

കൊച്ചി: പഠനത്തോടൊപ്പം സ്വന്തം കാലിൽ നിൽക്കണമെന്ന നിശ്ചയദാർഢ്യവുമായി വൈകുന്നേരങ്ങളിൽ ഡെലിവറി ജോലിക്കിറങ്ങിയിരുന്ന 19-കാരൻ അഭിനവ് സുനിലിന്റെ സ്വപ്നങ്ങളാണ് ശനിയാഴ്ച രാത്രി ഇടപ്പള്ളി കൂനംതൈയിലുണ്ടായ വാഹനാപകടത്തിൽ പാതിവഴിയിൽ പൊലിഞ്ഞത്. ഏലൂർ ഈസ്റ്റ് സ്വദേശിയായ അഭിനവിന്റെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തുമ്പോൾ, സ്വന്തം അധ്വാനത്തിലൂടെ ജീവിതം കെട്ടിപ്പടുക്കാൻ ആഗ്രഹിച്ചിരുന്ന ആ ചെറുപ്പക്കാരന്റെ ഓർമ്മകളിലാണ് കുടുംബവും അയൽക്കാരും.
മാറമ്പള്ളി എംഇഎസ് കോളേജിലെ ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെന്റ്സ് ആൻഡ് ഓട്ടോമേഷൻ രണ്ടാം വർഷ ബി.വോക് വിദ്യാർത്ഥിയായിരുന്ന അഭിനവ്, കോളേജ് വിട്ട ശേഷം എല്ലാ ദിവസവും വൈകുന്നേരം ആറ് മണി മുതൽ രാത്രി 10.30 വരെ സെപ്റ്റോയിൽപാർട്ട് ടൈം ഡെലിവറി എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്നു. പഠനത്തിനൊപ്പം സ്വന്തമായി വരുമാനം കണ്ടെത്തുക എന്നതായിരുന്നു അവന്റെ ലക്ഷ്യം.
വീട്ടിലെ സാമ്പത്തിക പ്രയാസങ്ങൾ കൊണ്ടല്ല അഭിനവ് ഡെലിവറി ജോലി തിരഞ്ഞെടുത്തതെന്ന് അയൽവാസിയായ നിസാർ പറയുന്നു. "കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകളുള്ളതുകൊണ്ടല്ല അവൻ ജോലിക്ക് പോയിരുന്നത്. പിതാവ് സുനിൽ ഒരു വർക്ക്ഷോപ്പിലാണ് ജോലി ചെയ്യുന്നത്, അമ്മ ശാന്തി താൽക്കാലിക അധ്യാപികയാണ്. സ്വന്തമായി സമ്പാദിക്കണമെന്നും സ്വതന്ത്രനാകണമെന്നും അവന് വലിയ ആഗ്രഹമുണ്ടായിരുന്നു. കോളജ് കഴിഞ്ഞാൽ വൈകുന്നേരങ്ങളിൽ ഡെലിവറിക്ക് പോയി രാത്രിയോടെ വീട്ടിൽ തിരിച്ചെത്തുകയായിരുന്നു പതിവ്," നിസാർ ഓർക്കുന്നു.
സുനിലിന്റെയും ശാന്തിയുടെയും രണ്ട് ആൺമക്കളിൽ മൂത്തയാളായിരുന്നു അഭിനവ്. ഇളയ സഹോദരൻ അനുഗ്രഹ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഏതാനും മാസം മുൻപാണ് അഭിനവ് പാർട്ട് ടൈം ഡെലിവറി ജോലിയിലേക്ക് തിരിഞ്ഞതെങ്കിലും അത് അവന്റെ ദിനചര്യയുടെ ഭാഗമായി മാറിയിരുന്നു. ഒരു വർഷം മുൻപ് വീട്ടുകാർ വാങ്ങി നൽകിയ സ്വന്തം ബൈക്കിലായിരുന്നു അവൻ ജോലിക്ക് പോയിരുന്നത്.
അഭിനവിന്റെ സ്വന്തം മൊബൈൽ ഫോണിൽ നിന്ന് വന്ന ഒരു അപ്രതീക്ഷിത കോളിലൂടെയാണ് അപകടവിവരം കുടുംബം അറിഞ്ഞത്. "അഭിനവിന്റെ ഫോണിൽ നിന്നാണ് കോൾ വന്നതെങ്കിലും മറുതലയ്ക്കൽ അപരിചിതമായ ശബ്ദമായിരുന്നു," നിസാർ പറയുന്നു. നിസാറിന്റെ മകനാണ് ഫോൺ എടുത്തത്. അഭിനവിന് അപകടം സംഭവിച്ചതായും ഗുരുതരമായി പരിക്കേറ്റതായും വിളിച്ചയാൾ അറിയിച്ചു. അപകടസ്ഥലത്ത് വീണുകിടന്ന ഫോൺ എടുത്ത വഴിയാത്രക്കാരൻ കോൾ ഹിസ്റ്ററിയിലെ അവസാന നമ്പറിലേക്ക് വിളിക്കുകയായിരുന്നു. വാഹനങ്ങൾ കടന്നുപോകുന്നതിന്റെ ശബ്ദത്തിനിടയിലൂടെയാണ് ആ അപരിചിതൻ വിവരം കൈമാറിയത്.
ഫോൺ കോൾ ലഭിച്ചയുടൻ നിസാറിന്റെ മകൻ അപകടസ്ഥലത്തേക്ക് കുതിച്ചു. വിവരം അഭിനവിന്റെ പിതാവ് സുനിലിനെ അറിയിച്ച ശേഷം നിസാറും സ്ഥലത്തേക്ക് പുറപ്പെട്ടു. എന്നാൽ അവർ എത്തുമ്പോഴേക്കും അഭിനവിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പഠനത്തിനൊപ്പം സ്വന്തം കാലിൽ നിൽക്കാൻ കൊതിച്ച ആ 19-കാരൻ അപ്പോഴേക്കും വിധിക്ക് കീഴടങ്ങിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates