'ഫെയ്‌സ്ബുക് പ്രണയക്കുരുക്കില്‍ അകപ്പെട്ട് വീടുവിട്ടിറങ്ങുന്നവരില്‍ വിദ്യാര്‍ഥികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ'; ചതിക്കുഴികളില്‍ അവര്‍ വല വിരിക്കുന്നത് ഇങ്ങനെ

ഇതിനിടെയാണ് ഇത്തരം ചില ചതിക്കുഴികളും സമൂഹമാധ്യമങ്ങളുടെ മറവില്‍ ഒളിഞ്ഞിരിക്കുന്നത്
'ഫെയ്‌സ്ബുക് പ്രണയക്കുരുക്കില്‍ അകപ്പെട്ട് വീടുവിട്ടിറങ്ങുന്നവരില്‍ വിദ്യാര്‍ഥികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ'; ചതിക്കുഴികളില്‍ അവര്‍ വല വിരിക്കുന്നത് ഇങ്ങനെ
Updated on
2 min read

ഫെയ്‌സ്ബുക്ക് പ്രണയത്തിന്റെ ചതിക്കുഴികളറിയാതെയാണ് പലരും വീടുവിട്ടറങ്ങുന്നത്. ഇതില്‍ കൗമാരക്കാര്‍ മാത്രമല്ല വീട്ടമ്മമാരുണ്ട്.  കഴിഞ്ഞ ദിവസം തൃശൂരില്‍ നിന്ന് മാത്രം കാണാതായ ഏഴു വിദ്യാര്‍ഥികളെയാണ് സൈബര്‍ പൊലീസിന്റെ സഹായത്തോടെ കണ്ടെത്തിയത്. എല്ലാവരും ഫെയ്‌സ്ബുക് സുഹൃത്തിന്റെ കൂടെയാണ് വീടുവിട്ടിറങ്ങിയത്. വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി, ഫെയ്‌സ് ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചായിരുന്നു മിക്കവരെയും കൂടെ കൂട്ടിയത്.

പെണ്‍കുട്ടികളെയും വീട്ടമ്മമാരെയും പ്രണയത്തില്‍ വീഴ്ത്തി പുറത്തിറക്കുന്ന സംഘം തന്നെ ഫെയ്‌സ്ബുക്കില്‍ സജീവമാണ്. വിദ്യാര്‍ഥികളുടെയും വീട്ടമ്മമാരുടെ ഫെയ്‌സ്ബുക് ഗ്രൂപ്പുകളില്‍ നിന്നാണ് പുതിയ ഇരകളെ കണ്ടെത്തുന്നത്. പിന്നീട് റിക്വസ്റ്റ് നല്‍കി, ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിക്കും. നിലവില്‍ സൈബര്‍ പ്രണയം വ്യാപകമാണ്. ആര്‍ക്കും ആരെയും പ്രണയിക്കാമെന്ന രീതിയിലാണ് സൈബര്‍ പ്രണയം മുന്നോട്ട് പോകുന്നത്. വിവിധതരം ചൂഷണത്തിനിരയാക്കുന്ന ഫെയ്‌സ്ബുക് സംഘങ്ങളുടെ പ്രവര്‍ത്തനം സജീവമാണെന്നാണ് പൊലീസ് പറയുന്നത്. ഫെയ്‌സ്ബുക് കെണിയില്‍പെട്ട് പണവും മാനവും നഷ്ടമായവര്‍ നിരവധിയാണ്.

ഇവരില്‍ മിക്ക വിദ്യാര്‍ഥികളുടെയും രക്ഷിതാക്കള്‍ കാര്യങ്ങള്‍ മനസിലാക്കുന്നുണ്ടെങ്കിലും മാനക്കേട് ഭയന്നു പരാതി നല്‍കാറില്ല. വിദ്യാര്‍ഥികള്‍ക്കിടയിലെ പല സംഭവങ്ങളും പുറംലോകമറിയുന്നില്ലെന്നു മാത്രം. ഫെയ്‌സ്ബുക് പ്രണയക്കുരുക്കില്‍ അകപ്പെട്ട് വീടുവിട്ടിറങ്ങുന്നവരില്‍ വിദ്യാര്‍ഥികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെയുണ്ട്. പലരും നേരില്‍ കണ്ടിട്ടു പോലുമില്ലാത്തവരെ കൂടെയാണ് ഒരോ ദിവസവും ഇറങ്ങിപോകുന്നത്.

സൈബര്‍ പ്രണയത്തിന്റെ ചതിക്കുഴിയില്‍ പെട്ടുപോയ നിരവധി വിദ്യാര്‍ഥികളുണ്ട്. ഇതു ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നു. ഏഴാം ക്ലാസ് മുതലുള്ള കുട്ടികള്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്, ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ സജീവമാകുന്നതായി സൈബര്‍ പൊലീസ് പറയുന്നു. സ്‌കൂള്‍ കുട്ടികള്‍ ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതു പലതും അവസാനം വന്‍ അപകടത്തിലാണ് എത്തുന്നത്. പ്രണയം നടിച്ചു ചതിക്കുഴികളില്‍ വീഴ്ത്താന്‍ ഒട്ടേറെപ്പേരാണു ഫെയ്‌സ്ബുക്കില്‍ വലവിരിച്ചു കാത്തിരിക്കുന്നതെന്ന് നിരവധി തവണ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതാണ്.

വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ സൈബര്‍ തട്ടിപ്പുകളെ സംബന്ധിച്ചു ബോധവല്‍ക്കരണം ശക്തമാക്കിയാല്‍ കുട്ടികളെ ഇത്തരം ചതിക്കുഴികളില്‍പ്പെടാതെ നേര്‍വഴി നടത്താനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. വിവാഹത്തട്ടിപ്പുകളും പണാപഹരണങ്ങളുമൊക്കെ അരങ്ങേറുന്നുണ്ട്. ഫെയ്‌സ്ബുക്കിലൂടെ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ സംഭവങ്ങളുമുണ്ട്.

മറ്റുള്ളവരോടു വൈരാഗ്യം തീര്‍ക്കാനും അവരെ അപമാനിക്കാനും ഭീഷണിപ്പെടുത്താനുമൊക്കെ പലരും ഫെയ്‌സ്ബുക് അടക്കമുള്ള സമൂഹ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതായി പൊലീസ് പറയുന്നു. മറ്റ് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കു ഇരകളാകുന്നവരുടെ എണ്ണവും കുറവല്ല. സമൂഹത്തില്‍ ഒരു പ്രതികരണ വേദിയായി സമൂഹ മാധ്യമങ്ങള്‍ മാറിക്കഴിഞ്ഞു. കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനും പല സംഭവങ്ങളിലും അധികൃതരുടെ കണ്ണ് തുറപ്പിക്കുന്നതിനും ഫെയ്‌സ് ബുക്കിലൂടെയുള്ള നിരന്തര ഇടപെടലുകള്‍ വഴിതെളിച്ചിട്ടുണ്ട്. ഒട്ടേറെ നന്മപ്രവര്‍ത്തനങ്ങളും ഫെയ്‌സ്ബുക് കൂട്ടായ്മകളിലൂടെ നടക്കുന്നുണ്ട്. ഇതിനിടെയാണ് ഇത്തരം ചില ചതിക്കുഴികളും സമൂഹമാധ്യമങ്ങളുടെ മറവില്‍ ഒളിഞ്ഞിരിക്കുന്നത്.

ടെക്‌നോളജി ഉപയോഗിച്ചോ അതിന്റെ സഹായത്തോടെയോ നടക്കുന്ന എല്ലാത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും സൈബര്‍ കുറ്റകൃത്യങ്ങളുടെ വിഭാഗത്തില്‍പ്പെടും. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ആരെയെങ്കിലും സ്ഥിരമായി ശല്യം ചെയ്യുക, അധിക്ഷേപിക്കുക, മോര്‍ഫ് ചെയ്യുക, അശ്ലീല സന്ദേശങ്ങളോ ഫോട്ടോകളോ വിഡിയോയോ അയയ്ക്കുകയോ കാണിക്കുകയോ ഫോണില്‍ സൂക്ഷിക്കുകയോ ചെയ്യുക, അപവാദ പ്രചാരണം നടത്തുക, മറ്റൊരാളുടെ ഇന്റര്‍നെറ്റ് അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുക്കുകയോ കടന്നുകയറുകയോ ചെയ്യുക, മറ്റുള്ളവരുടെ വിവരങ്ങള്‍ നശിപ്പിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യുക, ഇമെയില്‍, എസ്എംഎസ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ തുടങ്ങിയവയെല്ലാം സൈബര്‍ കുറ്റത്തിന്റെ പരിധിയില്‍ വരുമെന്നു പൊലീസ് പറയുന്നു.

ഫെയ്‌സ്ബുക്കിലും മറ്റും അപരിചിതരുമായി ഇടപെടുമ്പോള്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്നു സൈബര്‍ വിഭാഗം മുന്നറിയിപ്പു നല്‍കുന്നു. അപരിചിതര്‍ നല്‍കുന്ന വിവരങ്ങള്‍, ഫോട്ടോകള്‍ എന്നിവ കണ്ണടച്ചു വിശ്വസിക്കരുത്. നേരിട്ടോ സുഹൃത്തുകള്‍ വഴിയോ ചുറ്റുപാടുകള്‍ മനസ്സിലാക്കാന്‍ സാഹചര്യമില്ലാത്തവര്‍ക്കു വ്യക്തിപരമായ വിവരങ്ങള്‍ നല്‍കരുത്. അടുത്തറിയാത്തവരുമായി സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കരുത്. അതിരുവിട്ടുള്ള സംഭാഷണങ്ങള്‍, അശ്ലീലഫോട്ടോകള്‍ എന്നിവ ഒഴിവാക്കണം. കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗത്തെപ്പറ്റി മാതാപിതാക്കള്‍ക്കു ബോധ്യം വേണം. രക്ഷിതാക്കളെ ബോധവല്‍ക്കരിക്കാന്‍ അധ്യാപകര്‍ മുന്‍കൈയെടുക്കണം. ആരോടൊക്കെയാണു കുട്ടി ആശയവിനിമയം നടത്തുന്നതെന്നു ചോദിച്ചറിയാനുള്ള ബന്ധം നിലനിര്‍ത്തുക. ദേഷ്യം, നിരാശ, സങ്കടം, ഉറക്കക്കുറവ് എന്നിങ്ങനെ കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റങ്ങള്‍ ശ്രദ്ധിക്കുക. അനാവശ്യമായ കോളുകളും സന്ദേശങ്ങളും ബ്ലോക്ക് ചെയ്യുക. അപരിചിതര്‍ കാണരുതെന്നു നിര്‍ബന്ധമുള്ള ചിത്രങ്ങളും വിഡിയോയും അടുപ്പക്കാര്‍ക്കു പോലും ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യരുത്. ഇന്റര്‍നെറ്റില്‍ സ്വകാര്യത എന്ന ഒന്നില്ല. അനുവാദം ഇല്ലാതെ ആരുടെയും ചിത്രങ്ങള്‍ എടുക്കുകയോ ഷെയര്‍ ചെയ്യുകയോ അരുത്, നിങ്ങളുടെ ചിത്രം എടുക്കാന്‍ മറ്റുള്ളവരെയും അനുവദിക്കരുത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com