കെട്ടുവള്ളങ്ങളിൽ നിന്ന് ആഡംബര ഹൗസ് ബോട്ടുകളിലേക്ക്; ആലപ്പുഴയുടെ ടൂറിസം നേരിടുന്ന പ്രതിസന്ധികൾ

ഇന്ന് ഹൗസ് ബോട്ട് ദിനാചരണം
House boat
House boat
Updated on: 
2 min read

ആലപ്പുഴ: ഒരു കാലത്ത് കുട്ടനാട്ടിലെ നെൽപ്പാടങ്ങളിൽ വിളഞ്ഞ നെല്ലും മറ്റ് കാർഷിക ഉൽപ്പന്നങ്ങളും വിപണികളിലെത്തിച്ചിരുന്ന കെട്ടുവള്ളങ്ങൾ ഇന്ന് ആലപ്പുഴയുടെ ടൂറിസം മുഖമുദ്രയായ ഹൗസ് ബോട്ടുകളായി മാറിയിട്ട് പതിറ്റാണ്ടുകളാകുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സഞ്ചാരികളെ ആകർഷിക്കുന്ന ഈ ജലവിനോദസഞ്ചാര മേഖല കേരളത്തിന്റെ ടൂറിസം സമ്പദ്‌വ്യവസ്ഥയിലെ പ്രധാന അധ്യായമാണ്. ഹൗസ് ബോട്ട് ദിനമായി ആചരിക്കുന്ന ഇന്ന്, ഈ വ്യവസായത്തിന്റെ ചരിത്രവും സാധ്യതകളും ഒപ്പം കായൽ മലിനീകരണം, ബോട്ടുകളുടെ അമിതമായ എണ്ണം, രജിസ്ട്രേഷൻ തർക്കങ്ങൾ തുടങ്ങിയ ഗുരുതരമായ പ്രതിസന്ധികളും പ്രസക്തമായി ചർച്ച ചെയ്യപ്പെടുകയാണ്.

നെല്ലും അരിയും മറ്റ് കാർഷിക ഉൽപ്പന്നങ്ങളും കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന കെട്ടുവള്ളങ്ങളാണ് പിന്നീട് വിനോദസഞ്ചാരത്തിന് അനുയോജ്യമായ രീതിയിൽ മാറ്റിയെടുത്തത്. 1990-കളുടെ തുടക്കത്തിൽ ആലപ്പുഴയിലെ കായലുകളിൽ കെട്ടുവള്ളങ്ങളെ താമസസൗകര്യങ്ങളോടുകൂടിയ ബോട്ടുകളാക്കി മാറ്റാനുള്ള പരീക്ഷണങ്ങൾ ആരംഭിച്ചു. പരമ്പരാഗത കെട്ടുവള്ളത്തിന്റെ രൂപഭംഗി നിലനിർത്തിക്കൊണ്ട് ആധുനിക സൗകര്യങ്ങൾ കൂടി ഉൾപ്പെടുത്തിയതോടെ ഹൗസ് ബോട്ടുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചു.

ആലപ്പുഴയുടെ ടൂറിസം സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ഈ മേഖല ബോട്ട് ഉടമകൾ, ജീവനക്കാർ, പാചകത്തൊഴിലാളികൾ, മത്സ്യവ്യാപാരികൾ തുടങ്ങി ആയിരക്കണക്കിന് ആളുകൾക്ക് ഉപജീവനമാർഗമാണ് നൽകുന്നത്. അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ആലപ്പുഴയെ അടയാളപ്പെടുത്തുന്നതിലും ഹൗസ് ബോട്ടുകൾക്ക് വലിയ പങ്കുണ്ട്.

ഹൗസ് ബോട്ട് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട തർക്കങ്ങളിലൊന്നാണ് മറ്റു ജില്ലകളിലെ പോർട്ട് ഓഫീസുകളിൽ രജിസ്റ്റർ ചെയ്ത ബോട്ടുകൾ ആലപ്പുഴയിലെ കായലുകളിൽ സർവീസ് നടത്തുന്നത്. ആലപ്പുഴയിൽ പുതിയ ബോട്ടുകൾക്ക് രജിസ്ട്രേഷൻ നൽകുന്നത് 2013 മുതൽ നിയന്ത്രിച്ചതോടെ ചില സംരംഭകർ കൊടുങ്ങല്ലൂർ, കൊല്ലം തുടങ്ങിയ പോർട്ട് ഓഫീസുകളിൽ ബോട്ടുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇത് പ്രാദേശിക ബോട്ട് ഉടമകൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി.

House boat
House boat

ഈ വിഷയത്തിൽ കേരള മാരിടൈം ബോർഡിന്റെ പുതിയ ഉത്തരവ് പുതിയ വഴിത്തിരിവായിരിക്കുകയാണ്. മറ്റു ജില്ലകളിൽ രജിസ്റ്റർ ചെയ്ത ജലയാനങ്ങൾ സർവേ സർട്ടിഫിക്കറ്റിൽ നിർദേശിച്ചിട്ടുള്ള പ്രവർത്തനപരിധിക്കുള്ളിൽ മാത്രമേ സർവീസ് നടത്താവൂ എന്നും, ആലപ്പുഴയ്ക്ക് പുറത്ത് രജിസ്റ്റർ ചെയ്ത ബോട്ടുകൾ 15 ദിവസത്തിനകം ജില്ല വിട്ടുപോകണമെന്നുമാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.

ഹൗസ് ബോട്ട് മേഖലയിലെ പ്രശ്നങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ് മാരിടൈം ബോർഡിന്റെ പുതിയ പരിശോധനാ വിവരങ്ങൾ. വേമ്പനാട്ടുകായലിൽ ആകെ 2,263 ജലയാനങ്ങൾ സർവീസ് നടത്തുന്നതിൽ 1,368 എണ്ണം മാത്രമാണ് ആലപ്പുഴ പോർട്ട് ഓഫീസിൽ രജിസ്റ്റർ ചെയ്തവ. 234 എണ്ണം മറ്റു ജില്ലകളിലും, യാതൊരു രജിസ്ട്രേഷനുമില്ലാത്ത 661 ജലയാനങ്ങൾ വേമ്പനാട്ടുകായലിൽ സർവീസ് നടത്തുന്നതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ, കായലിന്റെ വാഹകശേഷിയേക്കാൾ കൂടുതലായി ബോട്ടുകൾ സർവീസ് നടത്തുന്നത് കായൽ മലിനീകരണം, ജൈവവൈവിധ്യത്തിന്റെ നാശം തുടങ്ങിയ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ബോട്ടുകളിൽ ശാസ്ത്രീയമായ മലിനജല സംസ്കരണ സംവിധാനങ്ങൾ ഉറപ്പാക്കേണ്ടതും അനിവാര്യമാണ്.

പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും കുട്ടനാടിന്റെ ഗ്രാമീണ ജീവിതവും കാർഷിക പൈതൃകവും ഭക്ഷണസംസ്കാരവും ഉൾപ്പെടുത്തിയ സമഗ്ര ടൂറിസം പാക്കേജുകൾ വികസിപ്പിച്ചാൽ ഹൗസ് ബോട്ട് ടൂറിസത്തിന് ഇനിയും വലിയ ഉയരങ്ങളിലെത്താൻ സാധിക്കും. കായലിനെ സംരക്ഷിച്ചുകൊണ്ടുള്ള ഉത്തരവാദിത്ത ടൂറിസത്തിലൂടെ മാത്രമേ ഈ പൈതൃകം വരുംതലമുറയ്ക്കും കൈമാറാൻ സാധിക്കൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER