ചക്കുളത്തുകാവിൽ ഭക്തിസാന്ദ്രമായി പൊങ്കാല സമർപ്പണം; പമ്പയുടെ തീരത്ത് ലക്ഷങ്ങളുടെ മഹാസംഗമം

ശ്രീകോവിലിലെ കെടാവിളക്കിൽ നിന്ന് മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പണ്ടാര പൊങ്കാല അടുപ്പിൽ അഗ്നി പകർന്നതോടെ പൊങ്കാല സമർപ്പണത്തിന് തുടക്കമായി
Chakkulathukavu Pongala
Chakkulathukavu Pongala
Edited By:
Updated on: 
2 min read

ചക്കുളത്തുകാവ്: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണം ഭക്തിസാന്ദ്രമായി നടന്നു. വൃശ്ചിക മാസത്തിലെ തൃക്കാർത്തിക പുലരിയിൽ പുണ്യനദിയായ പമ്പയുടെ തീരവും കിലോമീറ്ററുകൾ ചുറ്റളവിലുള്ള പ്രദേശങ്ങളും അക്ഷരാർത്ഥത്തിൽ മഹായാഗഭൂമിയായി മാറി.

നാവിൽ ദേവീസ്തുതികളും കയ്യിൽ പൂജാദ്രവ്യങ്ങളുമായി എത്തിയ ലക്ഷക്കണക്കിന് ഭക്തരാണ് മധ്യതിരുവിതാംകൂറിലെ ഈ മഹാസംഗമത്തിന് സാക്ഷ്യം വഹിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി എത്തിയ തീർത്ഥാടകരിൽ തിരുവനന്തപുരം, കൊല്ലം, തൃശൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ നിന്നുള്ളവർ രണ്ട് ദിവസം മുൻപുതന്നെ ക്ഷേത്രത്തിലെത്തി പൂജകളിൽ പങ്കെടുത്തിരുന്നു.

ചക്കുളത്തുകാവ് പൊങ്കാല
ചക്കുളത്തുകാവ് പൊങ്കാല

പണ്ടാര അടുപ്പിൽ തീ പകർന്നു

പുലർച്ചെ നാലിന് നിർമ്മാല്യ ദർശനത്തിന് ശേഷം അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായത്. രാവിലെ ഒൻപതിന് വിളിച്ചുചൊല്ലി പ്രാർത്ഥന നടന്നു. തുടർന്ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ശ്രീകോവിലിൽ നിന്ന് ദേവിയെ മൂലബിംബത്തിലേക്ക് ആവാഹിച്ച് പുറത്തേക്ക് എഴുന്നള്ളിച്ചു.

ശ്രീകോവിലിലെ കെടാവിളക്കിൽ നിന്ന് മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പണ്ടാര പൊങ്കാല അടുപ്പിൽ അഗ്നി പകർന്നതോടെ പൊങ്കാല സമർപ്പണത്തിന് തുടക്കമായി. പണ്ടാര അടുപ്പിൽ നിന്ന് പകർന്നെടുത്ത അഗ്നി ദേവീകീർത്തനങ്ങളോടെ ഭക്തർ തങ്ങളുടെ പൊങ്കാല അടുപ്പുകളിലേക്ക് കൈമാറി. മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.

51 ജീവതകളിലായി പൊങ്കാല നിവേദ്യം

ചെമ്പട്ട് ചാർത്തി വർണ്ണഹാരമണിഞ്ഞ് സർവ്വാഭരണ വിഭൂഷിതയായി ശ്രീലകത്ത് വിളങ്ങുന്ന ദേവിക്ക് അരി, കദളിപ്പഴം, ശർക്കര, ഏലയ്ക്ക, മുന്തിരി എന്നിവ ചേർത്തൊരുക്കിയ നിവേദ്യമാണ് ഭക്തർ സമർപ്പിച്ചത്. നേദ്യമധുരം പോലെ ജീവിതവും മധുരമാകുമെന്ന വിശ്വാസത്തോടെ കുളിച്ച് ഈറനായി പൊങ്കാലക്കലങ്ങൾക്ക് മുൻപിൽ കാത്തുനിന്ന ഭക്തർക്ക് 11 മണിയോടെ സായൂജ്യ നിമിഷമെത്തി.

അഞ്ഞൂറിലധികം വേദപണ്ഡിതന്മാരുടെ മുഖ്യകാർമ്മികത്വത്തിൽ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിച്ചു. തുടർന്ന് പ്രസിദ്ധമായ ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടന്നു. ചടങ്ങുകൾ പൂർത്തിയാക്കി മടങ്ങിയ ഭക്തർ ഇനി അടുത്ത പൊങ്കാലയ്ക്കുള്ള കാത്തിരിപ്പിലാണ്.

Chakkulathukavu Pongala 2026
Chakkulathukavu Pongala 2026

പൊങ്കാലയ്ക്ക് മുന്നോടിയായി നടന്ന ഭക്തജനസംഗമം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ റെജി ചെറിയാൻ എംഎൽഎ ആമുഖപ്രഭാഷണം നടത്തി. കൊടിക്കുന്നിൽ സുരേഷ് എംപി പൊങ്കാല സന്ദേശവും മാന്നാർ അബ്ദുൾ ലത്തീഫ് മുഖ്യപ്രഭാഷണവും നിർവ്വഹിച്ചു.

Summary

Lakhs of devotees gathered along the banks of the Pampa River and surrounding areas on Tuesday to offer Pongala at the renowned Chakkulathukavu Sree Bhagavathy Temple on the auspicious occasion of Trikarthika in the Malayalam month of Vrischikam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER