ഇടുക്കി: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ ഇടമലക്കുടിയിൽ മണലിയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് പഞ്ചായത്തിലെ മൂന്ന് കുടികൾ പൂർണ്ണമായും ഒറ്റപ്പെട്ടു. നെൽമണൽ കുടി, മൊളകുതറ കുടി, ഈത്തപ്പൻ കുടി എന്നീ കുടികളാണ് മണലിയാർ കരകവിഞ്ഞതോടെ ഒറ്റപ്പെട്ടത്.അടിയന്തര ആവശ്യങ്ങൾക്കും സാധനങ്ങൾ വാങ്ങുന്നതിനുമായി തമിഴ്‌നാട്ടിലെ വാൽപ്പാറ മേഖലയെ ആശ്രയിച്ചിരുന്ന കുടിനിവാസികൾ, പുഴ കവിഞ്ഞൊഴുകിയതോടെ മറുകര കടക്കാനാകാത്ത അവസ്ഥയിലാണ്.
കനത്ത മഴയെ തുടർന്ന് അടിമാലി 14-ാം മൈലിന് സമീപം വൻതോതിൽ മണ്ണിടിഞ്ഞുവീണു. ഇതോടെ കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. റോഡിലെ മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ഇടുക്കി ഡാമിന്റെ ഡൈവേർഷൻ ഡാമുകളായ കല്ലാറിലും ഇരട്ടയാറിലും ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നു. ഇരട്ടയാർ ഡാമിൽ ജലനിരപ്പ് റെഡ് അലർട്ട് പരിധിയിലെത്തി. കല്ലാർ ഡാമിലെ ജലനിരപ്പും റെഡ് അലർട്ടിലേക്ക് ഉയരുകയാണ്.നിലവിൽ ഇരട്ടയാർ ഡാമിൽ 748.89 മീറ്ററും കല്ലാർ ഡാമിൽ 822.8 മീറ്ററുമാണ് ജലനിരപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്നതിനാൽ നദിക്കരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.