നൃത്തം ചെയ്യുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു: പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

നൃത്തം ചെയ്യുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു: പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

ഏറെ സന്തോഷത്തോടെ നൃത്തം ചെയ്യുന്ന ഒരു വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു എന്ന കുറ്റം മാത്രമേ ആ പെണ്‍കുട്ടി ചെയ്തിട്ടുള്ളു.
Published on

റെ സന്തോഷത്തോടെ നൃത്തം ചെയ്യുന്ന ഒരു വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു എന്ന കുറ്റം മാത്രമേ ആ പെണ്‍കുട്ടി ചെയ്തിട്ടുള്ളു. അതും സ്വന്തം വീടിനകത്ത് വെച്ച്. പക്ഷേ ഇതിന്റെ പേരില്‍ ഒരു പെണ്‍കുട്ടി ജയിലിലടക്കപ്പെട്ടിരിക്കുകയാണ്. മദേ ഹോജാബ്രി എന്നാണു പെണ്‍കുട്ടിയുടെ പേര്. ശിരോവസ്ത്രം ധരിക്കാതെ നൃത്തം ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്തതിനാണ് ഇവളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ഈ പെണ്‍കുട്ടി കരുതിയിട്ടുണ്ടാകില്ല, ആരും കരുതിക്കാണില്ല. പെണ്‍കുട്ടിയെ എത്രയും വേഗം മോചിപ്പിക്കണം എന്നാവശ്യപ്പെട്ടും തങ്ങള്‍ അവള്‍ക്കൊപ്പമാണെന്നു ബോധ്യപ്പെടുത്താന്‍ നൃത്തരംഗങ്ങളുടെ വീഡിയോ പോസ്റ്റ് ചെയ്തും പ്രതിഷേധം കനക്കുകയാണ് ലോകമെങ്ങും. 

ആയിരക്കണക്കിനുപേര്‍ തങ്ങള്‍ നൃത്തം ചെയ്യുന്ന വീഡിയോകള്‍ പോസ്റ്റു ചെയ്തുകൊണ്ടു പ്രതിഷേധത്തില്‍ പങ്കുചേരുകയാണ്. ഹാഷ്ടാഗുകള്‍ ഉപയോഗിച്ചു ഹോജാബ്രിയുടെ മോചനത്തിനുവേണ്ടി സമൂഹമാധ്യമങ്ങളിലെ പ്രചാരണവും ശക്തം. ഓരോരുത്തും വിഡിയോ പോസ്റ്റ് ചെയ്യാനാണ് ആവശ്യം. ഒരു കലാകാരിയുടെ മോചനത്തിനുവേണ്ടി കലയിലൂടെ തന്നെ പ്രതിഷേധിക്കുകയാണ്. 

ഇറാനിലാണ് ലോകത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയിരിക്കുന്നത്. പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ ഇപ്പോള്‍ ഇറാനിലുള്ളവര്‍ മാത്രമല്ല, ലോകത്തെല്ലായിടത്തുമുള്ളവരുമുണ്ട്. നര്‍ത്തകിയും ജിംനാസ്റ്റുമായ പതിനെട്ടുകാരിയെ മോചിപ്പിക്കണം എന്നാണു വ്യാപക ആവശ്യം.

ശിരോവസ്ത്രമില്ലാതെ വീട്ടില്‍ ചെയ്ത നൃത്തം റെക്കോര്‍ഡ് ചെയ്തു പോസ്റ്റ് ചെയ്തതിന്റെ പേരില്‍ കഴിഞ്ഞയാഴ്ച പൊലീസ് പെണ്‍കുട്ടിയെ തടഞ്ഞുവച്ചിരുന്നു. വെള്ളിയാഴ്ച ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ട വീഡിയോയില്‍ തന്റെ തെറ്റു സമ്മതിച്ചു മാപ്പപേക്ഷിക്കുന്ന ഹൊജാബ്രിയെ കാണാം. ധാര്‍മിക നിയമങ്ങളുടെ ലംഘനമാണ് എന്റെ പ്രവൃത്തി. സമൂഹമാധ്യമത്തില്‍ കൂടുതല്‍ പിന്തുണ നേടാനുള്ള ശ്രമം മാത്രമാണ് ഞാന്‍ നടത്തിയത്. ദുരുദ്ദേശ്യങ്ങളൊന്നുമില്ല എന്നു പറയുന്ന ഹൊജാബ്രിയെ കാണാം. സമ്മര്‍ദത്തെത്തുടര്‍ന്നു പൊലീസ് നിര്‍ബന്ധിച്ചാണോ ഹോജാബ്രിയെക്കൊണ്ട് തെറ്റു സമ്മതിപ്പിച്ചു വീഡിയോ രേഖപ്പെടുത്തിയത് എന്നു വ്യക്തമല്ല. 

നൃത്തം ചെയ്യുന്ന വീഡിയോയുടെ പേരില്‍ ഒരാളെ അറസ്റ്റ് ചെയ്യുന്നതു പരിഹാസ്യമാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്ന അഭിപ്രായം. സൗന്ദര്യമുള്ള, സന്തോഷത്തോടെ ജീവിക്കുന്ന, നൃത്തം ചെയ്യുന്ന 17ഉം 18ഉം വയസ് പ്രായമുള്ള പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തു ജയിലില്‍ അടയ്ക്കുന്നു. പീഡിപ്പിക്കുന്നവരെയും കുട്ടികളെ മാനഭംഗപ്പെടുത്തുന്നവരെയും സ്വതന്ത്രരാക്കുന്നു. ഇങ്ങനെയൊരു വാര്‍ത്ത കേട്ടാല്‍ ലോകം ചിരിക്കുമെന്നു പറയുന്നു ബ്ലോഗ് എഴുത്തുകാരന്‍ ഹൊസ്സെയ്ന്‍ റോണാഗി. അവിശ്വസനീയമാണു സംഭവമെന്നും അദ്ദേഹം എഴുതി. 

നൃത്തം ചെയ്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്തതു തെറ്റ്. കുറ്റം സമ്മതിപ്പിച്ചു വീഡിയോ പുറത്തുവിട്ടത് അതിലും ഹീനമായ കുറ്റകൃത്യം എന്നു പറയുന്നു സമൂഹ മാധ്യമങ്ങളില്‍ പെണ്‍കുട്ടിക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍. ഒരു നര്‍ത്തകിക്കു നൃത്തം ചെയ്യാതിരിക്കാനാവില്ല. പാട്ടുകാരിക്കു പാട്ടു പാടാതിരിക്കാനും. എഴുത്തുകാരന് എഴുതുകയാണു പ്രധാനം. ഇവയില്‍നിന്നെല്ലാം വിലക്കിയാല്‍ ഭ്രാന്തു പിടിക്കുകയാവും ഫലം. അത്മപ്രകാശനം അസാധ്യമായ ഒരു രാജ്യമാണോ ഇറാന്‍ എന്നു ചോദിക്കുന്നവരുമുണ്ട്. 

നൃത്തം ഒരു കലയാണ്. കുറ്റകൃത്യമൊന്നുമല്ല. പിന്നെന്തിനാണ് അറസ്റ്റ് എന്നാണ് എല്ലാവരുടെയും ചോദ്യം. 40 വര്‍ഷം മുമ്പ് ഇറാനിലെ സ്‌കൂളുകളില്‍ നൃത്തം പഠിപ്പിച്ചിരുന്നു. പുതിയ ഭരണകൂടത്തിന്റെ വരവോടെയാണ് നൃത്തം നിരോധിച്ചതും നൃത്തം ചെയ്യുന്നവരെ തടവുകാരാക്കുന്നതുമൊക്കെ എന്ന് ചരിത്രത്തില്‍നിന്നുള്ള ഉദാഹരണം കൂട്ടുപിടിച്ചു പറയുന്നവരുമുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com