

കട്ടപ്പന: പൊലീസ് ചമഞ്ഞ് ഇതരസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ നാലംഗ സംഘം ഇടുക്കിയിൽ പിടിയിലായി. കട്ടപ്പന ബെവ്കോ ഔട്ട്‍ലെറ്റ് കേന്ദ്രീകരിച്ച് സ്ഥിരമായി തട്ടിപ്പ് നടത്തിവന്നിരുന്ന സംഘത്തെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. കട്ടപ്പന സ്വദേശികളായ സുധീഷ്, പ്രമോദ്, ഹരി, വലിയ തോവാള മന്നാകുടി സ്വദേശി സുധീഷ് എന്നിവരാണ് പിടിയിലായത്.
കട്ടപ്പനയിലെ സർക്കാർ മദ്യവിൽപ്പന ശാലയിൽ (ബെവ്കോ) എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളെയാണ് സംഘം പ്രധാനമായും ഇരയാക്കിയിരുന്നത്. മദ്യം വാങ്ങാനെത്തുന്ന തൊഴിലാളികളെ തടഞ്ഞുനിർത്തി തങ്ങൾ പൊലീസാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയുമായിരുന്നു ഇവരുടെ രീതി.
കഴിഞ്ഞ ദിവസം മദ്യശാലയിൽ എത്തിയ ജാർഖണ്ഡ് സ്വദേശികളായ ബിസോണ മുർമു, ബെനഡിക്ട് സോറൻ എന്നിവരെ തടഞ്ഞുനിർത്തി സംഘം പണം തട്ടിയിരുന്നു. ഇവരിൽ നിന്ന് 3,500 രൂപ വീതം ആകെ 7,000 രൂപയാണ് സംഘം കൈക്കലാക്കിയത്. തൊഴിലാളികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. പ്രതികളിൽ നിന്ന് തട്ടിയെടുത്ത 7,000 രൂപ പൊലീസ് കണ്ടെടുത്തു. സംഘം സമാനമായ രീതിയിൽ കൂടുതൽ പേരിൽ നിന്ന് പണം തട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates