'വേണ്ടത് നാരായണ ഗുരുവിന്റെ പ്രതിമയല്ല, അദ്ദേഹത്തിന്റെ ആശയങ്ങളെ തലമുറകള്‍ക്ക് ബോധ്യമാകുന്ന രീതിയില്‍ അറിയാനുള്ള ഇടം'

ശ്രീനാരായണ ഗുരുവിനോട് ആദരവുണ്ടെങ്കില്‍ കോടികള്‍ ചെലവഴിച്ച് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് എഴുത്തുകാരന്‍ ഷൗക്കത്ത് സഹജോത്സു
'വേണ്ടത് നാരായണ ഗുരുവിന്റെ പ്രതിമയല്ല, അദ്ദേഹത്തിന്റെ ആശയങ്ങളെ തലമുറകള്‍ക്ക് ബോധ്യമാകുന്ന രീതിയില്‍ അറിയാനുള്ള ഇടം'
Updated on
2 min read

ശ്രീനാരായണ ഗുരുവിനോട് ആദരവുണ്ടെങ്കില്‍ കോടികള്‍ ചെലവഴിച്ച് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് എഴുത്തുകാരന്‍ ഷൗക്കത്ത് സഹജോത്സു. പലമതസാരവും ഏകമെന്ന മഹത്തായ ആശയത്തെ പുതുതലമുറയ്ക്കും വരും തലമുറയ്ക്കും ബോദ്ധ്യമാകുന്ന രീതിയില്‍ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെ അവതരിപ്പിക്കുന്ന ഒരിടമാണ് വേണ്ടതെന്നും ഷൗക്കത്ത് പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജിലിട്ട കുറിപ്പിലൂടെയാണ് ഷൗക്കത്ത് അഭിപ്രായം പങ്കിട്ടത്. കവിത്രയം പോലെ നാരായണഗുരു, നടരാജഗുരു, നിത്യഗുരു ഗുരുത്രയവും നമുക്കുണ്ടെന്നും അവരെ അറിയാനും അറിയിക്കാനും അവര്‍ പറയാന്‍ ശ്രമിച്ച വിശ്വദര്‍ശനത്തെ ഹൃദയത്തിലേക്ക് സ്വാംശീകരിക്കാനും സഹായിക്കുന്ന ഒരു സാംസ്‌ക്കാരിക കേന്ദ്രം തുടങ്ങുകയെന്ന ആശയം നാം ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. 

പോസ്റ്റിന്റെ പൂര്‍ണ രൂപം

നാരായണഗുരുവിനോട് അല്പമെങ്കിലും ആദരവുണ്ടെങ്കില്‍ സര്‍ക്കാര്‍ പണിയേണ്ടത് കോടികള്‍ ചിലവഴിച്ചുള്ള പ്രതിമയല്ല. മറിച്ച് ആ ഗുരു പകര്‍ന്നുതന്ന അറിവിനെ, 'പലമതസാരവും ഏക'മെന്ന മഹത്തായ ആശയത്തെ പുതുതലമുറയ്ക്കും വരും തലമുറയ്ക്കും ബോദ്ധ്യമാകുന്ന രീതിയില്‍ ദൃശ്യ ശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ അവതരിപ്പിക്കുന്ന ഒരിടമാണ്. ഒപ്പം അദ്ദേഹത്തിന്റെ കൃതികളും ആ കൃതികള്‍ക്കുണ്ടായ പഠനങ്ങളും ഒപ്പം ലോകത്തുണ്ടായ എല്ലാ ദാര്‍ശനിക കൃതികളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ലൈബ്രറിയും എല്ലാ മത ദാര്‍ശനിക കലാ സാഹിത്യ സംഗീതധാരകളെയും പരിചയപ്പെടുത്തി പരിപാടികള്‍ നടത്താന്‍ ഒരു സ്ഥിരവേദിയും. അതൊക്കെയാണ് നാം ചെയ്യേണ്ടത്.

കുമാരനാശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍ എന്നിവരെ നാം കവിത്രയം എന്നു വിളിച്ചു. അതുപോലെ ഒരു ഗുരുത്രയം നമുക്കുണ്ട്. നാരായണഗുരു, നടരാജഗുരു, നിത്യഗുരു. അവരെ അറിയാനും അറിയിക്കാനും അവര്‍ പറയാന്‍ ശ്രമിച്ച വിശ്വദര്‍ശനത്തെ ഹൃദയത്തിലേക്ക് സ്വാംശീകരിക്കാനും സഹായിക്കുന്ന ഒരു സാംസ്‌ക്കാരിക കേന്ദ്രം തുടങ്ങുകയെന്ന ആശയം നാം ആലോചിക്കേണ്ടതുണ്ട്. നാരായണ ഗുരുവിനുള്ള സ്മാരകം അങ്ങനെയൊക്കെയാണ് നാം പണിയേണ്ടത്. അത് ഹൃദയത്തിലേക്കുള്ള അറിവിന്റെ പാലമായി വേണം കൊത്തിയെടുക്കാന്‍. അല്ലാതെ ഇനിയും ഒരു സിമന്റു ശില്പം കൂടി പണിത് കൈ കഴുകി തിരിഞ്ഞുനടക്കുകയല്ല വേണ്ടത്.

സൗമ്യവും ദീപ്തവുമായ ദര്‍ശനങ്ങള്‍കൊണ്ടും ജീവിതംകൊണ്ടും കാലത്തെ സജീവമാക്കിയവരാണവര്‍. ഏകലോകമെന്നും വിശ്വപൗരത്വമെന്നും നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നവര്‍. സമൂഹം തുണ്ടുതുണ്ടായി മുറിഞ്ഞുപോകുമ്പോള്‍ അറിവുകൊണ്ടും അലിവുകൊണ്ടും ആ മുറിവുണക്കാന്‍ പ്രയത്‌നിച്ചവര്‍.

അവര്‍ കിഴക്കിന്റേയോ പടിഞ്ഞാറിന്റെയോ അല്ല. ഇന്നലെയുടെയോ ഇന്നിന്റെയോ നാളെയുടെയോ മാത്രമല്ല. നാം എന്നും എവിടെയും പുലര്‍ന്നു കാണാന്‍ കൊതിക്കുന്ന ഒരുമയുടെയും അറിവിന്റെയും അരുളിന്റെയും വക്താക്കളാണവര്‍. അങ്ങനെയുള്ള ഒരാകാശത്തിലിരുന്നു വേണം പുതിയ വെളിച്ചങ്ങളുമായി നാം മുന്നോട്ടു നടക്കുവാന്‍.

തീര്‍ച്ചയായും അങ്ങനെയുള്ള ഇടങ്ങള്‍ ഉണ്ട്. ഇനിയുമുണ്ടാകും. ഉണ്ടാകണം. ഏതു മനുഷ്യനും അന്യഥാബോധമില്ലാതെ കയറിവന്ന് അറിവു നേടാന്‍ ഒരിടം. ഏതെങ്കിലും ഒരു പ്രത്യേക ആശയത്തിനോ ദേശത്തിനോ കാലത്തിനോ വ്യക്തിക്കോ മാത്രം പ്രാധാന്യം കൊടുക്കാതെ ലോകത്തുണ്ടായ വെളിച്ചം നിറഞ്ഞ എല്ലാ ആശയങ്ങളെയും നെഞ്ചോടു ചേര്‍ത്ത് ഒരിടം. ഇണക്കങ്ങളെ പറയുന്ന ഒരിടം. അനുഭവിപ്പിക്കുന്ന ഒരിടം. ആശയങ്ങള്‍ ജീവിതത്തിനു വേണ്ടിയാണെന്നും ജീവിതം ആശയങ്ങള്‍ക്കു വേണ്ടിയല്ലെന്നും സദാ ഉണര്‍ത്തിക്കുന്ന ഒരു ഇടം.

അങ്ങനെയുള്ള ഇടങ്ങള്‍ കാലം അത്രമാത്രം ആവശ്യപ്പെടുന്നുണ്ട്. വ്യക്തികളിലും കുടുംബങ്ങളിലും ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം വെളിച്ചം വീശി പ്രസരിക്കേണ്ട നന്മയുടെ തുരുത്തുകള്‍. ആദ്യം അത് ഓരോരുത്തരുടെയും ഹൃദയത്തില്‍ തന്നെ വിരിഞ്ഞു തുടങ്ങട്ടെ എന്ന പ്രാര്‍ത്ഥനയോടെ...
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com