

വൃത്തിയും സുരക്ഷിതത്വവുമുള്ള പൊതു ടോയ്‌ലറ്റുകള്‍ ഇന്ത്യയിലെ സ്ത്രീകള്‍ എന്നും ആവശ്യപ്പെടുന്നതാണ്. കാലങ്ങളായുള്ള ഈ ആവശ്യം പൂര്‍ത്തീകരിക്കാന്‍ ഇനിയും ഏറെ സമയമെടുക്കുമെങ്കിലും ചില സ്ഥലങ്ങളില്‍ വ്യക്തകളുടെയും സംരഭകരുടെയും നേതൃത്വത്തില്‍ മികച്ച പൊതു ടോയ്‌ലറ്റുകള്‍ ഉണ്ടാകുന്നുവെന്ന വാര്‍ത്ത സന്തോഷത്തോടെയെ കേള്‍ക്കാനാകു.
പഴയതും കേടായതുമായ ബസുകളെ സ്ത്രീകള്‍ക്കുള്ള ടോയ്‌ലറ്റായി പുനരാവിഷ്‌ക്കരിച്ച് പൂണെയില്‍ പുതിയൊരു വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് സംരംഭകരായ ഉല്‍ക്ക സദല്‍ക്കറും രാജീവ് ഖേറും. വളരെയേറെ ജനത്തിരക്കേറിയ പൂന നഗരത്തില്‍ പൊതു ടോയ്‌ലറ്റുകള്‍ പണിയുക എന്നത് ശ്രമകരമാണ്. സ്ഥലപരിമിതിയാണ് പ്രധാന കാരണം.
മാത്രമല്ല, വീടില്ലാത്തവര്‍ക്കായി ബസുകളില്‍ പൊതു ടോയ്‌ലറ്റുകള്‍ നിര്‍മിക്കുന്നതിനെ കുറിച്ച് പണ്ടൊരിക്കല്‍ വായിച്ചതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടായിരുന്നു ഉല്‍ക്ക സദല്‍ക്കറും രാജീവ് ഖേറും ഈ ആശയത്തിലേക്ക് എത്തിച്ചേര്‍ന്നത്. 2016ല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി നടന്ന ചര്‍ച്ചയില്‍ ഉല്‍ക്കയും രാജീവും ഇക്കാര്യം കോര്‍പ്പറേഷനെ അറിയിക്കുകയും അനുവാദം വാങ്ങുകയും ചെയ്തു.
വെസ്റ്റേണ്‍, ഇന്ത്യ ടോയ്‌ലറ്റുകള്‍, വാഷ്‌ബേസിനുകള്‍ എന്നിവയെല്ലാം ബസില്‍ സജ്ജീകരിച്ചിട്ടുണ്ട്. അത്യവശ്യമുള്ളവര്‍ക്ക് സാനിറ്ററി നാപികിന്‍ വില കൊടുത്ത് വാങ്ങുകയും ചെയ്യാം. സോളാര്‍ എനര്‍ജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ അഞ്ച് രൂപയാണ് ഉപഭോക്താക്കള്‍ മുടക്കേണ്ടി വരിക.
ബസുകള്‍ക്കുള്ളില്‍ സ്ത്രീകള്‍ക്കുണ്ടായിരിക്കേണ്ട ശുചിത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്ന ചെറിയ ടിവിസ്‌ക്രീനുകളും സ്ഥാപിച്ചിട്ടുണ്ട്. ബസിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള ടാങ്കുകളിലാണ് മാലിന്യങ്ങള്‍ ശേഖരിക്കുക.
പൂണെയില്‍ മാത്രമായി ഇത്തരത്തിലുള്ള 11 സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ജനത്തിരക്കേറിയ സ്ഥലങ്ങളിലാണ് ഇവയോരോന്നും സ്ഥാപിച്ചിട്ടുള്ളത്. ഒരു ദിവസം ശരാശരി 150 സ്ത്രീകള്‍ ബസ് ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നതായി ഇവര്‍ പറയുന്നു. തിരക്കേറുന്ന ദിനങ്ങളില്‍ അത് 300ല്‍ എത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates