'ഹിൽ ഹൈവേ റൺ' ആകെ ചെലവ് 91.35 ലക്ഷം രൂപ; മിലിന്ദ് സോമൻ പ്രതിഫലം കൈപ്പറ്റിയില്ലെന്ന് വിവരാവകാശ രേഖ

കിഫ്ബിയിൽ നിന്ന് പണം ചെലവിട്ടത് സർക്കാർ ഏജൻസി; 2026 ഫെബ്രുവരിയിൽ നടന്ന കൂട്ടയോട്ടത്തിന്റെ കണക്കുകൾ പുറത്ത്
Hill Highway Run
Hill Highway Run
Edited By:
Updated on
1 min read

ഇടുക്കി: മലയോര ഹൈവേയുടെ കുട്ടിക്കാനം-കട്ടപ്പന പാതയുടെ നിർമ്മാണ പൂർത്തീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഹിൽ ഹൈവേ റൺ' കൂട്ടയോട്ടത്തിന് ആകെ ചെലവായത് 91,35,000 (91.35 ലക്ഷം) രൂപ. പരിപാടിയുടെ ചെലവുകൾ സംബന്ധിച്ച് കാസർകോട് സ്വദേശിയായ മുഹമ്മദ് അഷ്റഫിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. കിഫ്ബിയിൽ നിന്നാണ് പരിപാടിക്കുള്ള തുക പൂർണ്ണമായി ചെലവിട്ടത്. പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രശസ്ത ബോളിവുഡ് താരവും ദീർഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമൻ ഇതിനായി യാതൊരു പ്രതിഫലവും കൈപ്പറ്റിയിട്ടില്ലെന്നും രേഖകൾ വ്യക്തമാക്കുന്നു.

സംഘാടനം സർക്കാർ ഏജൻസി; ഫ്ലാഗ് ഓഫ് ചെയ്തത് മന്ത്രി

'ആർട്ടിസാൻസ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്' എന്ന സർക്കാർ ഏജൻസിയാണ് കൂട്ടയോട്ടത്തിന്റെ സംഘാടനം നിർവ്വഹിച്ചത്. 2026 ഫെബ്രുവരി 22-നായിരുന്നു മലയോര മേഖലയെ ആവേശത്തിലാഴ്ത്തിയ കൂട്ടയോട്ടം സംഘടിപ്പിച്ചത്. പീരുമേട് - ദേവികുളം മലയോര ഹൈവേയുടെ ഭാഗമായ കുട്ടിക്കാനം-കട്ടപ്പന പാത 203.36 കോടി രൂപ ചെലവിട്ടാണ് പൂർത്തീകരിച്ചത്. കുട്ടിക്കാനം മരിയൻ കോളജ് ഗ്രൗണ്ടിൽ വെച്ച് അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്ത കൂട്ടയോട്ടം ചപ്പാത്തിലാണ് സമാപിച്ചത്.

അണിനിരന്നത് ആയിരങ്ങൾ

ഹൈവേയുടെ മികച്ച ഗുണനിലവാരവും മലനാടിന്റെ പ്രകൃതിസൗന്ദര്യവും വിളിച്ചോതിക്കൊണ്ട് സംഘടിപ്പിച്ച 20 കിലോമീറ്റർ ദൂരമുള്ള ഓട്ടത്തിന് മിലിന്ദ് സോമനാണ് നേതൃത്വം നൽകിയത്. മിലിന്ദ് സോമനൊപ്പം വനിതാ ബൈക്ക് റൈഡർമാർ, റോളർ സ്കേറ്റിംഗ് താരങ്ങൾ, സൈക്ലിംഗ് താരങ്ങൾ, ബുള്ളറ്റ് റൈഡർമാർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി ആളുകൾ ഹിൽ ഹൈവേ റണ്ണിൽ പങ്കെടുത്തു.

Summary

According to an RTI reply, a total of Rs 91.35 lakh was spent from KIFBI for the 'Hill Highway Run' organized on the Kuttikkanam-Kattappana stretch in Idukki, while actor Milind Soman participated without taking any remuneration.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com