

വാഹനം ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. എന്നാല്‍ കൈകാര്യം ചെയ്യുന്ന ഒരു വാഹനം അപകടത്തില്‍ പെട്ടാല്‍ എന്തൊക്കെ ചെയ്യണമെന്നതിനെക്കുറിച്ച് പലര്‍ക്കും ഗ്രാഹ്യമില്ലെന്നതാണ് സത്യം. അറിയാമെങ്കില്‍ത്തന്നെ അപകടം നടന്നതിന്റെ ഷോക്കില്‍ പലരും പകച്ചുപോവും. പിന്നെയും ദിവസങ്ങള്‍ക്ക് ശേഷമാവും ഇന്‍ഷുറന്‍സിനെക്കുറിച്ച് ഓര്‍ക്കുന്നതുതന്നെ. അല്ലെങ്കില്‍ പരിക്കേറ്റ് ആശുപത്രി കിടക്കയില്‍ കിടക്കുമ്പോള്‍ അന്വേഷിച്ചു വരുന്ന വക്കീല്‍ ഗുമസ്തന്‍ പറയുന്ന പേപ്പറില്‍ ഒപ്പിട്ടുകൊടുക്കുമ്പോഴായിരിക്കും പലതും മുന്നേ ചെയ്യേണ്ടതായിരുന്നുവെന്ന് ഓര്‍ക്കുക.
അപകടത്തില്‍ വാഹനത്തിന് കാര്യമായ കേടുപാടുണ്ടെങ്കിലും മരണം സംഭവിച്ചിട്ടുണ്ടെങ്കിലും ട്രാഫിക് പൊലീസ് സ്ഥലത്തെത്തിയ ശേഷമേ വാഹനം അവിടെനിന്നും എടുത്തുമാറ്റാവു. അപകടം സംഭവിച്ചാല്‍ പരിക്കേറ്റിട്ടുണ്ടെങ്കില്‍ മെഡിക്കല്‍ലീഗല്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ആശുപത്രികളില്‍ മാത്രം അഡ്മിറ്റ് ആവുക എന്നതാണ്. ഉദാഹരണം, മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍ എന്നിവ. ഇവിടെനിന്നും വിദഗ്ദ്ധ ചികിത്സ ആവശ്യമുണ്ടെങ്കില്‍ മാത്രം മറ്റിടങ്ങളിലേക്ക് പോയാല്‍ മതിയാവും.
അപകടം നടന്നാല്‍ വാഹനം നിര്‍ത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഗുരുതരമാണെങ്കില്‍ വാഹനം ഒരു കാരണവശാലും അപകട സ്ഥലത്തു നിന്നും മാറ്റരുത്, ഇന്‍ഷുറന്‍സ് കമ്പനിയുടെ സ്‌പോട്ട് സര്‍വ്വേക്ക് ശേഷമേ വാഹനം മാറ്റാവൂ. ഇടിച്ച വാഹനത്തിന്റെ ഉടമയുടെ പേര്, അഡ്രസ്സ്, ഫോണ്‍ നമ്പര്‍, ലൈസന്‍സ് നമ്പര്‍, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍, ഇന്‍ഷുറന്‍സ് കമ്പനിയുടെ പേരും നമ്പരും എന്നിവ എഴുതിയെടുക്കുക. അപകടത്തിനു സാക്ഷികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവരുടെ പേരും അഡ്രസ്സും മറ്റും സൂക്ഷിക്കുക, അപകടം നടന്നു 24 മണിക്കൂറിനകം അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ വിവരം നല്‍കുക. നിങ്ങളുടെ കൈവശം ക്യാമറയോ ക്യാമറ ഫോണോ ഉണ്ടെങ്കില്‍ കഴിയാവുന്നത്ര അപകടദൃശ്യം പകര്‍ത്തുക. ഇന്‍ഷുറന്‍സ് ക്ലെയ്മിനെ എളുപ്പത്തിലാക്കാന്‍ ഇതുപകരിക്കും.
നിങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസി കാലാവധി തീരാതെ ശ്രദ്ധിക്കുക. പോളിസി രേഖകളിലെ കമ്പനി നമ്പരില്‍ വിളിച്ചു താഴെ പറയുന്ന കാര്യങ്ങള്‍ അറിയിക്കുക. ഇന്‍ഷുറന്‍സ് പോളിസി നമ്പറും കാലാവധിയും അപകടം നടന്ന സ്ഥലം, സമയം, തീയതി, അപകടത്തില്‍ പരിക്കേറ്റവരുടെയോ അഥവാ മരിച്ചവരുടെയോ പേരുവിവരങ്ങള്‍, െ്രെഡവറുടെ പേരും ലൈസന്‍സ് സംബന്ധിച്ച വിവരങ്ങളും. പോളിസി ക്ലെയിമിങ്ങിനുള്ള കമ്പനിയുടെ മറ്റു നടപടികള്‍ ചോദിച്ചു മനസ്സിലാക്കുക.
ട്രാഫിക്ക് അപകടത്തെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നത് കൃത്യമായും പരിശോധിക്കുന്ന ഡോക്ടറെ ധരിപ്പിക്കണം. അദ്ദേഹം നല്‍കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് മെഡിക്കല്‍ ക്ലെയിമിന് ആവശ്യമാണ്. ആശുപത്രിയില്‍നിന്നും അപകടത്തെ സംബന്ധിച്ച് പൊലീസ് സ്‌റ്റേഷനിലേക്ക് വിവരം കൈമാറും. അവിടെനിന്നും ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെത്തി അപകടത്തില്‍ പെട്ടയാളുടെ മൊഴി രേഖപ്പെടുത്തും. ഈ മൊഴിയുടെ അടിസ്ഥാനത്തിലും അപകടത്തിന്റെ പശ്ചാത്തലവും അനുസരിച്ചാവും എഫ്.ഐ.ആര്‍ തയ്യാറാക്കുക.
മോട്ടോര്‍ വെഹിക്കിള്‍ ആക്ട്, 1988ലെ എസ് 166 പ്രകാരം നഷ്ടപരിഹാരത്തിനുവേണ്ടി അതാതു മോട്ടോര്‍ അപകട പരിഹാര ട്രിബ്യൂണലില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യാം. അപകടമുണ്ടാക്കിയ വാഹനം, െ്രെഡവര്‍, ആര്‍.സി. ഉടമസ്ഥന്‍, ഇന്‍ഷുറന്‍സ് കമ്പനി എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് പെറ്റീഷന്‍ ഫയല്‍ ചെയ്യുന്നത്.
അപകടസമയത്തെ ചിത്രങ്ങളും കേസില്‍ സഹായിക്കും. ഇന്‍ഷുറന്‍സ് സംബന്ധിച്ച വിവരങ്ങള്‍, പൊലീസ് സേവനങ്ങള്‍, ഡോക്ടറുടെ കൃത്യമായ സര്‍ട്ടിഫിക്കറ്റ് എന്നിവയെല്ലാം തന്നെ നിങ്ങളുടെ അവകാശമാണ്. അതു കൃത്യസമയത്തുതന്നെ ലഭ്യമാക്കണമെന്ന് 2007ല്‍ സുപ്രീംകോടതിയുടെ ഉത്തരവ് (എം.വി ആക്ട് 1988, സെക്ഷന്‍ 158(6)) നിലവിലുണ്ട്.
അടിസ്ഥാനപരമായി കോംപ്രിഹെന്‍സീവ്, തേര്‍ഡ് പാര്‍ട്ടി എന്നീ രണ്ട് ഇന്‍ഷുറന്‍സ് പോളിസികളാണുള്ളത്. കോംപ്രിഹെന്‍സീവ് പോളിസിക്ക് കീഴില്‍ തേര്‍ഡ് പാര്‍ട്ടി പരിരക്ഷയ്ക്ക് ഒപ്പം നിങ്ങളുടെ കാറിനും ഇന്‍ഷൂറന്‍സ് കവറേജ് ലഭിക്കും. അപകടങ്ങളില്‍ വഴിയാത്രക്കാര്‍ക്കും, മറ്റ് കാര്‍ യാത്രക്കാര്‍ക്കും മറ്റു കാറുകള്‍ക്കും സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്ക് മാത്രം പരിരക്ഷയേകുന്നതാണ് തേര്‍ഡ് പാര്‍ട്ടി പോളിസി. കാറില്‍ കുറഞ്ഞപക്ഷം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമായും ഉറപ്പ് വരുത്തണമെന്നാണ് നിയമം അനുശാസിക്കുന്നത്. മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിനെയാണ് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ സമീപിക്കേണ്ടത്. അപകടത്തിന്റെ വിവരങ്ങളും സര്‍വ്വേയറുടെ റിപ്പോര്‍ട്ടും എഫ്.ഐ.ആറിന്റെ പകര്‍പ്പും സഹിതമാണ് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലില്‍ ക്ലെയിം ഫയല്‍ ചെയ്യേണ്ടതും.
(ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ പ്രസിദ്ധീകരണമായ പ്രിയസഖിയില്‍നിന്ന്)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates