

ഓഫീസിലാണെങ്കിലും, റസ്റ്റോറന്റിലാണെങ്കിലും, ബസ്സിലാണെങ്കിലുമൊക്കെ സ്വന്തം പേര് വിളിച്ചു കേള്‍ക്കുമ്പോള്‍ അറിയാതെതന്നെ നമ്മുടെ ശ്രദ്ധ അവിടേക്കെത്തും. നാലുവയസ്സുകാരി ഫ്ലോറന്‍സും കഴിഞ്ഞ കുറച്ചു ദിവസമായി ടിവിയിലുള്‍പ്പെടെ എല്ലായിടത്തും അവളുടെ പേര് ആവര്‍ത്തിച്ചു കേട്ടിരുന്നു. ഫ്ലോ എന്ന തന്റെ ചെല്ലപ്പേരല്ല മറിച്ച് ഫ്‌ളോറന്‍സ് എന്ന് വ്യക്തമായി എല്ലാവരും പറയുന്നു, എന്തോ ഗൗരവമുള്ള കാര്യമാണ്. അമ്മ ട്രിസിയ വിസ്‌നെവ്‌സ്‌കി അവളുടെ സംശയം മാറ്റിക്കൊടുത്തു. ഫ്ലോറൻസ് ഒരു ഭീകര ചുഴലിക്കാറ്റാണ്.
അടുത്തുള്ള ഒരു ദുരിതാശ്വാസ ക്യാംപിൽ കഴിയുന്ന ഒരു കുടുംബത്തിന്റെ ചിത്രവും ട്രിസിയ അവള്‍ക്ക് കാണിച്ചുകൊടുത്തു. ചുഴലിക്കാറ്റിനും ഈ നാലുവയസ്സുകാരിക്കും ഒരു പേരുതന്നെയാണ് പക്ഷെ കുഞ്ഞു ഫ്ലോറന്‍സ് ആളുകളെ പേടിപ്പിക്കുകയല്ല ചെയ്തത്, മറിച്ച് സഹായിക്കാനായിരുന്നു അവളുടെ പദ്ധതി.
ഒരു ഉന്തുവണ്ടിയും സൈന്‍ ബോര്‍ഡുമായി അവള്‍ വീടുകള്‍ തോറും കയറിയിറങ്ങി, സഹായത്തിനായി. സംഭാവനകള്‍ സ്വീകരിക്കാന്‍ വീടിന് മുന്നില്‍ ഒരു ബക്കറ്റും സ്ഥാപിച്ചു. സ്‌കൂളിലും സ്ഥാപിച്ചു ഒരു ഡൊണേഷൻ ബോക്സ്. കിട്ടാവുന്നിടത്തുനിന്നെല്ലാം സഹായങ്ങള്‍ ശേഖരിച്ചു.
ഇതൊക്കെ കണ്ട ഫ്ലോറൻസിന്‍റെ അമ്മ കരുതി സംഭാവനയായി കിട്ടുന്ന കുറച്ച് സാധനങ്ങള്‍ പാക്ക് ചെയ്ത് ആവശ്യക്കാരിലെത്തിക്കാമെന്ന്. ഫ്ലോറൻസിന് സന്തോഷമാകുകയും ചെയ്യും. എന്നാൽ കാര്യങ്ങള്‍ അവിടെ അവസാനിച്ചില്ല. ഫ്ലോറന്‍സിന്റെ കഥ പറയുന്ന ഒരു ഫേസ്ബുക്ക് കുറിപ്പ് വളരെ പെട്ടെന്ന് വൈറലായി. ഇതോടെ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും സഹായമെത്തിത്തുടങ്ങി.
ഫ്ലോറന്‍സിന്റെ വീട്ടിലെ രണ്ട് കാര്‍ ഇടാവുന്ന ഗരാഷ് ദുരിതാശ്വാസ സാധനങ്ങള്‍ കൊണ്ട് നിറഞ്ഞു. ഓരോ ദിവസവും കൂടുതല്‍ സാധനങ്ങള്‍ എത്തിക്കൊണ്ടിരുന്നു. ഇത്രയധികം സാധനങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നും എങ്ങനെ ഇവ ആവശ്യക്കാരിലേക്ക് എത്തിക്കുമെന്നുമായി ട്രിസിയയ്ക്കും ഭര്‍ത്താവിനും ആശങ്ക. എന്നാൽ ഫ്ലോറൻസിന് കൂസലില്ലായിരുന്നു. ആളുകളെ സഹായിക്കുക എന്നത് സ്വാഭാവികമായ ഒരു വികാരമായിരുന്നു അവള്‍ക്ക്. ഫ്ലോയുടെ ആവേശം കണ്ടതോടെ ട്രിസിയയും ഭര്‍ത്താവും ആവേശത്തിലായി. ഇതോടെ ഒഹിയോയിലെ ഒരു എൻജിയോയുമായി സഹകരിക്കാൻ അവര്‍ തീരുമാനിച്ചു.
സഹായമെത്തിക്കാനുള്ള ഈ പാച്ചിലിനിടയില്‍ ഫ്ലോറന്‍സിന്റെ അഞ്ചാം ജന്മദിനവും വിരുന്നെത്തി. പക്ഷെ എത്തിയ സംഭാവനകള്‍ കൃത്യമായി തരംതിരിച്ച് ആവശ്യക്കാരിലേക്ക് എത്തിക്കാനുള്ള തിരക്കുകളിലാണ് ഈ കൊച്ചുമിടുക്കി ഇപ്പോഴും. മറ്റുള്ളവരെ സഹായിക്കണമെന്ന പാഠം മകളെ ഇനി പഠിപ്പിക്കേണ്ടതില്ലെന്ന തിരിച്ചറിവിലാണ് ഫ്ലോറന്‍സിന്റെ മാതാപിതാക്കള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates