

കേരളത്തിലെ നേഴ്‌സുമാരോട് എനിക്കുള്ള ആദരവിനെയും അഭിമാനത്തെയും കുറിച്ച് ഞാന്‍ പലതവണ പറഞ്ഞു കഴിഞ്ഞതാണ്. വടക്കേ ഇന്ത്യയിലെ കുഗ്രാമങ്ങളില്‍ മുതല്‍ ആഫ്രിക്കയിലും അമേരിക്കയിലും യൂറോപ്പിലും എല്ലാം ഞാന്‍ മലയാളി നേഴ്‌സുമാരെ കണ്ടിട്ടുണ്ട്. അവരെല്ലാവരും കര്‍മ്മമേഖലയില്‍ മികവ് തെളിയിച്ച, ആ നാട്ടുകാരുടെ ആദരം പിടിച്ചുപറ്റിയ കഠിനാദ്ധ്വാനികളും അവര്‍ ജോലിചെയ്യുന്ന സ്ഥലങ്ങളില്‍ കേരളത്തിന്റെ പേര് ഉയര്‍ത്തിയവരുമാണ്. അന്‍പത് വര്‍ഷത്തിലേറെയായി കേരളത്തില്‍നിന്നും പുറത്തേക്കു പോയി ജോലിചെയ്യുന്ന നേഴ്‌സുമാര്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥക്ക് നല്‍കിയിട്ടുള്ള സംഭാവനയും വലുതാണ്.
എന്നാല്‍ ഇത്രയൊക്കെ മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടും നമ്മുടെ സമൂഹം നേഴ്‌സുമാര്‍ക്ക് വേണ്ടത്ര അംഗീകാരം നല്‍കിയിട്ടില്ല എന്നതാണ് സത്യം.
സിനിമയിലും നാടകത്തിലും 'മാലാഖമാര്‍' എന്ന് അവരെപ്പറ്റി പറയുന്നതല്ലാതെ, യഥാര്‍ത്ഥ ജീവിതത്തില്‍ അവരുടെ കഴിവുകളെ അംഗീകരിക്കാനോ അവര്‍ക്ക് അര്‍ഹമായ സ്ഥാനമാനങ്ങള്‍ നല്‍കാനോ അവരുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനോ നമ്മുടെ സമൂഹം ഒന്നും ചെയ്യാറില്ല. അനവധി ഡോക്ടര്‍മാര്‍ക്ക് പദ്മശ്രീയും പദ്മഭൂഷണും ഒക്കെ കിട്ടുമ്പോള്‍ ഒരു നേഴ്‌സിനെങ്കിലും അത് കിട്ടിയതായി എനിക്ക് ഓര്‍മ്മയില്ല (ഉണ്ടെങ്കില്‍ പറയണം). നോബല്‍ കമ്മറ്റി ചില വര്‍ഷങ്ങളില്‍ വ്യക്തികള്‍ക്കല്ലാതെ സംഘടനകള്‍ക്ക് സമാധാനത്തിനുള്ള നോബല്‍ പ്രൈസ് നല്‍കാറുള്ളതുപോലെ കേരളത്തിലെ നേഴ്‌സുമാരെ ഒരു പ്രത്യേക ഗ്രൂപ്പ് ആയി പരിഗണിച്ച് അവര്‍ നമ്മുടെ സംസ്ഥാനത്തിനും രാജ്യത്തിനും നല്‍കിയിട്ടുള്ള സേവനങ്ങളെ മാനിച്ച് ഭാരതരത്‌നം നല്‍കി ആദരിക്കണമെന്ന് ഞാന്‍ പലപ്പോഴും ആത്മാര്‍ഥമായി പറഞ്ഞിട്ടുണ്ട്. ഈ ഭാരത രത്‌നവും പദ്മശ്രീയും ഒക്കെ പോട്ടെ, അതിനൊന്നും മല്ല നമ്മുടെ നേഴ്‌സുമാര്‍ സമരം ചെയ്യുന്നത്.
സ്വിറ്റ്‌സര്‍ലാന്‍ഡ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നേഴ്‌സുമാര്‍ക്ക് വലിയ അംഗീകാരവും അതിനനുസരിച്ചുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമുണ്ട്. യൂറോപ്പില്‍ പല രാജ്യങ്ങളിലും രോഗികള്‍ക്ക് മരുന്ന് കുറിക്കാനുള്ള അധികാരം ഉണ്ട്. ഇന്ത്യന്‍ ആര്‍മിയില്‍ ഓഫീസര്‍ റാങ്കിലാണ് നേഴ്‌സുമാരുടെ സേവനം ആരംഭിക്കുന്നത്. എന്നാല്‍ നേഴ്‌സുമാരുടെ സ്വന്തം നാടായ കേരളത്തില്‍ ഔദ്യോഗികമായും സാമൂഹ്യമായും അംഗീകാരം കൊടുക്കുന്നതിന് നമ്മള്‍ മടി കാണിക്കുന്നു. ജീവിക്കാനാവശ്യമായ മിനിമം വേതനത്തിനായി നമ്മുടെ കുട്ടികള്‍ തെരുവിലിറങ്ങി സമരം ചെയ്യേണ്ടിവരുന്നു എന്നത് സങ്കടകരം തന്നെ!
കേരളത്തിലെ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളില്‍ നേഴ്‌സിങിന് ചേരുന്ന കുട്ടികളില്‍ ഭൂരിഭാഗവും രാഷ്ട്രീയമായി വലിയ 'പിടി' ഇല്ലാത്ത തലത്തില്‍ നിന്നാണ് വരുന്നത്. അതുകൊണ്ടുതന്നെയാണ് ഇവരുടെ പ്രശ്‌നങ്ങള്‍ അര്‍ഹമായ ഗൗരവത്തോടെ സമൂഹം ചര്‍ച്ച ചെയ്യാത്തത്. അതേസമയം ഈ കുട്ടികളുടെ പ്രശ്‌നം ശരിക്കും ഗുരുതരമാണു താനും. ബാങ്ക് ലോണ്‍ ഒക്കെയെടുത്താണ് മിക്കവാറും കുട്ടികള്‍ കേരളത്തിന് പുറത്തുപോയി നേഴ്‌സിങ് പഠിക്കുന്നത്. അതിനുശേഷം തിരിച്ചുവന്ന് ഇവിടെ ജോലിചെയ്യുമ്പോള്‍ സ്വന്തം ചിലവ് നടത്താനും ലോണ്‍ തിരിച്ചടക്കാനുമുള്ള മിനിമം വരുമാനമെങ്കിലും അവര്‍ക്ക് കിട്ടണ്ടേ?
കേരളത്തിലെ നേഴ്‌സുമാര്‍ക്ക് അര്‍ഹമായ ശമ്പളം കൊടുക്കണമെന്നും സേവനവ്യവസ്ഥകള്‍ ഉണ്ടാകണം (ജോലിസമയം പരിമിതപ്പെടുത്തുക, രാത്രി ഷിഫ്റ്റ് കഴിഞ്ഞാല്‍ വരെ സുരക്ഷിതരായി താമസസ്ഥലത്ത് എത്തിക്കാനും മറ്റും ഐ ടി കമ്പനികള്‍ ചെയ്യുന്നതു പോലെ സംവിധാനം ഉണ്ടാക്കുക) എന്നതും ഏറ്റവും മിനിമമായ ആവശ്യമാണ്. അക്കാര്യം ഇവരെ ജോലിക്ക് വക്കുന്നവര്‍ തീര്‍ച്ചയായും അംഗീകരിക്കണം.
അതേ സമയം ഇക്കാര്യത്തില്‍ പൊതു സമൂഹത്തിനും സര്‍ക്കാരിനും ഉത്തരവാദിത്തം ഉണ്ട്. േപരുകേട്ട ഡോക്ടര്‍മാര്‍ ഒഴികെയുള്ള മറ്റു തൊഴിലാളികള്‍ക്ക് അവരര്‍ഹിക്കുന്ന ശമ്പളം നല്‍കാതെ ജോലി ചെയ്യിക്കുന്നതു കൊണ്ടുള്ള 'ലാഭം' കുറച്ചൊക്കെ നമ്മളും അനുഭവിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികള്‍ ലാഭം ഉണ്ടാക്കുന്നില്ല എന്നല്ല, പക്ഷെ നേഴ്‌സുമാര്‍ക്കും മറ്റുള്ള ജോലിക്കാര്‍ക്കും ശമ്പളം കൂട്ടിയാല്‍ സ്വാഭാവികമായും ആശുപത്രിയുടെ മൊത്തം ചെലവ് കൂടും. അതിന്റെ പ്രതിഫലനം നമ്മള്‍ കൊടുക്കേണ്ട ആശുപത്രി ഫീസില്‍ ഉണ്ടാകും. നേഴ്‌സുമാരെ പൂര്‍ണ്ണമായും പിന്തുണക്കുന്ന സമൂഹം അതിന് തയ്യാറാവും എന്നതില്‍ എനിക്കൊരു സംശയവും ഇല്ല. പക്ഷെ ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ള ചിലവുകള്‍ പരിശോധിച്ച് സ്വകാര്യ ആശുപത്രികള്‍ കൊള്ളലാഭം ഉണ്ടാക്കാതിരിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കണം എന്നാലേ നമ്മള്‍ കൊടുക്കുന്ന തുക ജോലിക്കാര്‍ക്ക് എത്തും എന്ന് ഉറപ്പാവൂ. അപ്പോള്‍ ഉത്തരവാദിത്തം സ്വകാര്യ ആശുപത്രികള്‍ക്ക് മാത്രമല്ല, സര്‍ക്കാരിനും നമുക്കും കൂടിയാണ്.
കൂട്ടത്തില്‍ പറയട്ടെ, നേഴ്‌സുമാര്‍ക്ക് അര്‍ഹമായ ശമ്പളം കൊടുക്കുക എന്നത് മാത്രമായിരിക്കരുത് നമ്മുടെ ലക്ഷ്യം. ലോകത്ത് മറ്റിടങ്ങളില്‍ ഉള്ളതുപോലെ നേഴ്‌സുമാരുടെ സ്റ്റാറ്റസ് ഉയരണം. ആര്‍മിയിലെപോലെ ഓഫിസര്‍ റാങ്കില്‍ തന്നെയാകണം സര്‍ക്കാര്‍ സര്‍വീസില്‍ നേഴ്‌സുമാരുടെ നിയമനവും. ഡോക്ടര്‍മാരുടെ ജോലി ചെയ്യാന്‍ വ്യാജ ഡോക്ടര്‍മാരെ അനുവദിക്കാത്ത പോലെ പരിശീലനം ലഭിച്ച നേഴ്‌സുമാരുടെ ജോലി ചെയ്യാന്‍ നേഴ്‌സിങ്ങില്‍ പരിശീലനം ഇല്ലാത്തവരെ അനുവദിക്കരുത്.
ആശുപത്രിയുടെ മാനേജ്‌മെന്റ് മുതല്‍ ഹെല്‍ത്ത് സര്‍വീസിലും മറ്റ് ആരോഗ്യപദ്ധതികളുടെ തലപ്പത്തേക്കും നേഴ്‌സുമാര്‍ക്ക് അവസരം നല്‍കണം. മെഡിസിനും നേഴ്‌സിംഗിനും ശേഷം നേതൃത്വ ഗുണം കാണിക്കുന്നവര്‍ക്ക് 'മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷ'നില്‍ പരിശീലനം നല്‍കുകയും അങ്ങനെ പരിശീലിപ്പിച്ചവരെ ആശുപത്രികളുടെ ചുമതല ഏല്‍പ്പിക്കുകയും ചെയ്യണം, അല്ലാതെ ആ ജോലി ഡോക്ടര്‍മാര്‍ക്ക് മാത്രമായി മാറ്റി വെക്കരുത്. എക്കണോമിക്‌സും ഹിസ്റ്ററിയും എഞ്ചിനീറിംഗും കഴിഞ്ഞ് ഐ എ എസില്‍ എത്തിയവര്‍ ആരോഗ്യവകുപ്പ് ഭരിക്കുകയും, ആശുപത്രിയില്‍ ഷെയര്‍ ഉള്ളത് കൊണ്ട് ആശുപത്രി മാനേജമെന്റില്‍ വേറെ പരിചയം ഒന്നും ഇല്ലാത്തവര്‍ സ്വകാര്യ ആശുപത്രി ഭരിക്കാന്‍ എത്തുകയും ഒക്കെ ചെയ്യുന്നുണ്ടല്ലോ, അപ്പോള്‍ നേഴ്‌സിങും തൊഴില്‍ പരിചയവും നേതൃത്വ ഗുണവും ഉള്ളവര്‍ ആശുപത്രി മേധാവിയും ആരോഗ്യമിഷനുകള്‍ ഉള്‍പ്പെടെയുള്ള പ്രോജക്ടുകളുടെ മേധാവികളും ആകുന്നതില്‍ ഒരു തെറ്റുമില്ല.
നമ്മുടെ നേഴ്‌സുമാര്‍ നമ്മുടെ അഭിമാനമാണ്. ഈ പനിക്കാലത്ത് അവരെ തെരുവില്‍ മഴയത്ത് നിര്‍ത്തരുത്. അവര്‍ക്ക് അര്‍ഹമായ അംഗീകാരം ശമ്പളത്തിലും സമൂഹത്തിലും നല്‍കണം, അല്ലെങ്കില്‍ ആദ്യം കിട്ടുന്ന അവസരത്തില്‍ തന്നെ അവര്‍ സ്ഥലം വിടും. ലോകത്തെവിടെയും അവര്‍ക്ക് നല്ല ബ്രാന്‍ഡ് വാല്യൂ ഉണ്ട്, ഇനി വരുന്ന കാലത്ത് മറ്റുള്ള അനവധി ജോലികള്‍ ഇല്ലാതാകുമ്പോള്‍ നേര്‌സുമാര്‍ക്കുള്ള ഡിമാന്‍ഡ് കൂടി വരികയാണ്. ഇംഗ്ലീഷിലും ജര്‍മ്മന്‍ പോലുള്ള മറ്റു ഭാഷകളിലും ഒക്കെ അല്പം പരിശീലനം ഒക്കെ നേടിയാല്‍ പിന്നെ അവരെ പിടിച്ചാല്‍ കിട്ടില്ല. കേരളത്തിലെ ഭൂരിഭാഗം ആളുകളും ഇപ്പോള്‍ നേഴ്‌സുമാരുടെ യഥാര്‍ത്ഥ മഹത്വം മനസ്സിലാക്കുന്നത് അവര്‍ എമെര്‍ജെന്‍സിയിലും ഐ സി യുവിലും ഒക്കെ എത്തുമ്പോഴാണ്. അത്ര വെയിറ്റ് ചെയ്യേണ്ട കാര്യം ഇല്ല.
സമരം ചെയ്യുന്നവരും അല്ലാത്തവരും ആയ നേഴ്‌സുമാരോട് സ്‌നേഹാദരങ്ങളോടെ...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates