ആലപ്പുഴ: വായ്പാ തർക്കത്തെത്തുടർന്ന് ഇസാഫ് ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്ന് അതിക്രമവും അധിക്ഷേപവും നേരിട്ടെന്ന പരാതിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന വ്യാപാരിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴയിലെ ഇസാഫ് ബാങ്ക് ശാഖ പൂട്ടിച്ച് കോൺഗ്രസ് പ്രതിഷേധം. എഡി തോമസ് എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം . ജീവനക്കാരെ ബാങ്കിൽനിന്ന് പുറത്തിറക്കിയശേഷം പ്രവർത്തകർ ഷട്ടർ താഴ്ത്തി ബാങ്ക് അടപ്പിച്ചു.
വായ്പയുമായി ബന്ധപ്പെട്ട തർക്കത്തിനിടെ വ്യാപാരസ്ഥാപനത്തിൽ എത്തിയ ബാങ്ക് അധികൃതർ വ്യാപാരിയോട് അതിക്രമവും അപമര്യാദയുമായ പെരുമാറ്റവും നടത്തിയെന്നാണ് പ്രധാന പരാതി. സംഭവത്തിനുശേഷം കടുത്ത മാനസിക ബുദ്ധിമുട്ടും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട വ്യാപാരിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെത്തുടർന്ന് സ്ട്രോക്ക് വന്ന ഇദ്ദേഹം നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സംഭവത്തിൽ പ്രതിഷേധിച്ച് നേരത്തെ കോൺഗ്രസും ഡിവൈഎഫ്ഐയും അടക്കമുള്ള വിവിധ സംഘടനകൾ ഇസാഫ് ബാങ്കിന് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വ്യാപാരിക്ക് നീതി ലഭിച്ചശേഷം മാത്രമേ ബാങ്ക് പ്രവർത്തിക്കാവൂ എന്ന നിലപാടുമായി കോൺഗ്രസ് വീണ്ടും ബാങ്ക് പൂട്ടിച്ച് പ്രതിഷേധിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates