ഒരാഴ്ച മുന്‍പാണ് സബീഷ് വര്‍ഗീസ് എന്ന യുവാവിന് പേഴ്‌സ് കളഞ്ഞുപോകുന്നത്. ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷന് സമീപംവെച്ച്. വിലപിടിച്ച രേഖകളും പെന്‍ഡ്രൈവും പേഴ്‌സിലുണ്ടായിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച് പോസ്റ്റ് ഇടുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഒരാഴ്ച പിന്നിട്ടിട്ടും പേഴ്‌സ് ലഭിക്കാതായതോടെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് ഇരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞദിവസം ഒരു കൊറിയര്‍ സബീഷിനെ തേടിയെത്തി. നഷ്ടപ്പെട്ട രേഖകളും പെന്‍ഡ്രൈവുമെല്ലാം ആ കവറിലുണ്ടായിരുന്നു. ഒപ്പം ഒരു കത്തും. പേഴ്‌സ് വഴിയില്‍ കിടന്നു കിട്ടിയ കുട്ടിയുടെ അമ്മയുടേതായിരുന്നു കത്ത്.
മകന്‍ ചെയ്തു പോയ ചെറിയതെറ്റിന് ക്ഷമ ചോദിച്ചുകൊണ്ടുള്ളതായിരുന്നു കത്ത്. തന്റെ മകന്‍ പേഴ്‌സില്‍ നിന്ന് 100 രൂപ മിഠായി വാങ്ങാനായി എടുത്തെന്നും അവന്റെ തെറ്റ് പൊറുക്കണം എന്നുമാണ് കത്തില്‍ പറയുന്നത്. മകന്‍ എടുത്ത പണം തിരികെ വെച്ചിട്ടുണ്ടെന്നുമാണ് കത്തില്‍ കുറിച്ചിരിക്കുന്നത്.
സബീഷാണ് തന്റെ പേഴ്‌സ് തിരികെ ലഭിച്ചതിനെ കുറിച്ചും ഒപ്പമുണ്ടായിരുന്ന കത്തിനെക്കുറിച്ചും ഫേയ്‌സ്ബുക്കില്‍ കുറിപ്പിട്ടത്. വഴിയില്‍ നിന്ന് പേഴ്‌സ് കണ്ടെടുത്ത കുഞ്ഞ് കൂട്ടുകാരനും അത് അയച്ചുതരാന്‍ മനസുകാട്ടിയ അവന്റെ അമ്മയോടും പറഞ്ഞാല്‍ തീരാത്ത കടപ്പാടുണ്ടെന്നാണ് സബീഷ് കുറിച്ചത്. ഇത്രയും നല്ല മാതാപിതാക്കളുടെ മകനായി ജനിച്ച അവന്‍ നന്മയുടെ നല്ല മരമായി വളരുമെന്ന് ഉറപ്പാണ്. ആ കുഞ്ഞ് വലിയ തെറ്റാണ് ചെയ്തതെന്ന് ഓര്‍ത്ത് വിഷമിക്കരുത്. അവനെ ശിക്ഷിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത്. ഇനിയൊരിക്കലും അവനിത് ആവര്‍ത്തിക്കില്ല. സ്‌നേഹം കൊണ്ട് നമുക്കവനെ തിരുത്താമെന്നും സബീഷ് കുറിച്ചു.
ആ കുഞ്ഞിനെയും കുടുംബത്തേയും താനും കുടുംബവും സ്‌നേഹിക്കുന്നുണ്ടെന്നും അവരെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്. അവനു നല്‍കാന്‍ മിഠായിയും സമ്മാനപ്പൊതിയുമായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
സബീഷിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
പേഴ്സും തിരിച്ചറിയൽ രേഖകളും പെൻഡ്രൈവും
തിരികെ ലഭിച്ചു
എന്റെ പേഴ്സും വിലപിടിച്ച രേഖകളും നഷ്ടമായി എന്നറിഞ്ഞ് അവ തിരിച്ചു കിട്ടാൻ പ്രാർത്ഥിച്ചവർക്കും ഈ വാർത്ത സോഷ്യൽ മീഡിയായിൽ ഷെയർ ചെയ്തവർക്കും ഈ വാർത്ത പൊതു ജനങ്ങളെ അറിയിക്കാൻ മനസുകാട്ടിയ പ്രദേശിക പത്ര ദൃശ്യ ശ്രാവ്യ മാധ്യമങ്ങൾക്കും നെഞ്ചിനകത്തുനിന്ന് നന്ദി അറിയിക്കുന്നു.
കഴിഞ്ഞ തിങ്കളാഴിച്ച (17 - 6-19) വൈകുന്നേരമാണ് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്തുവച്ച് പേഴ്സ് നഷ്ടമായത്.
ഒരാഴ്ച പിന്നിടുമ്പോൾ എന്റെ സർവ്വപ്രതീക്ഷയും നഷ്ടമായിരുന്നു.
ഈ പേഴ്സ് വഴിയിൽ നിന്ന് കണ്ടെത്തിയ കുഞ്ഞ് കൂട്ടുകാരനും അത് അയച്ചു തരാൻ മനസുകാട്ടിയ അവന്റെ അമ്മയോടും പറഞ്ഞാൽ തീരാത്ത കടപ്പാട് അറിയിക്കുന്നു.
ആ കുഞ്ഞിനെ ഞാനും എന്റെ കുടുംബവും സ്നേഹിക്കുന്നു. അവനു വേണ്ടി ഞങ്ങൾ നിരന്തരം പ്രാർത്ഥിക്കുമെന്ന് ഉറപ്പ് നൽകുന്നു.
ഇത്രയും നല്ല മാതാപിതാക്കളുടെ മകനായി ജനിച്ച അവൻ നന്മയുടെ നല്ല മരമായി വളരുമെന്ന് ഉറപ്പാണ്.
പ്രിയ മാതാപിതാക്കളെ,
ആ കുഞ്ഞ് വലിയ തെറ്റാണ് ചെയ്തതെന്ന് ഓർത്ത് വിഷമിക്കരുത്. പ്രായത്തിന്റെ കുസൃതി കൊണ്ട് വഴിയിൽ കിടന്ന പേഴ്സ് അവനെടുത്തു.
ഇതിന്റെ പേരിൽ അവനെ ശിക്ഷിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത്. ഇനിയൊരിക്കലും അവനിത് ആവർത്തിക്കില്ല.
സ്നേഹം കൊണ്ട് നമുക്കവനെ തിരുത്താം.
തെറ്റുപറ്റുക മാനുഷികമാണ്.
തെറ്റുതിരുത്തി മുന്നേറുക എന്നതാണ് ദൈവീകം.
ദൈവപുത്രനായി ആ കുഞ്ഞ് വളരട്ടെ. സ്വാഭാവിക പ്രക്രിയ എന്ന നിലയിലാണ് പോലിസിൽ പരാതിപ്പെട്ടത്. നാളെ ( 26-6-19) തന്നെ പോലീസ് സ്റ്റേഷനിലെത്തി പേഴ്സ് പോസ്റ്റ ലായി തിരികെ ലഭിച്ചു എന്നറിയിക്കുകയും പരാതി പിൻവലിക്കുകയും ചെയ്യുമെന്ന് ഉറപ്പ് നൽകുന്നു.
ഞാനാവർത്തിക്കുന്നു ആ കുഞ്ഞിനേയും കുടുംബത്തേയും ഞങ്ങൾ സ്നേഹിക്കുന്നു. ആ കുടുംബത്തെ കാണാൻ ഞാനും എന്റെ കുടുംബവും ആഗ്രഹിക്കുന്നു. അവനു നൽകാൻ സമ്മാനപ്പൊതിയും മധുര പലഹാരങ്ങളുമായി ഞങ്ങൾ കാത്തിരിക്കുന്നു.
ഞങ്ങളുടെ ഉദ്ദേശ്യം ആത്മാർത്ഥമാ.ണെന്ന് തോന്നിയാൽ ദയവായി ഞങ്ങളെ ബന്ധപ്പെടൂ
സബീഷ് നെടുംപറമ്പിൽ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates