ആലപ്പുഴ: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള തീരദേശ നഗരങ്ങളുടെ പട്ടികയിൽ ആലപ്പുഴയ്ക്ക് രണ്ടാം സ്ഥാനം. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം പ്രഖ്യാപിച്ച സ്വച്ഛ് സർവേക്ഷൻ 2025-26 പുരസ്കാരങ്ങളിലാണ് ആലപ്പുഴ ദേശീയതലത്തിൽ ഈ നേട്ടം സ്വന്തമാക്കിയത്. ഒഡിഷയിലെ പുരി ഒന്നാം സ്ഥാനം നേടിയപ്പോൾ, മഹാരാഷ്ട്രയിലെ രത്നഗിരിയാണ് മൂന്നാം സ്ഥാനത്തെത്തിയത്. വിനോദസഞ്ചാരത്തിനും കായൽ-കടൽ തീരങ്ങൾക്കും പേരുകേട്ട ആലപ്പുഴയ്ക്ക് ലഭിച്ച ഈ അംഗീകാരം ജില്ലയ്ക്ക് വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.
സ്വച്ഛ് സർവേക്ഷന്റെ പത്താം പതിപ്പിൽ ആദ്യമായാണ് തീരദേശ നഗരങ്ങൾക്കായി പ്രത്യേക വിഭാഗം ഏർപ്പെടുത്തിയത്. 50,000 മുതൽ മൂന്ന് ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളെയാണ് ഈ വിഭാഗത്തിൽ പരിഗണിച്ചത്. തീരദേശ ശുചിത്വം, മാലിന്യസംസ്കരണം, പൊതുസ്ഥലങ്ങളുടെ പരിപാലനം, ശുചിത്വ സൗകര്യങ്ങൾ എന്നിവ വിലയിരുത്തിയാണ് പുരസ്കാരം നിർണയിച്ചത്. ഉറവിടത്തിലെ മാലിന്യ ശേഖരണം, ശാസ്ത്രീയ സംസ്കരണം, പൊതുജന പങ്കാളിത്തം ഉൾപ്പെടെ 43 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കേരളത്തിന് മറ്റൊരു അഭിമാനകരമായ നേട്ടമായി കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭയെ സംസ്ഥാനത്തെ മികച്ച ശുചിത്വ നഗരമായി തിരഞ്ഞെടുത്തു. നവംബർ 11-ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരങ്ങൾ വിതരണം ചെയ്തു. രാജ്യത്തെ 4,751 നഗരങ്ങളെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ ആകെ 60 ദേശീയ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates