ഒരു ജോലികിട്ടാന്‍ എന്തൊക്കെ പാടുപെടണം. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതണം, രണ്ട് മൂന്ന് ഇന്റര്‍വ്യൂ പാസാവണം. എന്നാല്‍ അയ്‌റുസ് എന്ന മാര്‍ക്കറ്റിങ് കമ്പനിയില്‍ ജോലി നേടാന്‍ ഇതൊന്നും വേണ്ട. ഫുട്‌ബോള്‍ ലോകകപ്പ് അടിച്ച ഫ്രാന്‍സിന്റെ ടീമിലെ എല്ലാ അംഗങ്ങളുടേയും പേര് ഒറ്റ ശ്വാസത്തില്‍ പറഞ്ഞാല്‍ മാത്രം മതി. കേട്ടിട്ട് വിശ്വാസം വരുന്നില്ലല്ലേ... പക്ഷേ സംഭവം സത്യമാണ്. കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിങ് ഫേമായ അയ്‌റുസിന്റെ ജോലിക്കാരെ തേടിക്കൊണ്ടുള്ള പരസ്യമാണ് ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാക്കിയിരിക്കുന്നത്.
സ്‌പോര്‍ട്‌സ് അനലിസ്റ്റിന്റെ പോസ്റ്റിലേക്കാണ് കമ്പനി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അതിനാല്‍ സ്‌പോര്‍ട്‌സില്‍ ആഴത്തില്‍ അറിവുള്ളവരെയാണ് ആയ്‌റുസ് ഡാറ്റ മാര്‍ക്കറ്റിങ് തേടുന്നത്. സ്‌പോര്‍ട്‌സിലെ അറിവ് അല്ലാതെ മറ്റൊരു ക്വാളിഫിക്കേഷനും കമ്പനി നോക്കുന്നില്ലെന്നാണ് അയ്‌റുസിന്റെ ഡയറക്റ്റര്‍മാരില്‍ ഒരാളായ കെന്നി ജേക്കബ് പറയുന്നത്.
പരസ്യത്തിലൂടെ പറയാന്‍ ഉദ്ദേശിച്ചത് അപേക്ഷകന് സ്‌പോര്‍ട്‌സിലുള്ള അറിവിനെക്കുറിച്ചാണ്. തങ്ങളുടെ യുകെ ആസ്ഥാനമാക്കിയുള്ള ക്ലൈന്റായ ഡാറ്റപോവയ്ക്കു വേണ്ടിയുള്ള സ്‌പോര്‍ട്‌സിലുള്ള പദ്ധതിക്കുവേണ്ടിയാണ് ആളെ വേണ്ടത്. ടീമുകളിലും ലീഗുകളിലും കളിക്കാരിലും ഇന്‍വെസ്റ്റ് ചെയ്യാന്‍ ബ്രാന്‍ഡുകളെ സഹായിക്കുന്ന പിഒഡഌൂഎ ഇന്‍ഡക്‌സിലെ വിവരങ്ങള്‍ വിശകലനം ചെയ്യുക എന്നതാണ് ജീവനക്കാരുടെ പ്രധാന ഡ്യൂട്ടി.'
'വിവരങ്ങളില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അത് തിരിച്ചറിയാന്‍ സാധിക്കണം. കളിക്കാരെ തെറ്റായ ക്ലബ്ബില്‍ ഉള്‍പ്പടുത്തുകയോ ലീഗ് ചാമ്പ്യന്‍ ഷിപ്പിലെ തെറ്റായ വിജയികളെ കാണിക്കുകയോ ചെയ്താല്‍ ഇത് മനസിലാക്കാന്‍ കഴിയണം. ഫുട്‌ബോളിനെ അത്രത്തോളം നെഞ്ചോട് ചേര്‍ത്തിരിക്കുന്നവര്‍ക്ക് മാത്രമേ ഇത് സാധിക്കുകയൊള്ളൂ എന്നാണ് കെന്നി ജേക്കബ് പറയുന്നത്. പരമ്പരാഗതമായ തൊഴില്‍ രംഗം മാറിക്കൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ നമ്മുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചുള്ള നിരവധി തൊഴിലുകളാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിന് മുന്‍പ് ടെക്‌നോപാര്‍കിലെ ഫയ കോര്‍പ്പറേഷന്റെ തൊഴില്‍ പരസ്യവും ഇത്തരത്തില്‍ ആകര്‍ഷകമായിരുന്നു. ഡിഗ്രി സര്‍ട്ടിഫിക്കറ്റും എക്‌സ്പീരിയന്‍സും വേണ്ട. സൂപ്പര്‍ ഹീറോകളെ നയിക്കുന്നത് കഴിവും താല്‍പ്പര്യവുമാണ്. അത്തരത്തിലുള്ള സൂപ്പര്‍ ഹീറോകളെ അറിയാമോ? ഷെയര്‍ ചെയ്യൂ. എന്ന് പറഞ്ഞായിരുന്നു ഇവരുടെ പരസ്യം. തൊഴില്‍ രംഗത്തിലെ ക്ലീഷേകളില്‍ നിന്ന് കമ്പനികള്‍ പുറത്തു കടക്കുന്നതിന്റെ ഭാഗമായിട്ടാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates