ഒരു ദിവസം രണ്ട് രക്ഷാപ്രവർത്തനങ്ങൾ; കടലിൽ അപകടത്തിൽപ്പെട്ട 29 മത്സ്യത്തൊഴിലാളികൾക്ക് തുണയായി ഫിഷറീസ് പട്രോൾ ബോട്ട്

യന്ത്രത്തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയ ബോട്ടിനെയും തിരയിൽപ്പെട്ട് കമിഴ്ന്ന മത്സ്യബന്ധന യാനത്തെയുമാണ് ഫിഷറീസ് പട്രോൾ സംഘം സാഹസികമായി രക്ഷപ്പെടുത്തി കരയിലെത്തിച്ചത്
Fisheries Patrol Boat Rescues 29 Fishermen
Fisheries Patrol Boat Rescues 29 Fishermen
Edited By:
Updated on: 
1 min read

ആലപ്പുഴ: കടലിൽ ഒരേ ദിവസം രണ്ട് വ്യത്യസ്ത അപകടങ്ങളിൽപ്പെട്ട രണ്ട് മത്സ്യബന്ധന ബോട്ടുകളെയും 29 മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി മാതൃകയായി തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷന്റെ പട്രോൾ ബോട്ട്. യന്ത്രത്തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയ ബോട്ടിനെയും തിരയിൽപ്പെട്ട് കമിഴ്ന്ന മത്സ്യബന്ധന യാനത്തെയുമാണ് ഫിഷറീസ് പട്രോൾ സംഘം സാഹസികമായി രക്ഷപ്പെടുത്തി കരയിലെത്തിച്ചത്.

വ്യാഴാഴ്ച രാവിലെ 9.38-നാണ് ആദ്യ രക്ഷാപ്രവർത്തനത്തിനായി പട്രോൾ ബോട്ട് പുറപ്പെട്ടത്. യന്ത്രത്തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയ IND KL 02 MM 3950 രജിസ്ട്രേഷൻ നമ്പറിലുള്ള 'നടേശ' എന്ന മത്സ്യബന്ധന ബോട്ടും അതിലുണ്ടായിരുന്ന 10 തൊഴിലാളികളെയുമാണ് സംഘം രക്ഷപ്പെടുത്തിയത്. തുടർന്ന് ബോട്ടിനെയും തൊഴിലാളികളെയും സുരക്ഷിതമായി കെട്ടിവലിച്ച് കൊണ്ടുപോയി നീണ്ടകര ഫിഷറീസ് പൊലീസ് ബോട്ടിന് കൈമാറി. രക്ഷാപ്രവർത്തനം പൂർത്തിയാക്കി പട്രോൾ ബോട്ട് വൈകിട്ട് 3.40-ഓടെ തോട്ടപ്പള്ളിയിൽ തിരിച്ചെത്തി.

വൈകിട്ട് 5.30-ഓടെയായിരുന്നു രണ്ടാമത്തെ അപകടം. പല്ലനയുടെ പടിഞ്ഞാറ് ഭാഗത്ത് മത്സ്യബന്ധനത്തിനിടെ നവരക്കൽ പുതുവൽ വീട്ടിൽ മധുവിന്റെ ഉടമസ്ഥതയിലുള്ള 'ഹരേ രാമ' എന്ന മത്സ്യബന്ധന യാനം 19 തൊഴിലാളികളുമായി കടലിൽ കമിഴുകയായിരുന്നു. വിവരം ലഭിച്ചയുടൻ തോട്ടപ്പള്ളി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം പട്രോൾ ബോട്ട് വീണ്ടും രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടു. രാത്രി 6.50-ഓടെ അപകടസ്ഥലത്തെത്തിയ സംഘം 19 തൊഴിലാളികളും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തി.

തുടർന്ന് കടലിൽ കമിഴ്ന്ന യാനവും അനുബന്ധ ഉപകരണങ്ങളും രണ്ട് മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിൽ രാത്രി ഒമ്പത് മണിയോടെ സുരക്ഷിതമായി തോട്ടപ്പള്ളി ഹാർബറിൽ എത്തിച്ചു. സിപിഒ. അരുൺ, ലൈഫ് ഗാർഡുമാരായ എം ജോർജ്, ആർ ജയൻ , സ്രാങ്ക്, ഡ്രൈവർ എന്നിവരടങ്ങിയ സംഘമാണ് രണ്ട് ദൗത്യങ്ങളിലും പങ്കെടുത്തത്.

Summary

In two separate rescue operations on the same day, the Thottappally Fisheries Station patrol boat in Alappuzha safely rescued 29 fishermen and recovered two distressed fishing vessels—one stranded due to engine failure and another that capsized off Pallana.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER