ധനരാജ് കീഴറയുടെ കാന്‍വാസ് അരികുവല്‍ക്കരിക്കപ്പെടുന്നവര്‍ക്കു വേണ്ടി

നഗരത്തിന്റെ വികസനത്തിനൊപ്പം ചേരിയുമുണ്ടാകുമെന്ന യാതാര്‍ഥ്യം, അതിന്റെ രാഷ്ട്രീയം തന്റെ ചിത്രങ്ങളിലൂടെ തുറന്നു കാട്ടുകയാണ് ധനരാജ്.
ധനരാജ് കീഴറ
ധനരാജ് കീഴറ
Updated on
2 min read

ധനരാജ് കീഴറയുടെ ചിത്രപ്രദര്‍ശനം നടക്കുകയാണെങ്കില്‍ സാധാരണ ആര്‍ട് ഗാലറികളില്‍ നിന്ന് അനുഭവിക്കാവുന്ന മണങ്ങളല്ല പുറത്തുവരിക. പകരം നല്ല തേയിലയുടെ മണം. ചിത്രങ്ങള്‍ക്കെങ്ങനെ തേയിലയുടെ മണം വന്നുവെന്നറിയുന്നതിനു മുന്‍പ് അതിലെ മുഖങ്ങളുടെ പിന്നാമ്പുറമറിയണം. സമൂഹത്തിലെ അരികു വല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതമാണ് ചിത്രകാരന്‍ കാന്‍വാസിലേക്ക് പകര്‍ത്തുന്നത്. 

കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയായ ധനരാജ് കീഴറ ചിത്രകാരനും ചിത്രകലാ അധ്യാപകനും കൂടിയാണ്. ഇപ്പോള്‍ ബെംഗളൂരുവിലെ ക്രിസ്റ്റല്‍ ഹൗസ് ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തില്‍ ആര്‍ട് ആന്‍ഡ് വിഷ്വല്‍ മീഡിയ വിഭാഗം എച്ച്ഒഡി ആണ്. 

പല സന്ദര്‍ഭങ്ങളിലായി കണ്ടുപരിചയിച്ച, തെളിച്ചമില്ലാത്ത മങ്ങലുള്ള മുഖങ്ങളാണ് ധനരാജിന്റെ ചിത്രങ്ങളിലധികവും. അരികു ജീവിതങ്ങളുടെ കഥപറയാന്‍ ഏറ്റവും അനുയോജ്യമായ നിറം ചായയും ചാര്‍ക്കോളുമാണെന്ന് (ചായയുടെ നിറവും ചാര്‍ക്കോളും) ഈ ചിത്രകാരന് തോന്നുകയായിരുന്നു. വെളുത്ത കാന്‍വാസില്‍ ധനരാജ് അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദങ്ങള്‍ അടയാളപ്പെടുത്തുന്നു. ചേരികളിലെ കുട്ടികള്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് ശബ്ദങ്ങളില്ലെന്നു കൂടി ഇദ്ദേഹം തന്റെ ചിത്രങ്ങളിലൂടെ വ്യക്തമാക്കാന്‍ ശ്രമിയ്ക്കുന്നുണ്ട്. 

നഗരത്തിന്റെ വികസനത്തിനൊപ്പം ചേരിയുമുണ്ടാകുമെന്ന യാതാര്‍ഥ്യം, അതിന്റെ രാഷ്ട്രീയം തന്റെ ചിത്രങ്ങളിലൂടെ തുറന്നു കാട്ടുകയാണ് ധനരാജ്. ചൈല്‍ഡ് ലേബര്‍ മുതല്‍ താഴെത്തട്ടിലുള്ള പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വരെ അടിസ്ഥാനപ്പെടുത്തിയാണ് ധനരാജിന്റെ വരകളിലധികവും.

ചായപ്പൊടികൊണ്ടു വരയ്ക്കുന്നവരുണ്ട്. എന്നാലിത് തേയില തിളപ്പിച്ച് കുറുക്കിയെടുത്ത നിറങ്ങളാണ്. മണിക്കൂറുകളോളമാണ് ഉദ്ദേശിച്ച കളറിലെത്താന്‍ വേണ്ടി തേയില തിളുപ്പിക്കേണ്ടി വരിക. പ്രത്യേക രീതിയില്‍ പല അവസ്ഥകളിലൂടെ തേയില കടത്തി വിട്ടാണ് ഈ കാണുന്ന നിറങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നത്. ഇന്ത്യയില്‍ തന്നെ ഇത്തരമൊരു പരീക്ഷണം ആദ്യമായിട്ടായിരിക്കും. ശുദ്ധമായ തേയിലയാണ് ഇതിനുവേണ്ടി ഇപ്പോള്‍ ഉപയോഗിക്കുന്നത്. നിറക്കൂട്ടുകളില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഇനിയും താന്‍ തയാറാണെന്ന് ചിത്രകാരന്‍ വെളിപ്പെടുത്തുന്നു.

1986 മുതല്‍ 1991 വരെ കേരളത്തില്‍ മുപ്പതോളം സ്ഥലങ്ങളില്‍ ധനരാജ് എക്‌സിബിഷന്‍സ് സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ 1989 മുതല്‍ 2008 വരെ കേരള ലളിതകലാ അക്കാദമി നടത്തിയ പെയിന്റിങ് എക്‌സിബിഷനുകളില്‍ ഇദ്ദേഹത്തിന്റെ ചിത്രങ്ങളും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വ്യത്യസ്ത തീമുകളിലും പെയിന്റുകളിലും വരയ്ക്കാനിഷ്ടപ്പെടുന്ന ധനരാജ് അവസാനം സംഘടിപ്പിച്ച ചിത്രപ്രദര്‍ശനത്തിന്റെ പേര് (തേയില ഉപയോഗിച്ചുള്ള വരകളുടെ) Chiorscuro- the shades of light and life എന്നാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com