ലൈവ് റിപ്പോര്‍ട്ടിങിനിടെ കടന്നു പിടിച്ചയാളെ മൈക്ക് കൊണ്ട് തല്ലി വനിതാ റിപ്പോര്‍ട്ടര്‍; വൈറലായി വീഡിയോ 

മെക്‌സിക്കോയില്‍ ഫുട്‌ബോള്‍ മത്സരത്തിന്റെ ലൈവ് റിപ്പോര്‍ട്ടിങിനിടെ തന്നെ കടന്നു പിടിച്ചയാളെ ഗണ്‍ മൈക്ക് കൊണ്ട് തല്ലി വനിതാ റിപ്പോര്‍ട്ടര്‍
ലൈവ് റിപ്പോര്‍ട്ടിങിനിടെ കടന്നു പിടിച്ചയാളെ മൈക്ക് കൊണ്ട് തല്ലി വനിതാ റിപ്പോര്‍ട്ടര്‍; വൈറലായി വീഡിയോ 
Updated on: 
1 min read

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ഫുട്‌ബോള്‍ മത്സരത്തിന്റെ ലൈവ് റിപ്പോര്‍ട്ടിങിനിടെ തന്നെ കടന്നു പിടിച്ചയാളെ ഗണ്‍ മൈക്ക് കൊണ്ട് തല്ലി വനിതാ റിപ്പോര്‍ട്ടര്‍. മരിയ ഫെര്‍ണാണ്ട മോറ എന്ന മാധ്യമപ്രവര്‍ത്തകയാണ് തന്നോട് അപമര്യാദയായി പെരുമാറിയ വ്യക്തിക്കുനേരെ പ്രതികരിച്ചത്. 

സ്റ്റേഡിയത്തില്‍ രണ്ട് ഫുട്‌ബോള്‍ ആരാധകരില്‍ നിന്ന് മത്സരഫലത്തെകുറിച്ചുള്ള പ്രതികരണങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് അമിതാവേശത്തില്‍ മറ്റൊരു ആരാധകന്‍ ഉച്ചത്തില്‍ പാട്ടുപാടിക്കൊണ്ട് ഇവര്‍ക്കരികിലേക്കെത്തിയത്. ഇയാള്‍ക്ക് പിന്നാലെ കുറച്ചധികം കാണികളും ഉടന്‍തന്നെ ക്യാമറയ്ക്ക് മുന്നിലേക്കെത്തി. റിപ്പോര്‍ട്ടിംഗ് തുടര്‍ന്നെങ്കിലും ചുറ്റും കൂടിയിരുന്നവര്‍ സൃഷ്ടിച്ച അസ്വസ്ഥത മോറയുടെ മുഖത്ത് പ്രകടമായിരുന്നു. ആരാധകരുടെ ആവേശം അതിരുകടന്നതോടെ മോറ സൈന്‍ ഓഫ് പറഞ്ഞ് റിപ്പോര്‍ട്ടിംഗ് അവസാനിപ്പിച്ചു. ഇതിനുശേഷമാണ് മോറ പിന്നില്‍ നിന്നിരുന്ന വ്യക്തിയോട് കൈയ്യിലിരുന്ന ഗണ്‍ മൈക്ക് കൊണ്ട് പ്രതികരിച്ചത്. സംഭവത്തെകുറിച്ച് മോറതന്നെ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. 

താന്‍ നേരിട്ട സംഭവം ആയിരകണക്കിന് സ്ത്രീകള്‍ക്ക് ദിവസേന നേരിടേണ്ടിവരുന്നതാണെന്നും എനിക്കെതിരെയുണ്ടായത് ലൈഫ് റിപ്പോര്‍ട്ടിംഗിനിടെ സംഭവിച്ചു എന്നതുമാത്രമാണ് വ്യത്യാസമെന്നും മോറ ട്വിറ്ററില്‍ കുറിച്ചു. തന്റെ പ്രതികരണത്തില്‍ ഒട്ടം ഖേതിക്കുന്നില്ലെന്നും മോറ ട്വീറ്റില്‍ പറയുന്നു. തുടക്കത്തില്‍ മത്സരത്തിന്റെ ആവേശമാണ് എല്ലാവരും പ്രകടിപ്പിക്കുന്നതെന്നാണ് താന്‍ കരുതിയതെന്നും അയാളുടെ പെരുമാറ്റത്തോട് പ്രതികരിക്കാതെ ജോലി ചെയ്തുകൊണ്ടിരുന്നതിനാല്‍ അയാള്‍ രണ്ടു തവണ കൂടി തന്റെ കാലുകള്‍ക്കിടയില്‍ പിടിക്കാന്‍ മുതിര്‍ന്നെന്നും മോറ ട്വീറ്റ് ചെയ്തു. ഇതിനാലാണ് പ്രതിരോധിക്കാന്‍ തീരുമാനിച്ചത്, മോറ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com