ഇടമലക്കുടിയിൽ വീണ്ടും ദുരിതയാത്ര: പനി ബാധിച്ച 50-കാരനെ കമ്പിൽ തുണി കെട്ടി ചുമന്നത് നാല് കിലോമീറ്റർ

വികസനം കടക്കാത്ത ഇടമലക്കുടി; ദുരിതമൊഴിയാതെ ആദിവാസി ജനത
Idamalakudy Patient Stretcher
Idamalakudy Patient Stretcher
Edited By:
Updated on: 
1 min read

ഇടുക്കി: അടിസ്ഥാന റോഡ് സൗകര്യങ്ങളുടെയും ചികിത്സാ സംവിധാനങ്ങളുടെയും അഭാവം മൂലം ഇടമലക്കുടിയിലെ ആദിവാസി കുടികളിൽ വീണ്ടും ദുരിതയാത്ര. കടുത്ത പനി ബാധിച്ച് അവശനായ അൻപതുകാരനെ ആശുപത്രിയിലെത്തിക്കാൻ പ്രദേശവാസികൾ കമ്പിൽ തുണി കെട്ടി കാട്ടുപാതയിലൂടെ ചുമന്നത് നാല് കിലോമീറ്ററോളം ദൂരം. ഇടമലക്കുടി കൂടല്ലാർകുടി സ്വദേശിയായ അശോകനെയാണ് (50) ഈ രീതിയിൽ ചുമന്ന് പ്രധാന പാതയിലെത്തിച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത പനി ബാധിച്ച് അശോകന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും കുടിയിലേക്ക് വാഹനങ്ങൾക്ക് എത്തിച്ചേരാനുള്ള റോഡ് സൗകര്യങ്ങളില്ലാത്തത് തിരിച്ചടിയായി. ഇതോടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് നീളമുള്ള കമ്പിൽ തുണി കെട്ടി അതിൽ രോഗിയെ കിടത്തി കാൽനടയായി ചുമക്കുകയായിരുന്നു.

കൂടല്ലാർകുടിയിൽ നിന്നും കാട്ടുപാതകളിലൂടെ നാല് കിലോമീറ്ററോളം സാഹസികമായി സഞ്ചരിച്ചാണ് സംഘം രോഗിയെ ആനക്കുളത്ത് എത്തിച്ചത്. തുടർന്ന് അവിടെ മുൻകൂട്ടി ക്രമീകരിച്ചിരുന്ന വാഹനത്തിൽ കയറ്റി അടിമാലിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ഇയാൾ ചികിത്സയിലാണ്

സംസ്ഥാനത്തെ ആദ്യത്തെ ഗോത്രവർഗ്ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയിലെ ഉൾപ്രദേശങ്ങളിൽ അടിയന്തര വൈദ്യസഹായം ആവശ്യമായി വരുമ്പോൾ രോഗികളെയും ഗർഭിണികളെയും തുണിമഞ്ചലിൽ ചുമന്ന് കിലോമീറ്ററുകൾ താണ്ടേണ്ടി വരുന്നത് പതിവ് കാഴ്ചയായി മാറുകയാണ്. ഓരോ തിരഞ്ഞെടുപ്പിലും സർക്കാരുകൾ റോഡ് വികസനവും ആരോഗ്യ കേന്ദ്രങ്ങളും വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും ഉൾവനങ്ങളിലെ കുടികളിലേക്ക് റോഡ് യാഥാർത്ഥ്യമാക്കാനോ ശാശ്വത പരിഹാരം കാണാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. മഴക്കാലത്ത് വന്യമൃഗശല്യം നിലനിൽക്കുന്ന ദുർഘടമായ കാട്ടുപാതയിലൂടെയുള്ള ഇത്തരം യാത്രകൾ രോഗികളുടെ ജീവന് പോലും കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്.

Summary

Highlighting the enduring lack of basic road infrastructure and healthcare access in the remote tribal hamlets of Idukki, a 50-year-old patient from Idamalakudy had to be carried on a makeshift sling stretcher (manjal) through dense forest tracks for nearly four kilometres to reach medical care

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER