തീഹാര്‍ ജയിലേക്ക് കയറിച്ചെല്ലുമ്പോള്‍ അവളുടെ കാല്‍മുട്ട് വിറച്ചില്ല. ഒട്ടും ഭയമുണ്ടായിരുന്നില്ല. മനസില്‍ മുഴുവന്‍ ജിജ്ഞാസയായിരുന്നു. ബലാത്സംഗം ചെയ്തവരുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്നറിയാനുള്ള താല്‍പര്യമായിരുന്നു. ഗവേഷണത്തിന്റെ ഭാഗമായാണ് യുകെയിലെ ഏഞ്ച്‌ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റി ക്രിമിനോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഗവേഷണത്തിന് എത്തിയതായിരുന്നു മധുമിത പാണ്ഡെ തീഹാര്‍ ജയിലിലെത്തിയത്.
സ്ത്രീകള്‍ക്ക് ജീവിക്കാന്‍ സുരക്ഷിതമല്ലാത്ത ജി20 രാജ്യങ്ങളുടെ പട്ടികയില്‍ ആ വര്‍ഷം ഇന്ത്യയെ ഒന്നാംസ്ഥാനത്ത് എത്തിച്ച നിര്‍ഭയകേസായിരുന്നു തീഹാര്‍ ജയിലേക്കുള്ള വഴിതിരയാന്‍ മധുമിത പാണ്ഡെ എന്ന 22കാരിയെ പ്രേരിപ്പിച്ചത്. രാജ്യത്തെ മുഴുവന്‍ തന്നെ ബലാത്സംഗത്തെ കുറിച്ചുള്ള തുറന്ന ചര്‍ച്ചകളിലേക്ക് നയിച്ചത് നിര്‍ഭയയാണ്. താന്‍ ജനിച്ചു വളര്‍ന്ന ഡെല്‍ഹിയെ മറ്റൊരു കണ്ണില്‍ നോക്കിക്കാണാന്‍ മധുമിതയില്‍ നിര്‍ഭയ സമ്മര്‍ദ്ദം ചെലുത്തി.
എന്തിനാണ് മനുഷ്യരിങ്ങനെ ചെയ്യുന്നത്. മനുഷ്യര്‍ക്കിങ്ങനെ ചെയ്യാനാകുമോ., തീഹാറില്‍ കഴിയുന്ന ബലാത്സംഗക്കുറ്റവാളികളെ കാണണം നേരിട്ട് അവരോട് തന്നെ ചോദിച്ചറിയണം എന്തുസാഹചര്യമാണ് ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് അവരെ തള്ളിവിട്ടതെന്ന് ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന്.. ഉത്തരങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാനാവുന്നത് അത് ചെയ്തവര്‍ക്ക് തന്നെയായിരിക്കുമല്ലോ? മധുമിത കരുതി.
അവസാനം അവള്‍ ഇവരോടു തന്നെ സംഭവങ്ങളെക്കുറിച്ച് ചോദിച്ചറിയാന്‍ തീരുമാനിച്ചു. ഗവേഷണത്തിനുള്ള വിഷയമായി ഇക്കാര്യം തന്നെ തെരഞ്ഞടുക്കാന്‍ തന്നെ പ്രേരിപ്പിച്ചത് ഈ ഘടകങ്ങളാണെന്ന് മധുമിത വാഷിങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു.
2013ലാണ് മധുമിത ബീഹാര്‍ ജയിലില്‍ ആദ്യമെത്തുന്നത്. ദിവസങ്ങളും ആഴ്ചകളോളം അവിടെ ചിലവഴിച്ചു. നൂറോളം കുറ്റവാളികളോട് സംവദിച്ചു. ഭൂരിഭാഗവും വിദ്യാഭ്യാസമില്ലാത്തവരായിരുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസമുള്ളവര്‍ പോലും വളരെ കുറവ്. പലരും രണ്ടിലോ മൂന്നിലോ പഠനം നിറുത്തിയവര്‍. ഞാന്‍ നേരത്തേ കരുതിയ പോലെ ആരും ചെകുത്താന്മാരായി തോന്നിയില്ല.
അവരോട് സംസാരിക്കുംതോറും അവരെല്ലാം സാധാരണ മനുഷ്യരാണെന്ന് മനസിലായി. ജീവിതരീതിയും അവരുടെ ചിന്താധാരകളുമാണ് അവരെയിങ്ങനെയാക്കിയതെന്നും മധുമിത വ്യക്തമാക്കി. ഇന്നും ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷമേധാവിത്തത്തിന്റെ ഏറ്റവും അപകടകരമായ പരിണാമം മാത്രമാണ് അവര്‍- മധുമിത കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ കുടുംബങ്ങളിലെ മിക്ക ഭാര്യമാരും ഭര്‍ത്താക്കന്മാരെ അഭിസംബോധന ചെയ്യുന്നത് അതേ, കേള്‍ക്കൂ, കുട്ടികളുടെ അച്ഛന്‍ എന്നെല്ലാമാണ്. ഒന്നിലും ഇടപെടാതിരിക്കാനാണ് സമൂഹം അവളെ പഠിപ്പിക്കുന്നത്. ആണുങ്ങള്‍ക്ക് സ്വന്തം പുരുഷത്വത്തെക്കുറിച്ച് മിഥ്യാധാരണയാണ് ഇതുമൂലം ഉണ്ടാകുന്നത്. ഇതെല്ലാം കണ്ടുംകേട്ടും വളരുന്ന കുട്ടികളുടെ മനസ്സിലും ഈ ചിന്തകള്‍ അടിയുറക്കും. ആണ്‍കുട്ടികള്‍ മേധാവിത്വമുള്ളവരാണ് തങ്ങളെന്ന തെറ്റായ ധാരണയിലും പെണ്‍കുട്ടികള്‍ തങ്ങള്‍ വിധേയത്വം പാലിക്കേണ്ടവരാണെന്ന വിശ്വാസത്തിലും വളരും.
ഇതേ ചിന്തയിലാണ് അവരും വളരുന്നത്. റേപ്പിസ്റ്റുകള്‍ മറ്റ് ലോകത്തില്‍ നിന്ന് വരുന്നവരൊന്നുമല്ല, അവര്‍ നമ്മുടെ സമൂഹത്തിന്റെ ഭാഗമാണ്. നാമാണ് അവരെ സൃഷ്ടിച്ചത്. അതിക്രമങ്ങളുടെ കാരണം തേടിപ്പോയ മധുമിതയ്ക്ക് നീണ്ട അഭിമുഖത്തിനൊടുവില്‍ ഇത്തരമൊരു നിഗമനത്തിലെത്താനാണ് കഴിഞ്ഞത്.
ഇവരോട് സംസാരിച്ചാല്‍ ഈ പുരുഷന്മാരെക്കുറിച്ചോര്‍ത്ത് സഹതപിക്കാനെ നമുക്ക് കഴിയൂ. പലരും തങ്ങള്‍ തെറ്റ് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നതേയില്ല. 'സമ്മതം' എന്ന വാക്കിന്റെ അര്‍ഥം പോലും പലര്‍ക്കും മനസ്സിലാകുന്നില്ലായിരുന്നു.
ഇപ്പോഴും ലൈംഗിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വളരെ യാഥാസ്ഥിതികമായ മനോഭാവമാണ് ഇന്ത്യന്‍ സമൂഹം പുലര്‍ത്തുന്നത്. ലൈംഗിക വിദ്യാഭ്യാസം തങ്ങളുടെ പരമ്പരാഗത മൂല്യങ്ങളെ തകര്‍ക്കുമെന്ന് വിദ്യാഭ്യാസമുള്ളവര്‍ പോലും വിശ്വസിക്കുന്നു. ലിംഗം, യോനി, ബലാത്സംഗം, ലൈംഗികത എന്നൊക്കെ ഉച്ചരിക്കാന്‍ മടിക്കുന്നവരാണ് രക്ഷിതാക്കള്‍. ഈ അവസ്ഥയില്‍ വളര്‍ന്നുവരുന്ന സമൂഹത്തോട് ഇവരെങ്ങനെയാണ് ആശയവിനിമയം നടത്തുക.
മധുമിത കണ്ട നൂറുപേരും പലതരക്കാരാണ്. അഭിമുഖം നടത്തവെ, പലരും തങ്ങളുടെ തെറ്റിനെ ന്യായീകരിക്കാന്‍ കാരണങ്ങള്‍ നിരത്തി. ചിലര്‍ ഇരയെ കുറ്റപ്പെടുത്തി. ബലാത്സംഗമാണ് നടന്നതെന്ന കാര്യം തന്നെ നിഷേധിച്ചു. ചിലര്‍ കുറ്റം ഇരയുടെ മേല്‍ കെട്ടിവെയ്ക്കാനാണ് ശ്രമിച്ചത്. നൂറ് പേരില്‍ മൂന്നോ നാലോ പേര്‍ മാത്രമാണ് ആ പ്രവൃത്തിയില്‍ പശ്ചാത്തപിക്കുന്നുവെന്ന് പറഞ്ഞത്.
അതിലൊരാളെ മധുമിതയ്ക്ക് ഇപ്പോഴും വ്യക്തമായി ഓര്‍മ്മയുണ്ട്. അഞ്ച് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 49കാരന്‍. 'ഞാന്‍ അവളുടെ ജീവിതം നശിപ്പിച്ചു. അവള്‍ ഇപ്പോള്‍ ഒരു കന്യകയല്ല. ഇനി അവളെ ആരും വിവാഹം ചെയ്യുകയില്ല.' പിന്നീട് അയാള്‍ ഞെട്ടിക്കുന്ന ചില കാര്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ അവളെ സ്വീകരിക്കും, ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ഞാന്‍ അവളെ വിവാഹം കഴിക്കും.'
അയാളുടെ പ്രതികരണത്തില്‍ ഞെട്ടിത്തരിച്ച മധുമിത ആ പെണ്‍കുട്ടിയെ അന്വേഷിച്ച് കണ്ടുപിടിച്ചു. അവളുടെ അമ്മയോട് സംസാരിച്ചു. മകളെ ബലാല്‍സംഗം ചെയ്തയാള്‍ ജയിലിലാണെന്ന വിവരം പോലും ആ കുടുംബത്തിന് അറിയില്ലായിരുന്നു.
അതേസമയം ബലാല്‍സംഗകേസില്‍ ശിക്ഷിച്ച് ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന 100 പേരുമായി അഭിമുഖം നടത്തിയെങ്കിലും അത് പ്രസിദ്ധീകരിക്കാന്‍ സാധിക്കുമോ ഇപ്പോഴും മധുമിതക്ക് സംശയമാണ്. ഇതാവരുന്നു, മറ്റൊരു ഫെമിനിസ്റ്റ് എന്ന മുന്‍ധാരണയോടെയായിരിക്കും അവര്‍ എന്നെയും സമീപിക്കുക- മധുമിത പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates