ഫോട്ടോസഹിതം സ്വന്തം മരണവാര്‍ത്തയും ചരമപരസ്യവും നല്‍കിയ തളിപറമ്പ് കുറ്റിക്കോലിലെ കര്‍ഷകന്‍ ജോസഫ് മേലൂക്കുന്നേലിനെ കാണാതായി. പത്രങ്ങളിലൂടെ മരണവാര്‍ത്ത അറിഞ്ഞ് അമ്പരന്ന ബന്ധുക്കളും നാട്ടുകാരും പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഭര്‍ത്താവിനെ കാണാതായതിനെകുറിച്ചുള്ള ഭാര്യ മേരിക്കുട്ടിയുടെ പരാതിയില്‍ തളിപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്വന്തം മരണവാര്‍ത്തയുമായി ബുധനാഴ്ചയാണ് ജോസഫ് പത്രം ഓഫീസുകളിലേക്കെത്തുന്നത്. ബന്ധുവിന്റെതെന്ന് പറഞ്ഞ് ജോസഫ് തന്റെ മരണവാര്‍ത്ത സ്വയം എഴുതിനല്‍കി. ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും വിവരങ്ങള്‍ ഉള്‍പ്പെടെ എല്ലാം കാര്യങ്ങളും വിശദീകരിച്ച് എഴുതിനല്‍കി. വാര്‍ത്തയോടൊപ്പം കൊടുക്കാനായി ഫോട്ടോയും നല്‍കി. ഹൃദ്രോഗബാധയെതുടര്‍ന്ന് തിരുവനന്തപുരം ആര്‍സിസിയില്‍ ആയിരുന്നു അന്ത്യം എന്നാണ് വാര്‍ത്തയില്‍ വിശദീകരച്ചിരിക്കുന്നത്. ശവസംസ്‌കാര വിവരങ്ങള്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ വെള്ളിയാഴ്ച്ച തിരുവനന്തപുരം ജഗതി സെയിന്റ് സെബസ്ത്യാനോസ് ദേവാലയത്തില്‍ സംസ്‌കാരമെന്നാണ് ജോസഫ് അറിയിച്ചിരിക്കുന്നത്.
പയ്യൂരിലെ ബോംബെ ഹോട്ടലില്‍ മുറിയെടുത്തിരുന്ന ജോസഫ് വെള്ളിയാഴ്ചമുതല്‍ ഇവിടെയാണ് താമസിച്ചത്. ഇവിടെനിന്നുതന്നെയാണ് പരസ്യം നല്‍കാനായി പത്രം ഓഫീസുകള്‍ സന്ദര്‍ശിച്ചത്. വാര്‍ത്ത വ്യാജമാണെന്നറിഞ്ഞതിനെതുടര്‍ന്ന് ഹോട്ടലില്‍ അന്വേഷിക്കാനെത്തിയ പത്രക്കാര്‍ എത്തിയപ്പോഴാണ് ഇയാള്‍ ഹോട്ടലില്‍ നിന്നും മുറി ഒഴിഞ്ഞ വിവരം അറിഞ്ഞത്. ബുധനാഴ്ച്ച തന്നെ മുറി ഒഴിഞ്ഞ് പോയതായാണ് ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചത്.
വെള്ളിയാഴ്ച്ച കോട്ടയത്തുള്ള ബന്ധുവിനെകാണാനായി വീട്ടില്‍ നിന്നിറങ്ങിയ അച്ഛന്‍ പിന്നീട് തിരുവനന്തപുരം ആര്‍സിസിയില്‍ പോകണമെന്ന് ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നെന്ന് മകന്‍ ഷാജു ജോണ്‍ പറയുന്നു. തലയ്ക്ക് മുന്നില്‍ മുഴയുണ്ടെന്നും അത് കാണിക്കാന്‍ പോകുകയാണെന്നുമാണ് ജോസഫ് വീട്ടില്‍ അറിയിച്ചത്. എന്നാല്‍ ആര്‍സിസിയില്‍ പരിശോദനയ്ക്കായി എത്തിയിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ഷാജു പറഞ്ഞു.
പത്രങ്ങളില്‍ പരസ്യം ഇടുന്നതിനുവേണ്ട പണം മുന്‍കൂറായി അടച്ചാണ് ജോസഫ് പത്രം ഓഫീസുകളില്‍ നിന്ന് ഇറങ്ങിയത്. 35,000ത്തോളം ചിലവ് വരുന്ന വലിയ പരസ്യങ്ങള്‍ സഹിതമാണ് ജോസഫ് പത്രങ്ങളില്‍ കരാര്‍ ചെയ്തുറപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates