

ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം നാളെ നടക്കും. നാളെ രാവിലെ 9.15 മുതൽ ഉച്ചകഴിഞ്ഞ് 3.04 വരെയാണ് സൂര്യഗ്രഹണം. വ്യത്യസ്ത തോതിൽ ഇന്ത്യയിൽ മുഴുവൻ ഈ ഗ്രഹണം ദൃശ്യമാകും.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഭാഗിക ഗ്രഹണമായിരിക്കും. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ വലയ ഗ്രഹണമായിരിക്കും അനുഭവപ്പെടുക. കഴിഞ്ഞ വർഷം ഡിസംബർ 26നായിരുന്നു ലോകത്ത് അവസാനമായി വലയ സൂര്യഗ്രഹണം ദൃശ്യമായത്.
നാളെ കേരളത്തിൽ തിരുവനന്തപുരത്ത് രാവിലെ 10.15 നാണ് ഗ്രഹണം ആരംഭിക്കുക. 11.40ന് പാരമ്യതയിലെത്തി 1.15ന് അവസാനിക്കും. തൃശൂരിൽ രാവിലെ 10:10 ന് തുടങ്ങി 11:39ന് ഏറ്റവും ശക്തമാകുകയും ഉച്ചക്ക് 1:19ന് അവസാനിക്കുകയും ചെയ്യും. കാസർകോട് രാവിലെ 10.05ന് ഗ്രഹണം ആരംഭിക്കും. 11.37ന് പാരമ്യതയിലെത്തും. 1.21 ന് അവസാനിക്കും. കേരളത്തിൽ ഇനിയൊരു സൂര്യഗ്രഹണം ദൃശ്യമാകുക 2022 ഒക്ടോബർ 25നായിരിക്കും. അതും ഭാഗിക ഗ്രഹണമായാണ് അനുഭവപ്പെടുക.
ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയിൽ സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന സന്ദർഭങ്ങളുണ്ട്. ഇത്തരത്തിൽ നേർരേഖപാതയിൽ വരുമ്പോൾ സൂര്യനെ ചന്ദ്രൻ മറയ്ക്കും. അതായത് ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിക്കും. ഇതാണ് സൂര്യഗ്രഹണം. ഭൂമിയിൽ നിന്ന് ചന്ദ്രൻ കൂടുതൽ അകന്ന് നിൽക്കുന്ന സമയമാണെങ്കിൽ ചന്ദ്രനും സൂര്യനും നേർരേഖയിൽ വന്നാലും സൂര്യബിംബം പൂർണമായി മറക്കപ്പെടില്ല. ഇതാണ് വലയ സൂര്യഗ്രഹണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates