ഏകമകൻ അപകടത്തിൽ മരിച്ചതിന്റെ ദുഃഖവും പേറി ജീവിച്ച ഈ അമ്മയ്ക്ക് ഒടുവിൽ ഇരട്ടിസന്തോഷം. കൈവിട്ടുപോയ ജീവിതം തിരികെപിടിക്കാൻ 54-ാം വയസ്സിലും ഒരു കുഞ്ഞിനായി കൊതിച്ച ലളിതാമ്മയ്ക്ക് കൈക്കുമ്പിളിൽ കിട്ടിയത് രണ്ട് ആണ്കുട്ടികളെ.
തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശിയായ മണിയുടെ ഭാര്യ ലളിതയാണ് 54-ാം വയസ്സിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. 2017 മേയ് 17നു ബൈക്കിൽ ലോറി ഇടിച്ചാണ് ഇവരുടെ ഏക മകൻ ഗോപിക്കുട്ടൻ മരിച്ചത്. ഒറ്റപ്പാടിന്റെ വേദന താങ്ങാനാവാതെ ഇനിയും മക്കൾ വേണമെന്ന ആഗ്രഹം തുറന്നുപറയുകയായിരുന്നു ലളിത.
35–ാം വയസ്സിൽ പ്രസവം നിർത്തിയതും ആർത്തവവിരാമവും പ്രായാധിക്യവുമൊക്കെ വെല്ലുവിളിയാണെന്ന് അറിഞ്ഞുട്ടും ലളിത പിൻമാറിയില്ല. മണിയും ലളിതയും ഗൈനക്കോളജി വിദഗ്ധൻ ഡോ. കൃഷ്ണൻകുട്ടിയെ കണ്ടു. ഏഴുമാസം നീണ്ട ചികിത്സ. ഓട്ടോഡ്രൈവറായ മണിക്കു ചികിത്സാചിലവ് താങ്ങാനാവാതെ വന്നപ്പോൾ പണം ഡോക്ടർ മുടക്കി.
കൃത്രിമഗർഭധാരണത്തിൽ 3 കുഞ്ഞുങ്ങളാണ് ലളിതയുടെ വയററിൽ ജന്മമെടുത്തത്. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും കാരണം അമ്മയും കുഞ്ഞുങ്ങളും നഷ്ടപ്പെടുമെന്ന ആശങ്ക ഉണ്ടായി. ഒരു കുഞ്ഞിനെ പ്രസവിക്കും മുൻപേ നഷ്ടമായിട്ടും ലളിത തളർന്നില്ല.
നവംബർ 2-ാം തിയതി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ലളിത ഡിസംബർ 17നു രണ്ട് ആൺകുട്ടികൾക്ക് ജന്മം നൽകി. 33 ആഴ്ച മാത്രം വളർച്ചയെത്തിയ കുഞ്ഞുങ്ങളായിരുന്നു. തൂക്കക്കുറവും ഡോക്ടർമാർക്ക് മുന്നിൽ വെല്ലുവിളിയായി. നവജാതശിശു തീവ്രപരിചരണവിഭാഗത്തിലെ വെന്റിലേറ്ററിലാക്കി കുട്ടികൾക്ക് പ്രത്യേക ചികിത്സകൾ ലഭ്യമാക്കി. രണ്ടരമാസം നീണ്ട ചികിത്സയ്ക്കൊടുവിൽ അമ്മയും രണ്ട് കുഞ്ഞുങ്ങളും ഇന്ന് ആശുപത്രി വിടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates