മെക്‌സിക്കന്‍ ലഹരി മരുന്നു സാമ്രാജ്യത്തിലെ 'മഹാറാണി'; രഹസ്യ കൊലയാളിയായ 'സര്‍പ്പ സുന്ദരി'യുടെ മരണത്തില്‍ ദുരൂഹത

ആണുങ്ങള്‍ അടക്കിവാണ മെക്‌സിക്കന്‍ ലഹരി മരുന്നു സാമ്രാജ്യത്തിലെ മഹാറാണിയെന്ന അറിയപ്പെട്ട ക്ലൗഡിയ ഓച്ചോവ ഫെലിക്‌സിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മെക്‌സിക്കന്‍ ലഹരി മരുന്നു സാമ്രാജ്യത്തിലെ 'മഹാറാണി'; രഹസ്യ കൊലയാളിയായ 'സര്‍പ്പ സുന്ദരി'യുടെ മരണത്തില്‍ ദുരൂഹത
Updated on
4 min read

മെക്‌സിക്കോ സിറ്റി: ആണുങ്ങള്‍ അടക്കിവാണ മെക്‌സിക്കന്‍ ലഹരി മരുന്നു സാമ്രാജ്യത്തിലെ മഹാറാണിയെന്ന അറിയപ്പെട്ട ക്ലൗഡിയ ഓച്ചോവ ഫെലിക്‌സിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരിക്കുമ്പോള്‍ അവരുടെ കൃത്യമായ പ്രായം പോലും ആര്‍ക്കും അറിയില്ലായിരുന്നു. പക്ഷേ 32, 35 വയസിനിടെ അവര്‍ നേടിയെടുത്ത കുപ്രസിദ്ധി മെക്‌സിക്കോയില്‍ മറ്റൊരു വനിതയ്ക്കും ഇന്നേവരെ ഇല്ലാത്തതാണ്.

സെപ്റ്റംബര്‍ 14ന് ഒരു ഫ്‌ളാറ്റില്‍ ശ്വാസംമുട്ടിയാണ് ക്ലൗഡിയ മരിച്ചതെന്നായിരുന്നു പൊലീസ് നിഗമനം. രക്തത്തില്‍ അമിത അളവില്‍ മദ്യത്തിന്റെ അംശവുമുണ്ടായിരുന്നു. വിഷ വാതകമോ മറ്റെന്തെങ്കിലും ശ്വാസ തടസമുണ്ടാക്കുന്ന പദാര്‍ഥമോ ബലമായി ശ്വസിപ്പിച്ച് കൊലപ്പെടുത്തിയതാകാമെന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്.

തലേന്ന് നൈറ്റ് പാര്‍ട്ടിയില്‍ ഒരാള്‍ക്കൊപ്പം ക്ലൗഡിയ പങ്കെടുത്തതിനു തെളിവുകള്‍ ഉണ്ട്. നൈറ്റ് പാര്‍ട്ടിക്കു ശേഷം അപാര്‍ട്ട്‌മെന്റില്‍ തിരിച്ചെത്തിയ ക്ലൗഡിയയെ പിറ്റേന്നു രാവിലെ വിളിച്ചപ്പോള്‍ എണീക്കാതായതോടെയാണ് പൊലീസിനെ അറിയിച്ചത്. ഇവര്‍ക്ക് എന്തു സംഭവിച്ചുവെന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിനും വ്യക്തതയില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും വരാനിരിക്കുകയാണ്. 

മെക്‌സിക്കന്‍ ലഹരി മരുന്നു സാമ്രാജ്യത്തിലെ മഹാറാണിയെന്ന് അവരെ വിശേഷിപ്പിച്ചത് പാശ്ചാത്യ മാധ്യമങ്ങളാണ്. അതിനു ഒട്ടേറെ കാരണങ്ങളുണ്ടായിരുന്നു. 2014 ജൂണില്‍ ട്വീറ്റ് ചെയ്ത രണ്ട് ചിത്രങ്ങളിലൂടെയാണു ലഹരി മരുന്നു മാഫിയാ ലോകത്തേക്കുള്ള ക്ലൗഡിയയുടെ വരവ് ലോകം അറിയുന്നത്. പിങ്ക് നിറത്തിലും സ്വര്‍ണ നിറത്തിലുമുള്ള എകെ 47 തോക്കുകള്‍ പിടിച്ചുള്ള രണ്ടു ചിത്രങ്ങളായിരുന്നു അത്. പതിനായിരങ്ങളാണ് അതിനു പിന്നാലെ ട്വിറ്ററില്‍ ക്ലോഡിയയെ പിന്തുടരാനെത്തിയത്. മെക്‌സിക്കോയിലെ സൂപ്പര്‍ മോഡലായ ക്ലൗഡിയ അന്ന് അറിയപ്പെട്ടിരുന്നത് റിയാലിറ്റി ഷോ താരം കിം കര്‍ദാഷിയന്റെ പേരിലായിരുന്നു. കര്‍ദാഷിയനുമായുള്ള രൂപ സാദൃശ്യമായിരുന്നു അതിന് കാരണം. 

ലഹരി മാഫിയയുടെ പല പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലും ക്ലൗഡിയയാണെന്നു നേരത്തേ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. നൈറ്റ് ക്ലബുകളില്‍ തോക്കേന്തിയ അംഗരക്ഷകരുടെ അകമ്പടിയോടെയെത്തുന്ന അവരെ അതുവരെ കൗതുകത്തിന്റെ കണ്ണുകളോടെയായിരുന്നു മെക്‌സിക്കോക്കാരും കണ്ടിരുന്നത്. എന്നാല്‍ മോഡല്‍ പദവിയില്‍ നിന്ന് മെക്‌സിക്കന്‍ ലഹരി മരുന്നു മാഫിയയിലെ ഏറ്റവും കരുത്തുറ്റ വനിതയെന്ന നിലയിലേക്ക് ഏതാനും വര്‍ഷം കൊണ്ടായിരുന്നു അവരുടെ വളര്‍ച്ച.

സിനലോവ കാര്‍ട്ടലെന്ന കൊടും മാഫിയാ സംഘത്തിന്റെ നെടുംതൂണായ വാക്വീന്‍ ഗുസ്മാന്‍ അറസ്റ്റിലായതും പിന്നാലെയെത്തിയ ഹോസെ റോഡ്രിഗോ ഏരെചികയെ യുഎസ് കുരുക്കിയതുമെല്ലാം ലഹരിക്കടത്തുകാര്‍ക്കു വന്‍ തിരിച്ചടിയാണു നല്‍കിയത്. എന്നാല്‍ ഗുസ്മാന്റെ അറസ്‌റ്റോടെ സിനലോവ കാര്‍ട്ടലിനു ചരമഗീതം എഴുതാമെന്ന മെക്‌സിക്കന്‍ ഭരണകൂടത്തിന്റെയും യുഎസിന്റെയും കണക്കുകൂട്ടലുകളെ അപ്പാടെ അട്ടിമറിക്കുന്നതായിരുന്നു ക്ലൗഡിയയുടെ ഇടപെടല്‍. 

പാവപ്പെട്ടവരെ സഹായിച്ചും തന്റെ കീഴിലുള്ള ലഹരി കടത്തു ഗ്രാമങ്ങളില്‍ സിനലോവ കാര്‍ട്ടല്‍ കമ്പനിയുടെ സിഎസ്ആര്‍ പരിപാടികള്‍ മുഖേന വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയും പ്രദേശവാസികളുടെ പിന്തുണ നേടാന്‍ ഗുസ്മാനെ സഹായിച്ചിരുന്നവരില്‍ പ്രമുഖയായിരുന്നു ക്ലൗഡിയ. ജനങ്ങളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതിനാല്‍ പലപ്പോഴും പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ഈ മാഫിയ സംഘങ്ങള്‍ക്കു സാധിച്ചിരുന്നു. ഗുസ്മാന്റെ പെണ്‍ രൂപമായിരുന്നു ക്ലൗഡിയയെന്നാണു വിശേഷിപ്പിക്കപ്പെട്ടത്. 

ആഡംബര ജീവിതത്തോട് അമിതഭ്രമമുള്ള ക്ലൗഡിയ മെക്‌സിക്കോയില്‍ മോഹ വിലയുള്ള മോഡല്‍ ആയിരുന്നു. സാമൂഹിക മാധ്യമങ്ങളിലെ ഫോട്ടോകളിലൂടെയും അവര്‍ വിവാദങ്ങളില്‍ ഇടംപിടിച്ചു. സ്വന്തം മകനെ കിടക്കയില്‍ കെട്ടുകണക്കിന് ഡോളറുകള്‍ക്കിടയിലിട്ടുള്ള ചിത്രമായിരുന്നു അതിലൊന്ന്. ബിഎംഡബ്ല്യു കാറില്‍ എകെ 47 സൂക്ഷിച്ച ചിത്രവും വൈറലായി. ആഡബംര കാറുകള്‍ക്കും സിംഹത്തിനും ചീറ്റപ്പുലിക്കുമെല്ലാം ഒപ്പം ക്ലൗഡിയയെടുത്ത ചിത്രങ്ങളും അവര്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ആരാധകരെ സൃഷ്ടിച്ചു.

നീന്തല്‍ വേഷത്തിലും ആഡംബര വസ്ത്രത്തിലുമെല്ലാമുള്ള ചൂടന്‍ ചിത്രങ്ങള്‍ വഴി മെക്‌സിക്കന്‍ യുവാക്കളുടെയും ഹരമായിരുന്നു ക്ലൗഡിയ. ബിക്കിനി ധരിച്ച അഴകളവുകളുള്ള കൊലയാളി, സര്‍പ്പ സുന്ദരി എന്നിങ്ങനെയായിരുന്നു രാജ്യാന്തര മാധ്യമങ്ങള്‍ ക്ലൗഡിയയെ വിശേഷിപ്പിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാമിലെയും താരങ്ങളിലൊരായിരുന്നു ക്ലൗഡിയ.

സിനലോവ കാര്‍ട്ടലിന്റെ ബി ടീമായ ലോസ് ആന്ത്രാക്‌സിന്റെ തലവന്‍ ഹോസെ റോഡ്രിഗോ ഏരെചികയുടെ കാമുകിയായിരുന്നു ക്ലൗഡിയയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആന്ത്രാക്‌സിന്റെ മഹാറാണിയെന്നായിരുന്നു അവരുടെ വിശേഷണം തന്നെ. ലഹരിക്കടത്തുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സിനലോവ കാര്‍ട്ടല്‍ ചെയ്യുമ്പോള്‍ ആവശ്യമെങ്കില്‍ കൊലപാതകങ്ങളിലൂടെ അവര്‍ക്കുള്ള വഴിയൊരുക്കിയിരുന്നത് ആന്ത്രാക്‌സ് സംഘമായിരുന്നു. സിനലോവയുടെ കൊലയാളി സംഘമെന്നു തന്നെ പറയാം ആന്ത്രാക്‌സിനെ. 

ലഹരിക്കടത്തു സംഘത്തിന്റെ പ്രവര്‍ത്തനത്തിനു തടസം നില്‍ക്കുന്നവരെ കണ്ടെത്തി കൊലപ്പെടുത്തുന്ന ആന്ത്രാക്‌സിന്റെ സംഘടിത നീക്കങ്ങളുടെ തലപ്പത്തു പ്രവര്‍ത്തിച്ചത് ക്ലൗഡിയയാണ്. 2014 മെയില്‍ അവരെ കൊലപ്പെടുത്താനും ശ്രമമുണ്ടായി. എന്നാല്‍ ആളുമാറി വെടിയേറ്റു മരിച്ചത് മറ്റൊരു വനിതയായിരുന്നു. സിനലോവ കാര്‍ട്ടലിന്റെ പേരില്‍ മെക്‌സിക്കോയില്‍ അരങ്ങേറിയിരുന്ന പല കൊലപാതകങ്ങളുടെയും ആസൂത്രണത്തിനു പിന്നില്‍ ക്ലൗഡിയ ആയിരുന്നെങ്കിലും അവരെ കുരുക്കാന്‍ മാത്രം പൊലീസിനു സാധിച്ചില്ല. 

വാക്വീന്‍ ഗുസ്മാന്‍ എന്ന അധോലോക രാജാവ് കൊടും ക്രൂരതകള്‍ക്കു വേണ്ടി ഉപയോഗിച്ചിരുന്ന സുന്ദരമായ മുഖമായിരുന്നു ക്ലൗഡിയ എന്നതു പരസ്യമായ രഹസ്യമായിരുന്നു. എന്നാല്‍ പൊതുമധ്യത്തില്‍ ഗുസ്മാനുമായുള്ള ബന്ധം ക്ലൗഡിയ നിഷേധിച്ചിരുന്നു. ഗുസ്മാന്റെ നിര്‍ദേശങ്ങള്‍ കേട്ടു തുള്ളിയിരുന്ന ഒരു കളിപ്പാവയെന്നായിരുന്നു എല്‍ കീനോയെന്നു വിളിപ്പേരുള്ള ഹോസെയ്ക്കു മാധ്യമങ്ങള്‍ നല്‍കിയ വിശേഷണം. 

ഗുസ്മാന്റെ അഭാവത്തില്‍ സിനലോവ കാര്‍ട്ടലിനെയും ആന്ത്രാക്‌സിനെയും സജീവമായി നിലനിര്‍ത്താന്‍ ഹോസെയെ സഹായിച്ചത് ക്ലൗഡിയ ആയിരുന്നു. അതിനിടെ സിനലോവ കാര്‍ട്ടലിലെ പ്രമുഖനായിരുന്ന എല്‍ ചാവോ ഫെലിക്‌സിനെ വിവാഹം കഴിച്ചപ്പോഴും ഹോസെയുമായുള്ള ബന്ധം ക്ലൗഡിയ തുടര്‍ന്നു. ഫെലിക്‌സുമായുള്ള വിവാഹ ബന്ധത്തില്‍ മൂന്നു കുട്ടികളും ക്ലൗഡിയക്കുണ്ട്. 2013ല്‍ ഹോസെ പൊലീസ് പിടിയിലായതിനു ശേഷവും സിനലോവ സംഘം ലഹരിക്കടത്തലില്‍ സജീവമായിരുന്നു. ഇന്റര്‍പോളിന്റെ സഹായത്തോടെ ഹോളണ്ടിലെ വിമാനത്താവളത്തില്‍ നിന്നാണ് ഹോസെയെ പിടികൂടുന്നത്. 2014 മുതല്‍ ഹോസെയും യുഎസില്‍ തടവിലാണ്.

മെക്‌സിക്കോയുടെ പടിഞ്ഞാറന്‍ സംസ്ഥാനമായ ഹലീസ്‌കോയിലെ പ്രമുഖ നഗരമായ ഗ്വാഡലഹാരയിലെ കിണറ്റില്‍ നിന്നു 44 മൃതദേഹങ്ങള്‍ കണ്ടെടുത്തതിനു തൊട്ടുപിന്നാലെയാണ് ക്ലൗഡിയയുടെ ദുരൂഹ മരണവും ചര്‍ച്ചയാകുന്നത്. മെക്‌സിക്കോയില്‍ നൂറുകണക്കിനു ആളുകളാണ് മാഫിയ ചേരിപ്പോരിന്റെ പേരില്‍ ദിവസവും കൊല്ലപ്പെടുന്നത്. ഈ കൊലപാതകങ്ങളുടെ കൂട്ടത്തില്‍ ക്ലൗഡിയയുടെ മരണത്തെ ചേര്‍ത്ത് വയ്ക്കുന്നവരുമുണ്ട്.

മൂന്നാം ക്ലാസ്സില്‍ പഠനം നിര്‍ത്തി അച്ഛനൊപ്പം പൊതിക്കഞ്ചാവു വിറ്റു നടന്ന വാക്വീന്‍ ഗുസ്മാന്‍ എന്ന ബാലന്‍ മെക്‌സിക്കോയിലെ ലഹരിക്കടത്തു സംഘത്തിന്റെ തലവനായപ്പോള്‍ നിഴലു പോലെ കൂടെ ക്ലൗഡിയയും ഉണ്ടായിരുന്നു. ഗുസ്മാന്റെ സാമ്രാജ്യം യുഎസിലേക്കു വ്യാപിക്കാതിരിക്കാന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്ന്  യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം മതി സിനലാവോ കാര്‍ട്ടല്‍ എന്ന കുപ്രസിദ്ധ മാഫിയ സംഘവും 'കുള്ളന്‍' എന്ന പേരില്‍ ലോകം പരിഹസിച്ച ഗുസ്മാനും ആരായിരുന്നു എന്ന് മനസ്സിലാക്കാന്‍. 

2009ല്‍ ഫോബ്‌സ് മാസിക തയാറാക്കിയ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ എല്‍ ചാപ്പോ ഗുസ്മാന്‍ യുഎസിലേക്ക് ഏറ്റവും കൂടുതല്‍ കൊക്കെയിനും മരിജുവാനയും കയറ്റിപ്പോകുന്ന മെക്‌സിക്കന്‍ നഗരമായ ലോസ് മോചിസാണു തട്ടകമാക്കിയത്. 25 വര്‍ഷമായി ലഹരി മരുന്ന് കടത്തുകയും എതിരാളികളെ കൊന്നു തള്ളുകയും പതിവാക്കിയിരുന്ന മാഫിയ രാജാവ് രണ്ട് തവണ തടവു ചാടിയിരുന്നു. ജയില്‍പ്പുള്ളികളുടെ അലക്കു തുണിക്കെട്ടിനുള്ളില്‍ പതുങ്ങിയിരുന്നാണ് നാലരയടി മാത്രം ഉയരമുള്ള ഗുസ്മാന്‍ ഒരിക്കല്‍ രക്ഷപ്പെട്ടത്. 

ഒന്നര കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിലൂടെയും ഒരിക്കല്‍ രക്ഷപ്പെട്ടു. തുരങ്കത്തിലെ പാളങ്ങളിലൂടെ ഓടുന്ന പ്രത്യേക മോട്ടര്‍ സൈക്കിളും അനുയായികള്‍ തയാറാക്കി വച്ചിരുന്നു. ഗുസ്മാനെ ജയില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ജയിലില്‍ സന്ദര്‍ശിച്ച് അധോലോക ബന്ധങ്ങള്‍ ശക്തമാക്കാന്‍ സഹായിച്ചിരുന്നവരില്‍ ഒരാള്‍ ക്ലൗഡിയ ആയിരുന്നു. തന്റെ ജീവിത കഥ സിനിമയാക്കാനുള്‍പ്പെടെ ഒളിവില്‍ ശ്രമം നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്. 

ബരാക് ഒബാമയ്ക്കുള്ള വിടപറയല്‍ സമ്മാനമായും മെക്‌സിക്കോ വിരുദ്ധനായ ട്രംപുമായി സമാധാനത്തില്‍ പുലരാനുള്ള നീക്കമായും മുന്‍ മെക്‌സിക്കന്‍ പ്രസിഡന്റ് എന്റീക് പേനിയ നിയത്തോ യുഎസിനു വച്ചുനീട്ടിയത് ഗുസ്മാനെയായിരുന്നു. എത്ര സുരക്ഷാ സന്നാഹമുള്ള ജയിലില്‍ പിടിച്ചിട്ടാലും പുല്ലു പോലെ ചാടിപ്പോരുന്ന കുറ്റവാളിയെ തളയ്ക്കാന്‍ യുഎസിനു മാത്രമേ സാധിക്കൂവെന്ന തിരിച്ചറിവും ആ നാടുകടത്തലിനു പിന്നിലുണ്ടെന്നും രാജ്യാന്തര മാധ്യമങ്ങള്‍ വിധിയെഴുതി. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഗുസ്മാന്‍ യുഎസില്‍ തടവിലാണിപ്പോള്‍. ജീവപര്യന്തത്തിനൊപ്പം 30 വര്‍ഷം തടവും യുഎസ് കോടതി ഗുസ്മാനു വിധിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com