ ആരെങ്കിലുമുണ്ടെങ്കില്‍, ഞങ്ങള്‍ പറയുമായിരിക്കും ഞങ്ങളുടെ ആമിക്കുഞ്ഞു ജീവിതത്തിലേക്ക് വന്നതാണെന്ന്. ജീവിച്ചിരിക്കുമ്പോള്‍, ഓഫീസിലെ ജോലിക്ക് മുന്നില്‍ വീട്ടിലെ ലാപ്‌ടോപിന് മുന്നില്‍ ചിന്താ ഭാരത്തിലിരിക്കുന്ന ധന്യയുടെ മടിയിലേക്ക് ചാടിക്കയറി 'അമ്മ ചിരിക്കണം, ചിരിക്കമ്മേ' എന്നും പറഞ്ഞു അവളുടെ കവിള്‍ വലിച്ചു നീട്ടുന്ന നാലു വയസുകാരി, 'ചേച്ചിക്കുട്ടിയെ ഏറ്റവുമിഷ്ടം' എന്നും പറഞ്ഞു കാര്‍ത്തുവിനെ കെട്ടിപിടിക്കുന്ന ഞങ്ങളുടെ 'ചിരിക്കുട്ടി' കൊണ്ടു വരുന്ന സന്തോഷം വിലയിടാനാവാത്തതാണ്.

'കന്നത്തില്‍ മുത്തമിട്ടാല്‍' സിനിമയില്‍ മാധവന്‍ മകള്‍ അമുദയോട് പറഞ്ഞത് തന്നെയാണ് എനിക്കുമെന്റെ ആമിയോട് പറയാനുള്ളത്, ഞങ്ങള്‍ നിന്നെ ദത്തെടുക്കുകയായിരുന്നില്ല, നീ ഞങ്ങളെ ദത്തെടുക്കുകയായിരുന്നു?
(രജിത് ലീല രവീന്ദ്രന്‍)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com