

ലണ്ടന്‍: സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കുന്നവരുടെ ജീവിത പശ്ചാത്തലങ്ങളും മെച്ചപ്പെട്ടതായിരിക്കുമെന്ന് ചിന്തിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാല്‍ അത് പൂര്‍ണമായും ശരിയല്ലെന്ന് തെളിയിക്കുന്നതാണ് മിസ് ഇംഗ്ലണ്ടായ ഭാഷാ മുഖര്‍ജിയുടെ ജീവിതകഥ. ജീവിതത്തില്‍ കടന്നുപോയ പ്രതിസന്ധിഘട്ടത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ഭാഷാ മുഖര്‍ജി.വര്‍ണവിവേചനത്തോട് പോരാടി, സാമ്പത്തിക പരാധീനതകളെ അതിജീവിച്ചാണ് ഇന്ത്യന്‍ വംശജയായ ഭാഷ മുഖര്‍ജി ഇംഗ്ലണ്ടിലെ സുന്ദരിപ്പട്ടം സ്വന്തമാക്കിയത്.
ഡെര്‍ബി സ്വദേശിയാണ് ഭാഷാ. പ്രതിസന്ധികാലത്ത് കുടുംബമൊന്നാകെ ഒരൊറ്റ മുറിയിലാണ് കഴിഞ്ഞിരുന്നത്. പലപ്പോഴും സ്‌കൂളില്‍ നിന്ന് കടുത്ത വര്‍ണവിവേചനം നേരിട്ടു. കുടിയേറ്റക്കാരി ആയതിന്റെ പേരിലും സൗന്ദര്യമില്ലെന്നുപറഞ്ഞും സഹപാഠികള്‍ കളിയാക്കിയെന്ന് ഭാഷ പറയുന്നു.
'കളിയാക്കലുകള്‍ പേടിച്ച് ശുചിമുറിയില്‍ പോയി ഉച്ചഭക്ഷണം കഴിക്കേണ്ടി വന്നിട്ടുണ്ട്. അത്തരം സാഹചര്യങ്ങളാണ് വായനയിലേക്ക് എന്നെ തിരിച്ചുവിട്ടത്. മിസ് ഇംഗ്ലണ്ട് മത്സരത്തിലുടനീളം മറ്റ് മത്സരാര്‍ഥികളെ സഹായിക്കാന്‍ പലരും ഉണ്ടായിരുന്നു. എന്നാല്‍ എന്റെ കാര്യങ്ങളെല്ലാം ഞാനൊറ്റക്കാണ് ചെയ്തത്. അവസാന ആറുപേരില്‍ എത്തിയപ്പോള്‍ ഇവിടെ വരെയെങ്കിലും എത്തിയല്ലോ എന്ന ആശ്വാസമായിരുന്നു'-ഭാഷ പറയുന്നു.
ഇന്ത്യയില്‍ ജനിച്ച ഭാഷ ഒന്‍പതാം വയസ്സിലാണ് കുടുംബത്തിനൊപ്പം ബ്രിട്ടനിലേക്ക് കുടിയേറിയത്. നോട്ടിങാം സര്‍വകലാശാലയില്‍ നിന്ന് മെഡിക്കല്‍ സയന്‍സസിലും മെഡിസിന്‍ ആന്‍ഡ് സര്‍ജറിയിലുമായി രണ്ട് ബിരുദവും ഭാഷ സ്വന്തമാക്കിയിട്ടുണ്ട്. ലോകസുന്ദരിപ്പട്ട മത്സരത്തില്‍ മാറ്റുരക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ഭാഷ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates