ശ്വാസകോശത്തിലും കാന്‍സര്‍; വേദനയിലും തോല്‍ക്കില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെ നന്ദു; കണ്ണുനീര്‍ വേണ്ട, ചങ്കുകളുടെ പുഞ്ചിരിയില്‍ തെളിഞ്ഞ പ്രാര്‍ത്ഥന മതി; കുറിപ്പ്

അതിജീവനത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ചെറുപ്പക്കാരനാണ്  നന്ദു മഹാദേവ
ശ്വാസകോശത്തിലും കാന്‍സര്‍; വേദനയിലും തോല്‍ക്കില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെ നന്ദു; കണ്ണുനീര്‍ വേണ്ട, ചങ്കുകളുടെ പുഞ്ചിരിയില്‍ തെളിഞ്ഞ പ്രാര്‍ത്ഥന മതി; കുറിപ്പ്
Updated on
3 min read

കൊച്ചി: ജീവിതത്തില്‍ വലിയ ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നാലും ചിരിക്കുന്ന മുഖത്തോടെ അവയോട് പടപൊരുതി വിജയിച്ച നിരവധിപ്പേരുടെ കഥകള്‍ പുറത്തുവന്നിട്ടുണ്ട്. അത്തരത്തില്‍ അതിജീവനത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ചെറുപ്പക്കാരനാണ്  നന്ദു മഹാദേവ. കാന്‍സര്‍ എന്ന രോഗത്തോട് പൊരുതി അവന്‍ തിരിച്ചുവരവിന്റെ പാതയില്‍ എത്തിയപ്പോല്‍ അവന്റെ മലയാളികള്‍ ഒന്നടങ്കം സന്തോഷിച്ചു. ഇപ്പോള്‍ നന്ദു തന്നെ പങ്കുവെച്ച കുറിപ്പ് മലയാളികള്‍ക്ക് നൊമ്പരമാകുകയാണ്. സഹാനുഭൂതിയോടെ സമീപിക്കുന്നതിന് പകരം നിറഞ്ഞ ചിരിയോടെ തന്നെ വരണമെന്ന നിര്‍ബന്ധബുദ്ധി നന്ദുവിന് ഉണ്ടെന്ന് അറിയാമെന്നിരിക്കേയാണ് മലയാളികളുടെ കണ്ണുനനയുന്നത്.

'ശ്വാസകോശത്തിലേക്ക് ക്യാന്‍സര്‍ ബാധിച്ചിരുന്നത് ആദ്യമേ തന്നെ ഞാന്‍ എല്ലാവരോടും പങ്കു വച്ചിട്ടുള്ളതാണ്..!!നാലാമത്തെ സ്‌റ്റേജ് ആയിരുന്നിട്ടും വളരെ വേഗം സാധാരണ ജീവിതത്തിലേക്ക് വന്നത് എന്റെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും വരെ അത്ഭുതമാണ് എന്ന് പറഞ്ഞിട്ടുണ്ട്..ഇപ്പോള്‍ ജീവിക്കാന്‍ വേണ്ടിയുള്ള യുദ്ധം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്..ശ്വാസകോശത്തില്‍ ഉണ്ടായിരുന്ന ട്യൂമര്‍ ഒരു നാലു സെന്റീമീറ്റര്‍ കൂടി വലുതായി പതിനഞ്ചു സെന്റീമീറ്റര്‍ ആയിട്ടുണ്ട്..അതിനെ കീമോയിലൂടെ ചുരുക്കാന്‍ നോക്കിയെങ്കിലും ഒന്നു ചുരുങ്ങിയിട്ട് വീണ്ടും വലുതായി..ഇനി ഒരേ ഒരു വഴിയേ മുന്നിലുള്ളൂ..ഒരു മേജര്‍ സര്‍ജറി ചെയ്ത് അതിനെ അങ്ങെടുത്തു കളയണം..'- നന്ദു കുറിച്ചു.


കുറിപ്പിന്റെ പൂര്‍ണരൂപം

ചങ്കുകളേ..

വീണ്ടും ക്യാന്‍സറുമയുള്ള യുദ്ധം ആരംഭിക്കുകയാണ്..!!

ഇപ്രാവശ്യം വളരെ കഠിനമായ യുദ്ധമാണ്..!!

നാളിതുവരെയുള്ള എന്റെ എല്ലാ കാര്യങ്ങളും ഇവിടെയുള്ള എന്റെ ബന്ധുക്കളോടാണ് ഞാന്‍ ആദ്യം പറയുക..!!

ഈ കാര്യം അറിഞ്ഞ ശേഷം സങ്കടത്തോടെ ആരും എന്നോട് സംസാരിക്കരുത്..!!
കാണാന്‍ വരരുത് !!
നിറഞ്ഞ സന്തോഷത്തോടെ എപ്പോഴും വരുന്നതുപോലെ തന്നെയേ വരാന്‍ പാടുള്ളൂ..
എനിക്കതാണ് ഇഷ്ടം..

ശ്വാസകോശത്തിലേക്ക് ക്യാന്‍സര്‍ ബാധിച്ചിരുന്നത് ആദ്യമേ തന്നെ ഞാന്‍ എല്ലാവരോടും പങ്കു വച്ചിട്ടുള്ളതാണ്..!!

നാലാമത്തെ സ്‌റ്റേജ് ആയിരുന്നിട്ടും വളരെ വേഗം സാധാരണ ജീവിതത്തിലേക്ക് വന്നത് എന്റെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും വരെ അത്ഭുതമാണ് എന്ന് പറഞ്ഞിട്ടുണ്ട്..
ഇപ്പോള്‍ ജീവിക്കാന്‍ വേണ്ടിയുള്ള യുദ്ധം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്..
ശ്വാസകോശത്തില്‍ ഉണ്ടായിരുന്ന ട്യൂമര്‍ ഒരു നാലു സെന്റീമീറ്റര്‍ കൂടി വലുതായി പതിനഞ്ചു സെന്റീമീറ്റര്‍ ആയിട്ടുണ്ട്..

അതിനെ കീമോയിലൂടെ ചുരുക്കാന്‍ നോക്കിയെങ്കിലും ഒന്നു ചുരുങ്ങിയിട്ട് വീണ്ടും വലുതായി..
ഇനി ഒരേ ഒരു വഴിയേ മുന്നിലുള്ളൂ..
ഒരു മേജര്‍ സര്‍ജറി ചെയ്ത് അതിനെ അങ്ങെടുത്തു കളയണം..

സത്യത്തില്‍ ആരെയെങ്കിലും സ്‌നേഹത്തോടെ ആലിംഗനം ചെയ്യുവാണേല്‍ ക്യാന്‍സറിനെ പോലെ ആലിംഗനം ചെയ്യണം..!
കാരണം ഉടുമ്പ് പിടിക്കും പോലെയാണ് അത്..
അത്ര തീക്ഷ്ണമാണ് ആ ആലിംഗനം.. !!
പിടിച്ചാല്‍ ആ ഭാഗവും കൊണ്ടേ പോകുള്ളൂ..!!!
എന്നെയും അവള്‍ അങ്ങനെ പിടിച്ചേക്കുവാണ്..

അതുകൊണ്ട് ഞാന്‍ ആ ഭാഗം അങ്ങു കൊടുത്തു വിടാന്‍ തീരുമാനിച്ചു..!

വലതു ശ്വാസകോശത്തിന്റെ വലിയൊരു ഭാഗം മുഴുവന്‍ എടുത്തു മാറ്റണം..

ജീവിതത്തിലേക്ക് തിരിച്ചു വന്നാലേ പറ്റുള്ളൂ എന്ന വാശിയുള്ളത് കൊണ്ട് ആദ്യം പറഞ്ഞിട്ട് പോയത് പോലെ തന്നെ ഇപ്പോഴും ഞാന്‍ പറയുകയാണ് വളരെ എളുപ്പത്തില്‍ തന്നെ ഒരു കുഴപ്പവും ഇല്ലാതെ ഞാന്‍ പുഞ്ചിരിയോടെ തിരിച്ചു വരും..!!

ഈ മനോഹരമായ ഭൂമിയില്‍ എനിക്ക് സ്‌നേഹിച്ചു കൊതിതീരാത്ത എന്റെ പ്രിയപ്പെട്ടവരെ ഇനിയും സ്‌നേഹിക്കാനും തളര്‍ന്നു പോകുന്ന ഒത്തിരിപ്പേരെ കൈപിടിച്ചുയര്‍ത്താനും എനിക്ക് തിരികെ വന്നാലേ പറ്റുള്ളൂ..!!

എനിക്ക് പലപ്പോഴും എന്റെ കാര്യം ആലോചിക്കുമ്പോള്‍ അത്ഭുതവും അതിലുപരി സര്‍വ്വേശ്വരനോട് അടങ്ങാത്ത നന്ദിയും ഉണ്ട്..!!

കാരണം അതിശക്തമായ കീമോയും കഴിഞ്ഞു ഒരു കാല്‍ നഷ്ടമായിട്ടും ഈ ശരീരവും കൊണ്ട്
ഞാന്‍ ഒതുങ്ങിയിരുന്നിട്ടില്ല..

കേവലം ഒരു വര്‍ഷം കൊണ്ട്...

ഒമാനില്‍ പോയതുള്‍പ്പെടെ ഏകദേശം മുപ്പതിനായിരത്തോളം കിലോമീറ്റര്‍ ദൂരം യാത്ര ചെയ്തു..!!

നൂറിലധികം പൊതുപരിപാടികളില്‍..!!

അനങ്ങുവാനോ പുറത്തേക്കു പോകുവാനോ കഴിയാത്ത ഒരുപാട് പേരെ അവരുടെ വീട്ടില്‍ പോയി കണ്ട് ആശ്വസിക്കാന്‍ കഴിഞ്ഞു..!!

പതിനഞ്ചിലധികം സ്ഥലത്ത് കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ എടുക്കാന്‍ കഴിഞ്ഞു..!!

പാഞ്ചാലിമേട് മലയുടെ ഏറ്റവും ഉയരെ 940 മീറ്റര്‍ മുകളില്‍ ഈ ക്രച്ചുമായി പോയി..!!

പഴനിമലയിലെ 1008 പടികളും കാവടി എടുത്തുകൊണ്ട് ചവിട്ടിക്കയറി...!!

ദുര്‍ബലമായ ശരീരം ആയിരുന്നിട്ടും വിചാരിച്ച കാര്യങ്ങള്‍ എല്ലാം ഭംഗിയായി ചെയ്യാന്‍ കഴിഞ്ഞത് സര്‍വ്വേശ്വരന്റെ കാരുണ്യമാണ്..
ആ സമയത്തൊക്കെ എന്റെ ഉള്ളില്‍ ശ്വാസകോശത്തില്‍ ഇരുന്നു അര്‍ബുദം വിങ്ങുകയായിരുന്നു...!!

എന്നിട്ടും ഇത്രയും ആക്റ്റീവ് ആയിരിക്കാന്‍ കഴിഞ്ഞത് തീര്‍ച്ചയായും മനസ്സിന്റെ ശക്തി കൊണ്ടു കൂടി തന്നെയാണ്..
ബോണസായി കിട്ടിയ ഓരോ നിമിഷവും വളരെയധികം സന്തോഷത്തോടെ ജീവിതം ആഘോഷിക്കാന്‍ കഴിഞ്ഞതിലും വല്ലാത്ത സംതൃപ്തിയാണ്..
എന്റെ നിയോഗങ്ങള്‍ ഇനിയും ബാക്കിയാണ്..

ഇതിനെക്കാളും ഉഷാറോടെ എന്റെ പ്രിയപ്പെട്ടവരുടെ മുന്നില്‍ വന്ന് നിന്ന് ഞാന്‍ വിളിച്ചു പറയും..
ജീവിതം പൊരുതി നേടാനുള്ളതാണ് !!

മരണം മുന്നില്‍ വന്നു നിന്നാലും
വിജയം മുന്നില്‍ ഉണ്ടെന്ന് പറയാനും പ്രവര്‍ത്തിക്കുവാനും ആണിഷ്ടം...

പരാജയപ്പെട്ടു പിന്മാറുന്നവര്‍ക്കുള്ളതല്ല...
പരിശ്രമിച്ചു മുന്നേറുന്നവര്‍ക്കുള്ളതാണ് ഈ ലോകം..

വീഴാതിരിക്കുന്നതല്ല..

വീണ്ടെടുക്കുന്നതാണ് വിജയം...!!!

വേദനകളെയൊക്കെ നമുക്ക് ഇങ്ങനെ പുഞ്ചിരിച്ചുകൊണ്ട് തുഴഞ്ഞു വിജയിക്കാം..

മനസ്സുകൊണ്ട് നമ്മളെ തോല്പിക്കണേല്‍ ഇമ്മിണി പുളിക്കണം..!!

എനിക്ക് വേണ്ടത് എന്റെ ചങ്കുകളുടെ കണ്ണുനീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകള്‍ അല്ല..
പുഞ്ചിരിയില്‍ തെളിഞ്ഞ പ്രാര്‍ത്ഥനകളാണ്..

എല്ലാരോടും സ്‌നേഹം..
എല്ലാര്‍ക്കും ചക്കരയുമ്മ

NB : കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഓരോ നിമിഷവും വാക്കുകള്‍ കൊണ്ട് പറയാന്‍ കഴിയാത്ത അസഹനീയമായ വേദന എനിക്ക് കൂട്ടിനുണ്ട്..
കൂടാതെ ചുമയുമുണ്ട്..
ചുമക്കുമ്പോഴുള്ള വേദന ശരീരത്തിന് താങ്ങാവുന്നതിന് അപ്പുറമാണ്..
അതുകൊണ്ട് പൂര്‍ണ്ണമായും സംസാരിക്കാന്‍ പാടില്ല എന്ന കര്‍ശനമായ നിര്‍ദേശനം ഡോക്ടറുടെ അടുത്ത് നിന്നുമുണ്ട്..
വായ തുറക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്..
അതുകൊണ്ട് എന്റെ ഹൃദയങ്ങള്‍ വിളിച്ചാല്‍ എനിക്ക് സംസാരിക്കാന്‍ കഴിയില്ല..
അതാണ് എന്റെ ഏറ്റവും വലിയ സങ്കടം..

ഉറപ്പുതരുന്നു ഞാന്‍ തിരിച്ചു വരും !!!

സ്‌നേഹപൂര്‍വ്വം

നന്ദു മഹാദേവ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com