

കഴുത്തില്‍ സൂര്യകാന്തി പൂ... കൈത്തണ്ടയിലൊരു മൂങ്ങ.. ശരീരത്തില്‍ നിന്ന് പറന്നു പോകുന്ന അപ്പൂപ്പന്‍ താടികളും ഫീനിക്‌സ് പക്ഷികളും.. പിന്നെ ബുദ്ധനും ഗണപതിയും.. ഇതെല്ലാമാണ് ടാറ്റൂ.. ഇന്ന് യുവാക്കള്‍ ടാറ്റൂവിന് പിന്നാലെയാണ്.. പണ്ടുതൊട്ടേ ശരീരത്തില്‍ ടാറ്റൂ പതിപ്പിക്കുന്ന പതിവ് ലോകത്ത് പലയിടത്തുമുണ്ടായിരുന്നു. ചിലയിടത്ത് അത് വിശ്വാസത്തിന്റെ ഭാഗമായിരുന്നു... ഇന്ന് ആളുകള്‍ ടാറ്റൂ കുത്തുന്നത് സ്റ്റൈലിഷ് ആവാന്‍ കൂടിയാണെന്ന് കൊച്ചിയിലെ ടാറ്റു മേക്കേഴ്‌സില്‍ ഒരാളായ സിജോ ആന്റണി സാക്ഷ്യപ്പെടുത്തുന്നു.
2008ലാണ് സിജോ എന്ന തേവരക്കാരന്‍ ടാറ്റൂ മേക്കിങ് ലോകത്തേക്ക് കടന്നു വരുന്നത്. നന്നായി വരയ്ക്കുന്ന സിജോയ്ക്ക് ഇതൊരു പ്രയാസപ്പെട്ട ജോലി ആയിരുന്നില്ല. വരയോടുള്ള ഇഷ്ടം തന്നെയാണ് സിജോയെ ടാറ്റൂ മേക്കര്‍ ആക്കിയതെന്ന് വേണമെങ്കില്‍ പറയാം. മുംബൈയില്‍ പോയി ടാറ്റൂ കുത്തുന്ന വിദ്യ പഠിച്ച് കൊച്ചിയിലെത്തുകയായിരുന്നു. അന്ന് സിജോയടക്കം നാലുപേരെ ഈ മേഖലയില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇന്ന് മുക്കിലും മൂലയിലും ടാറ്റൂ മേക്കേഴ്‌സ് ആണ്. ഇന്നേറ്റവും പ്രിയമുള്ള ടാറ്റു ഹംസവും ബുദ്ധനുമാണ്. എന്നാല്‍ ജ്യോതിഷിയെ കണ്ട് നാളും ജനന സമയവുമെല്ലാം നോക്കിയുള്ള ടാറ്റൂ ശരീരത്തില്‍ കുത്തുന്നവരുമുണ്ട്.
കയ്യിലും പുറത്തും കഴുത്തിലും വയറിലും വരെ ടാറ്റൂവിന് സ്ഥാനമുണ്ട്. ടാറ്റൂ പതിയ്ക്കാന്‍ 500 മുതല്‍ 40000 രൂപ വരെ ചെലവഴിക്കുന്നവരുമുണ്ട്. ഇതിന് ചെലവു കൂടുന്നതിന്റെ പ്രധാന കാരണം ഇറക്കുമതി ചെലവാണ്. അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത ഹൈ ക്വാളിറ്റി മഷിയാണ് സിജോ ഉപയോഗിക്കുന്നത്. ഹൈജീനിറ്റി ഒരു പ്രധാന വിഷയമാണ് ടാറ്റൂയിങ്ങില്‍. സ്റ്റെറിലൈസ്ഡ് ചെയ്ത ടാറ്റൂ മെഷീന്‍ ഉപയോഗിച്ചില്ലെങ്കില്‍ ഇതിനു മുന്‍പേ ടാറ്റു ചെയ്ത ആളുടെ രക്തം അടുത്തയാളുടെ ശരീരത്തില്‍ പടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ വഴിയരികില്‍ നിന്നും മറ്റും ചെയ്യുന്നത് പലതരം രോഗങ്ങള്‍ പടരാന്‍ കാരണമാകും. ഹെപ്പറ്റൈറ്റിസ്, എയ്ഡ്‌സ് പോലുള്ള മാരക രോഗങ്ങള്‍ വരെ പലര്‍ക്കും പിടിപെട്ടിട്ടുണ്ടെന്നാണ് ആരോഗ്യ പഠനങ്ങളില്‍ പറയുന്നത്.
എല്ലാവരും ടാറ്റൂ കുത്തുന്നുണ്ട്, എന്നാല്‍ പിന്നെ ഞാനും.., ഈ ലൈനില്‍ ഉള്ളവരാരും സിജോയുടെ അടുത്തേക്ക് ചെല്ലണ്ട. സിജോയ്ക്ക് ഇത് കേവലം ജോലി മാത്രമല്ല.., ഒരു പാഷന്റെ പുറത്തു കൂടിയാണിത് ചെയ്യുന്നത്. എത്തിക്‌സ് നോക്കിയേ ടാറ്റൂ ചെയ്യാനാകു. ആദ്യം സ്‌കിന്‍ എങ്ങനെയാണെന്ന് പരിശോധിക്കണം. ടാറ്റു ചെയ്യുന്ന മഷി അലര്‍ജിയുണ്ടാക്കും ചിലരില്‍. ഇത് ചെയ്ത് കഴിഞ്ഞാലും ചില കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ കൊടുക്കണം. 21 ദിവസത്തേക്ക് സൂര്യപ്രകാശം, ഉപ്പ് വെള്ളം, സോപ്പ് വെള്ളം എന്നിവ ടാറ്റു ചെയ്ത ഭാഗത്ത് തട്ടരുത്. പഴുപ്പ് കേറാതെ നോക്കുകയും വേണം. അപൂര്‍വ്വം ചിലരില്‍ പഴുക്കാനുള്ള സാധ്യതയുണ്ട്.
വരയ്ക്കാന്‍ മാത്രമല്ല.., പാടാനും പാട്ട് കംപോസ് ചെയ്യാനുമെല്ലാം കഴിയുന്നയാണ് സിജോ. അതുകൊണ്ട് സിജോയുടെ തേവരയിലുള്ള വീട്ടില്‍ ചെന്ന് ടാറ്റു കുത്തുമ്പോള്‍ അല്‍പസ്വല്‍പം സംഗീതം കൂടി ആസ്വദിക്കാം.
സിജോ ആന്റണി: 9895449515
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates